Categories
health local news

കുമ്പഡാജെ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി; ആരോഗ്യവകുപ്പ് വളർച്ചയുടെ പാതയിലെന്ന് മന്ത്രി വീണാ ജോർജ്ജ്

പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു വരുമ്പോഴും ഒരു ഭാഗത്ത് വിവിധ വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട്: ആരോഗ്യവകുപ്പ് വളർച്ചയുടെ ഒരു പടവുകൂടി പിന്നിടുകയാണെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കുമ്പഡാജെ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതുൾപ്പെടെ ആരോഗ്യ വകുപ്പിന്‍റെ 158 ആരോഗ്യ സ്ഥാപനങ്ങളിൽ 16.69 കോടി രൂപ ചിലവഴിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികൾ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ്, സിക്ക, ഒടുവിലായി നിപ്പയും നമ്മുടെ ആരോഗ്യ രംഗത്ത് വലിയ വെല്ലുവിളിയായി. പകർച്ചവ്യാധികളെ നേരിടാനുള്ള ശാസ്ത്രീയമായ ഐക്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തി വരുന്നതെന്നും പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു വരുമ്പോഴും ഒരു ഭാഗത്ത് വിവിധ വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ ആരോഗ്യ പ്രവർത്തനം ദേശീയതലത്തിൽ സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനത്താണെന്നും ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം മികച്ചതും ഗുണമേൻമയുള്ളതുമായ ചികിത്സ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് സർക്കാറിന്‍റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷനായി.  രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജിമാത്യു എന്നിവർ മുഖ്യാതിഥികളായി.


കുമ്പഡാജെ പഞ്ചായത്ത്   പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ, വൈസ്പ്രസിഡന്റ് എലിസബത്ത് ക്രാസ്റ്റ, സ്ഥിരം സമിതി ചെയർമാൻമാരായ അബ്ദുൽ റസാഖ്, ഖദീജ, സഞ്ജീവഷെട്ടി, ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രതിനിധി ഡോ. നിർമ്മൽ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ, കുമ്പഡാജെ പഞ്ചായത്ത് സെക്രട്ടറിഹരീഷ് തുടങ്ങിയവർ  പങ്കെടുത്തു.  ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ സ്വാഗതവും കുമ്പഡാജെ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സയ്യിദ് ഹാമിദ് ഷുഹൈബ് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *