Categories
local news

സാമ്പത്തിക സുരക്ഷിതത്വം പനത്തടി സി.ഡി.എസിൻ്റെ ഉറപ്പ്; ദേശീയ അംഗീകാര നിറവില്‍ കുടുംബശ്രീ

2 ഓയില്‍ മില്ലുകള്‍ , വിര്‍ജീന്‍ കോക്കനട്ട് ഓയില്‍ യൂണിറ്റ്, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്ന യൂണിറ്റ് എന്നിവയും പ്രവര്‍ത്തിക്കുന്നു.

134 സംരംഭങ്ങള്‍. സമൂഹത്തിൻ്റെ സമസ്ത മേഖലയെയും സ്പര്‍ശിക്കുന്ന പ്രവര്‍ത്തനങ്ങള്‍. നാടിൻ്റെ സമൂലമായ വളര്‍ച്ചക്ക് വിത്തു പാകാന്‍ കുടുംബശ്രീ പ്രസ്ഥാനത്തിലൂടെ സാധിച്ചപ്പോള്‍ പനത്തടി മലയോര ഗ്രാമമായ പനത്തടിയിലേക്കെത്തിയത് ദേശീയ അംഗീകാരം.

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ വനിതകള്‍ക്ക് സാമ്പത്തിക സ്ഥിരത നേടിയെടുക്കാന്‍ സാധിച്ച പ്രവര്‍ത്തനങ്ങള്‍ വിജയം കൊയ്യുമ്പോള്‍ നബാര്‍ഡിൻ്റെ സഹകരണത്തോടെ അപ്മാസ് (ആന്ധ്രാപ്രദേശ് മഹിളാ അഭിവൃദ്ധി സൊസൈറ്റി)നല്‍കുന്ന എസ്എച്ച്ജി ഫെഡറേഷന്‍സ് അവാര്‍ഡാണ് പനത്തടി സി.ഡി.എസിനു ലഭിച്ചത്. ഇനി മുതല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സ്വയം സഹായ കൂട്ടായ്മ എന്ന ഖ്യാതിയില്‍ പനത്തടി സി.ഡി.എസ് അറിയപ്പെടും.

320 ഓളം സ്വയം സഹായ സംഘങ്ങളോട് മത്സരിച്ചാണ് പനത്തടി സി.ഡി.എസ് ഈ നേട്ടം സ്വന്തമാക്കിയത്. കൃഷി, മൃഗസംരക്ഷണം, ലോണ്‍ തിരിച്ചടവ്, ചെറുകിട വ്യവസായം, അയല്‍ക്കൂട്ടം, ട്രൈബല്‍ ഇടപെടലുകള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിച്ചത്. ഡിസംബര്‍ 17ന് ഹൈദരാബാദില്‍ നടക്കുന്ന ചടങ്ങില്‍ പനത്തടി സി. ഡി. എസ് അവാര്‍ഡ് ഏറ്റുവാങ്ങും. നാല്‍പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

15 വാര്‍ഡുകളിലെ 280 കുടുംബശ്രീ യൂണിറ്റുകളിലായി 4000ത്തോളം അംഗങ്ങളാണ് പനത്തടി ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീയിലുള്ളത്. കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ പനത്തടി കാര്‍ഷിക മേഖലയാണ്. കൃഷിക്കൊപ്പം കുടുംബത്തിലെ സ്ത്രീകള്‍ക്ക് നല്ല ഒരു വരുമാനമാര്‍ഗം കണ്ടെത്താനും കുടുംബശ്രീ വഴി സാധിക്കുന്നു. മൃഗ സംരക്ഷണ മേഖലയില്‍ കോഴിയും കൂടും, ആടു ഗ്രാമം, ഹാച്ചറി യൂണിറ്റ്, മുട്ടക്കോഴി വിതരണം, ക്ഷീരസാഗരം തുടങ്ങിയ പദ്ധതികള്‍ സി.ഡി. എസിൻ്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. ശുദ്ധമായ മുട്ട, പാല്‍ വിതരണത്തിനൊപ്പം സാമ്പത്തിക നേട്ടവും കര്‍ഷകരിലേക്ക് എത്തുന്നു.

മുഴുവന്‍ വാര്‍ഡുകളിലും ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് (ജെ എല്‍ ജി ) മാതൃകയില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി പച്ചക്കറി ഉള്‍പ്പടെയുള്ള കൃഷികള്‍ നടത്തിവരുന്നു. 22 ഏക്കറില്‍ നെല്ല് വിളയിക്കുന്ന വനിതകള്‍ തണ്ണിമത്തന്‍, മഞ്ഞള്‍, ഇഞ്ചി, ഏലം, ഗ്രാമ്പു, കൂണ്‍, തേന്‍ കൃഷികളും ചെയ്യുന്നു. അക്വാ പെറ്റല്‍സ് യൂണിറ്റിലെ ഉത്പന്നങ്ങള്‍ ഓണ്‍ലൈനായും വില്‍പ്പന നടത്തുന്നു.

ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് പൂര്‍ണ പിന്തുണയാണ് പഞ്ചായത്തിലെ സി ഡി എസ് നല്‍കുന്നത്. വ്യവസായങ്ങള്‍ തുടങ്ങുന്നതിനു മുമ്പ് കൃത്യമായ ക്ലാസുകള്‍, പരിശീലനങ്ങള്‍ എന്നിവ നല്‍കുന്നതിനാല്‍ സംരംഭങ്ങള്‍ വിജയകരമായി നടത്താന്‍ സാധിക്കുന്നു. പഞ്ചായത്തിലെ 134 സംരഭങ്ങളില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പ് മുതല്‍ കേക്ക് നിര്‍മ്മാണം വരെയുണ്ട്. ബേക്കറി ഉല്‍പന്ന നിര്‍മ്മാണ യൂണിറ്റുകള്‍, പച്ചക്കറി കടകള്‍, ടെയ്‌ലറിംഗ് കടകള്‍, ഫാന്‍സി കടകള്‍, അച്ചാര്‍, പപ്പട നിര്‍മാണ യൂണിറ്റ് ഡ്രൈ ഫ്രൂട്ട് സ് നിര്‍മാണ യൂണിറ്റ് തുടങ്ങിയവയെല്ലാം ചെറുകിട സംരഭരംഗത്തെ മുന്നേറ്റമാണ് അടയാളപ്പെടുത്തുന്നത്.

കെ.ശ്രീ എന്ന കുടുംബശ്രീ ബ്രാന്റിലേക്ക് 22 ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. അച്ചാര്‍ നിര്‍മാണ യൂണിറ്റ് വഴി 80 തരം അച്ചാറുകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്തു വരുന്നു. 2 ഓയില്‍ മില്ലുകള്‍ , വിര്‍ജീന്‍ കോക്കനട്ട് ഓയില്‍ യൂണിറ്റ്, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്ന യൂണിറ്റ് എന്നിവയും പ്രവര്‍ത്തിക്കുന്നു.

കാര്‍ഷിക മേഖലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു ജനതയ്ക്ക് സാമ്പത്തികമായും സാമൂഹികമായും സാംസ്‌കാരികമായും വിദ്യാഭ്യാസപരമായുമുള്ള സ്വയം പര്യാപ്തത നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പനത്തടി സി.ഡി.എസ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ചെണ്ടുമല്ലി കൃഷിയുടെ തുടര്‍ച്ചയായി അടുത്ത സീസണില്‍ പൂകൃഷി വ്യാപകമാക്കാനും പദ്ധതിയുണ്ട്. ഇതിൻ്റെ ഭാഗമായി റാണിപുരത്ത് മുല്ലപ്പൂ കൃഷിക്ക് വേണ്ടി സ്ഥലം കണ്ടെത്തി.

0Shares

Leave a Reply

Your email address will not be published. Required fields are marked *