Categories
Kerala news

വയനാട് ഉരുള്‍പൊട്ടല്‍; ദുരന്തത്തിൽ വിറങ്ങലിച്ച് നാട്

വയനാട് : വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. മരണം 43 ആയി. മരണ സംഖ്യ കൂടാൻ സാധ്യത. രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ട നിലയിലാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് രക്ഷാദൗത്യത്തിന് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വളരെ ഭയാനകമായ ​ദുരന്തമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. വീടുകളും വാഹനങ്ങളും ഉരുൾപൊട്ടലിൽ ഒലിച്ചുപോയിട്ടുണ്ട്. പുഴയിൽ മൃതശരീരങ്ങൾ ഒഴുകിപ്പോകുന്ന ഭീകരമായ അവസ്ഥയാണ് ഇവിടുള്ളത്. മുണ്ടക്കൈയിൽ രക്ഷാപ്രവർത്തകരുൾപ്പെടെ നിരവധി പേരാണ് ഒറ്റപ്പെട്ടുപോയിരിക്കുന്നത്. സഹായം പ്രതീക്ഷിച്ച് നിരവധി മനുഷ്യരാണ് ഇവിടെയുള്ളത്. രക്ഷാദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിച്ച് ഇവിടെ കനത്ത മഴ തുടരുന്നു.

വയനാട് ചൂരൽമല ദുരന്ത ബാധിത പ്രദേശത്ത്‌ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ആർ.ഡി മേഘശ്രീ. എൻ.ഡി.ആർ.എഫ്‌, ഫയർ ഫോഴ്സ്‌, പൊലീസ്‌, വനം വകുപ്പ്‌, റവന്യൂ വകുപ്പ്‌, തദ്ദേശ സ്വയം ഭരണ വകുപ്പ്‌ എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്‌. സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ പ്രവർത്തകരും പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുന്നുണ്ട്‌. രക്ഷാപ്രവർത്തനത്തിന്‌ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായും ജില്ലാ കളക്ടർ അറിയിച്ചു. വയനാട്ടിലേക്ക് കരസേന,നാവികസേന,വ്യോമസേന സംഘം എത്തും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *