Categories
local news news

കൂത്തുപറമ്പ് രക്തസാക്ഷികൾ എന്നും ആവേശജ്വാല; സംസ്ഥാന വ്യപകമായി അനുസ്മരണ പരിപാടികൾ

ജനവിരുദ്ധ നയങ്ങളെ ചെറുക്കുക, വര്‍ഗീയ വല്‍ക്കരണത്തെ പ്രതിരോധിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ ദിനാചരണം.

കാസർകോട്: പോരാട്ടത്തിൻ്റെ കനലാളുന്ന ഓര്‍മകളുമായി കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് 20 വർഷം തികയുന്ന ദിനത്തിൽ സംസ്ഥാന വ്യാപക പരിപാടികൾ. ഇന്ത്യയിലെ യുവജനപോരാട്ട ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ ഏടിൻ്റെ ഓര്‍മ പുതുക്കല്‍ നാളില്‍ ഡി.വൈ.എഫ്ഐ യുടെ നേതൃത്വത്തില്‍ അനുസ്മരണ റാലികളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു.

ജനവിരുദ്ധ നയങ്ങളെ ചെറുക്കുക, വര്‍ഗീയ വല്‍ക്കരണത്തെ പ്രതിരോധിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ ദിനാചരണം. കാസർകോട്, കുറ്റിക്കോലിൽ ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗം സി.പി.എം ജില്ലാ കമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. രവി ഏഴോം രക്തസാക്ഷി അനുസ്മരണ പ്രഭാഷണം നടത്തി.

ബ്ലോക്ക് സെക്രട്ടറി കെ.സുധീഷ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ.പി. ദിവീഷ് അധ്യക്ഷനായി. തിങ്കളാഴ്ച നിശ്ചയം, കാപ്പുകോൽ എന്നീ സിനിമകളിൽ പ്രവർത്തിച്ച കലാകാരന്മാരെ അനുമോദിച്ചു. ചന്ദ്രൻ കരുവാകോടും സംഘവും അവതരിപ്പിച്ച പുലികേശി രണ്ട് എന്ന നാടകവും കലാപരിപാടികളും അരങ്ങേറി.

വിദ്യാഭ്യാസ കമ്പോള വല്‍ക്കരണത്തിനും നിയമന അഴിമതിക്കുമെതിരായ പോരാട്ടത്തിനിടെയാണ് 1994 നവംബര്‍ 25ന് കെ.കെ രാജീവന്‍, ഷിബുലാല്‍, റോഷന്‍, മധു, ബാബു എന്നീ അഞ്ചു യുവാക്കൾ പോലീസിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പുഷ്പന്‍ ശയ്യാവലംബിയായി. സ്വാശ്രയ കോളജിനെതിരായ സമരവുമായി ബന്ധപ്പെട്ട് അന്നത്തെ സഹകരണ മന്ത്രി എം.വി രാഘവനെ ഡി.വൈ.എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടാനെത്തിയപ്പോഴാണ് സംഭവം. സമാധാനപരമായ പ്രതിഷേധത്തെ ചോരയില്‍ മുക്കി.

ദീര്‍ഘമായ നിയമപോരാട്ടത്തിന് കൂത്തുപറമ്പ് കേസ് വഴിയൊരുക്കി. 1997ല്‍ എം.വി രാഘവന്‍ അറസ്റ്റിലായി. വെടിവയ്പിന് നേതൃത്വം നല്‍കിയ ഡി.വൈ.എസ്പി ഹക്കിം ബത്തേരി എക്സിക്യൂട്ടീവ് മജിസ്ട്രട്ടായിരുന്ന ഡെപ്യൂട്ടി കലക്ടര്‍ ടി. ടി ആന്റണി എന്നിവരും വെടിവെച്ച പൊലീസുകാരും പ്രതികളായി. സുപ്രീംകോടതിവരെ എത്തിയ കേസില്‍ മുഴുവന്‍ പ്രതികളെയും പിന്നീട് വിട്ടയക്കുകയായിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷികളുടെ നിത്യസ്മരണ രാജ്യമാകെ യുവജന പോരാട്ടത്തിനുള്ള ഇന്ധനമാവുകയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *