Categories
channelrb special Kerala news

ഓണ്‍ലൈന്‍ കെണിയില്‍ കുടുങ്ങി പലര്‍ക്കും നഷ്ടമായത് ലക്ഷങ്ങള്‍; പുതിയ തട്ടിപ്പുകളെ കരുതിയിരിക്കണം

പല തട്ടിപ്പുകള്‍ക്ക് പിന്നിലും പ്രവര്‍ത്തിക്കുന്നത് രാജ്യാന്തര ബന്ധമുള്ള സംഘമാണെന്നാണ്
പൊലീസ്

കാസർകോട്: ഓണ്‍ലൈന്‍ പരസ്യത്തിലൂടെയും മറ്റുമുള്ള മോഹന വാഗ്‌ദാനങ്ങളിലെ കെണിയില്‍ വീണ് പണം നഷ്ടമാകുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. സാധാരണക്കാര്‍ മുതല്‍ ഉയര്‍ന്ന വിദ്യഭ്യാസമുള്ളവരും ഗ്രാമീണ മേഖലകളിലെ സ്ത്രീകളുമടക്കം ഇത്തരം തട്ടിപ്പുകാരുടെ വലയില്‍ വീഴുന്നുണ്ട്. വലിയ തുക നഷ്ടമാകുമ്പോഴാണ് പലരും പൊലീസില്‍ പരാതികളുമായി എത്തുന്നത്.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും സൈബര്‍ പൊലീസിലും ഇത്തരം പരാതികൾ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

നഷ്ടമായത് ലക്ഷങ്ങള്‍ വരെ

പഴയ ജീപ്പ് വില്‍പ്പനയുടെ പരസ്യം കണ്ട് വിളിച്ചന്വേഷിച്ച കാറഡുക്ക സ്വദേശിയുടെ 72,000 രൂപയാണ് സംഘം തട്ടിപ്പിലൂടെ സ്വന്തമാക്കിയത്. ഗൂഗിള്‍ മാപ്പ് റിവ്യൂ ചെയ്യുന്ന ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലിയുടെ പേരില്‍ കളനാട്ടെ ഒരു യുവതിക്ക് അഞ്ചുലക്ഷവും നഷ്ടമായി. ഓണ്‍ലൈനില്‍ ഹെഡ്‌സെറ്റ് ബുക്ക് ചെയ്‌ത മാങ്ങാട് സ്വദേശിയുടെ വാട്‌സാപ്പ് നമ്പറിലേക്ക് ലിങ്ക് സന്ദേശമയച്ചശേഷം ഫോണിലേക്ക് വന്ന ഒ.ടി.പി നമ്പര്‍ ചോദിച്ച് 99,999 രൂപ തട്ടിയെടുത്തു.

ബുക്ക് ചെയ്‌ത സാധനം കിട്ടാത്തത് ചോദിച്ചപ്പോള്‍ അഞ്ചുരൂപ ഗൂഗിള്‍ പേ ചെയ്യണം എന്നറിയിച്ചു. ഗൂഗിള്‍ പേ ചെയ്‌തതിന് പിന്നാലെയാണ് ഇവരുടെ കനറാബാങ്ക് അക്കൗണ്ടില്‍ നിന്നും 90,000 രൂപ പോയത്.

കപ്പലില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഫേസ്ബുക്ക് പേജില്‍ വന്ന പരസ്യത്തില്‍ വിശ്വസിച്ച് അപേക്ഷ നല്‍കിയ ദേലമ്പാടി മയ്യളയിലെ മുഹമ്മദ് റഷീദിൻ്റെ ഒരുലക്ഷമാണ് നഷ്ടമായത്. ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ലാഭവിഹിതം തരാമെന്ന് വാട്‌സാപ്പിലൂടെ വന്ന പരസ്യം കണ്ട് പണം നല്‍കിയ ഉദുമ പള്ളത്തെ യുവതിക്ക് നഷ്ടമായത് 2.7 ലക്ഷം രൂപയാണ്.

ഇത്തരത്തില്‍ കഴിഞ്ഞ ഒരാഴ്‌ചക്കിടെ ലക്ഷങ്ങളാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായത്. ബദിയടുക്ക സ്റ്റേഷന്‍ പരിധിയിലും തട്ടിപ്പിനിരയായവര്‍ നിരവധിയാണ്. ചിലര്‍ പൊലീസില്‍ പരാതിയുമായി എത്തിയിരുന്നു.

‘ഹായ്’ ഒരു കെണിയാണ്

വിദേശത്ത് നിന്നുള്‍പ്പെടെ പരിചയമില്ലാത്ത ചില നമ്പറുകളില്‍ നിന്നും മറ്റും വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയിലേക്ക് വരുന്ന ഹായ് സന്ദേശങ്ങള്‍ക്ക് കരുതലോടെ പ്രതികരിക്കുക. ഇല്ലെങ്കില്‍ വാട്‌സാപ്പ് വഴി പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്‌ത്‌ നടത്തുന്ന തട്ടിപ്പിലും സാധനങ്ങള്‍ വാങ്ങി അപ്പോള്‍ തന്നെ ലാഭത്തില്‍ വില്‍ക്കുന്ന ട്രേഡിങ് തട്ടിപ്പിലും നിങ്ങള്‍ കുടുങ്ങിയേക്കും.

വാട്‌സാപ് നമ്പര്‍ വിദേശത്തുള്ളവര്‍ക്ക് എങ്ങനെ കിട്ടിയെന്ന് ചിന്തിച്ച് തല പുകയ്ക്കണ്ട. സാമൂഹിക മാധ്യമങ്ങളിലോ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകളിലോ കൊടുത്തിട്ടുള്ള ഫോണ്‍ നമ്പറുകളെല്ലാം തപ്പിയെടുത്ത് നല്‍കുന്ന ആപ്പുകളും സോഫ്റ്റ്‌ വെയറുകളുമാണ് തട്ടിപ്പിന് വഴിയൊരുക്കുന്നത്.

പിന്നില്‍ രാജ്യാന്തര ബന്ധമുള്ള സംഘം

പല തട്ടിപ്പുകള്‍ക്ക് പിന്നിലും പ്രവര്‍ത്തിക്കുന്നത് രാജ്യാന്തര ബന്ധമുള്ള സംഘമാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തുന്നത്. വലിയ രീതിയിലുള്ള അന്വേഷണം നടത്തിയാലേ ഈ സംഘത്തെ കണ്ടെത്താന്‍ സാധിക്കു. അതിന് ഏറെ കാലതാമസം എടുക്കുന്നുണ്ട്. ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പില്‍ അകപ്പെടാതിരിക്കാന്‍ ജാഗ്രത കാട്ടുക മാത്രമാണ് ആദ്യം ചെയ്യേണ്ടത്.

കരുതിയിരിക്കണം

പണം ഇരട്ടിപ്പിക്കാം എന്നു പറഞ്ഞു സമീപിക്കുന്നവരെ അകറ്റി നിര്‍ത്തുക. സുരക്ഷിതമല്ലാത്ത ആപ്പുകളോടും ലിങ്കുകളോടും പ്രതികരിക്കാതിരിക്കുക. ആരും അയച്ചു തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്. ഇതിലൂടെ നിങ്ങളുടെ ഫോണിൻ്റെ മുഴുവന്‍ നിയന്ത്രണവും അവര്‍ക്ക് ലഭിക്കും. നിങ്ങള്‍ക്ക് വരുന്ന ഒ.ടി.പി അടക്കം അവര്‍ കൈക്കലാക്കും.

ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലികള്‍ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്നവരെ സൂക്ഷിക്കുക. ജോലി ലഭിക്കാനായി ഇത്തരകാര്‍ക്ക് പണം നല്‍കാതിരിക്കുക. ഓണ്‍ലൈന്‍ ഗെയിമിങിലൂടെയും മറ്റും എളുപ്പത്തില്‍ പണം സമ്പാദിക്കുമ്പോള്‍ അതിന് പിന്നില്‍ വലിയൊരു ചതി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഓര്‍ക്കുക.

1930ല്‍ വിളിക്കാം

ഓണ്‍ലൈനില്‍ പണം നഷ്ടമായാല്‍ ഉടന്‍ തന്നെ 1930ല്‍ വിളിച്ചാല്‍ തട്ടിപ്പുകാരിലേക്ക് പണം പോകില്ല. നാല്-അഞ്ച് മണിക്കൂറിനകം ഈ നമ്പറില്‍ വിളിച്ചാല്‍ പണം ബാങ്കുകാര്‍ മരവിപ്പിക്കും. സൈബര്‍ പൊലീസ് സ്റ്റേഷനിലും പരാതി നേരിട്ട് നല്‍കാം. വിദ്യാഭ്യാസമുള്ളവരും സാധാരണക്കാരും ഓൺലൈൻ ചതിക്കുഴികളിൽ അകപ്പെട്ട് പോകാറുണ്ട്. പൊതുജനങ്ങളുടെ ജാഗ്രതയാണ് ഇത്തരം തട്ടിപ്പുകളെ നേരിടാൻ വേണ്ടത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest