Categories
news

ഗ്രാമവണ്ടി സ്പോൺസർ ചെയ്യൂ; കെ.എസ്.ആർ.ടി.സി ബസിൽ നിങ്ങൾക്കും സ്വന്തം പേരുപതിക്കാൻ അവസരം

കമ്പനികൾക്കും വ്യക്തികൾക്കും സന്നദ്ധസംഘടനകൾക്കും ബസുകളുടെ ചെലവ് വഹിക്കാൻ കഴിയുന്ന പദ്ധതിയും ഇക്കൂട്ടത്തിലുണ്ട്.

കെ.എസ്.ആർ.ടി.സി. ബസിൽ സ്വന്തം പേരുപതിക്കാൻ അവസരം. ഇതിനായി ഗ്രാമവണ്ടി സ്പോൺസർ ചെയ്താൽമതി. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കും സംഘടനകൾക്കും വ്യക്തികൾക്കും ഇതിൽ പങ്കാളികളാകാം. ഉൾപ്രദേശങ്ങളിലേക്കുള്ള ബസുകളുണ്ടാക്കുന്ന നഷ്ടം നികത്താൻ ആവിഷ്കരിച്ച ഗ്രാമവണ്ടി പദ്ധതിയിലാണ് സ്വകാര്യപങ്കാളിത്തം തേടുന്നത്.

പദ്ധതിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ഇതിന് രൂപവത്കരിച്ച ഉന്നതലസമതി ഒരാഴ്ചയ്ക്കുള്ളിൽ പദ്ധതികൾക്ക് അന്തിമരൂപം നൽകും. പഞ്ചായത്തുകൾക്കുള്ള പദ്ധതിവിഹിതത്തിൽ ഇതിനായി സർക്കാർ പ്രത്യേക തുക അനുവദിക്കും. ഏപ്രിൽമുതൽ ബസുകൾ നിരത്തിലിറങ്ങും.

കമ്പനികൾക്കും വ്യക്തികൾക്കും സന്നദ്ധസംഘടനകൾക്കും ബസുകളുടെ ചെലവ് വഹിക്കാൻ കഴിയുന്ന പദ്ധതിയും ഇക്കൂട്ടത്തിലുണ്ട്. ഗ്രാമവണ്ടികൾ അവശ്യമുള്ളവർ നിശ്ചിതതുക കെട്ടിവെച്ച് കെ.എസ്.ആർ.ടി.സി.യുമായി കരാറുണ്ടാക്കണം. റൂട്ടും സമയവും നിശ്ചയിക്കാനുള്ള അവകാശം സ്പോൺസർക്കുണ്ടാകും. എം.എൽ.എ.മാർ ശുപാർശ ചെയ്യുന്നവയ്ക്കാകും പ്രഥമ പരിഗണന. ഓരോമാസത്തെയും ഇന്ധനച്ചെലവ് കണക്കാക്കി തുക അടയ്ക്കണം.

പതിവ് ടിക്കറ്റ് നിരക്കാകും ഈടാക്കുക. കുറഞ്ഞത് 150 കിലോമീറ്ററെങ്കിലും ദിവസം ഓടുന്ന വിധമായിരിക്കും ഓട്ടം ക്രമീകരിക്കുക. ഒന്നിലധികം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ചേർന്നും ഗ്രാമവണ്ടി പദ്ധതിയിൽ പങ്കാളികളാകാം. ഉൾപ്രദേശങ്ങളിലേക്കുള്ള ലാഭകരമല്ലാത്ത സർവീസുകൾ മുഴുവൻ ഗ്രാമവണ്ടികളാക്കാനാണ് തീരുമാനം.18, 24, 28, 32 സീറ്റുകളുള്ള ബസുകളാണ് ഗ്രാമവണ്ടിക്കായി പരിഗണിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *