Categories
local news news

കേരള വനിത കമ്മീഷൻ സിറ്റിങ്ങിൽ 62 കേസുകൾ പരിഗണിച്ചു

കാസറഗോഡ്: കേരള വനിതാ കമ്മീഷൻ അംഗം പി കുഞ്ഞായിഷ കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ തെളിവെടുപ്പിൽ 62 കേസുകൾ പരിഗണിച്ചു. ഇതിൽ 17 കേസുകൾ തീർപ്പാക്കി. രണ്ട് കേസുകൾ പോലീസ് റിപ്പോർട്ടിന് അയച്ചു. രണ്ട് കേസുകൾ ജാഗ്രത സമിതിക്ക് വിട്ടു. അടുത്ത തെളിവെടുപ്പിലേക്ക് 25 കേസുകൾ മാറ്റിവെച്ചു. നാല് പുതിയ പരാതികൾ സ്വീകരിച്ചു. കുടുംബപ്രശ്നം ഗാർഹിക പീഡനം വഴിത്തർക്കം, അതിർത്തിത്തർക്കം, തുടങ്ങിയ പരാതികളാണ് കമ്മീഷന് ലഭിച്ചത്. സാമ്പത്തിക തർക്കം വരുമ്പോൾ സ്ത്രീകളെ മുൻനിർത്തി വനിതാ കമ്മീഷനിൽ പരാതി കൊടുക്കുന്നുണ്ട്. ഈ പ്രവണത വർദ്ധിച്ചുവരുന്നതായി കമ്മീഷൻ നിരീക്ഷിച്ചു. ഇത് കമ്മീഷൻ പരിശോധിച്ചു വരികയാണെന്നും പി.കുഞ്ഞായിഷ പറഞ്ഞു. കുടുംബപ്രശ്നങ്ങൾ വർദ്ധിക്കുമ്പോൾ ഏറ്റവും അധികം പ്രയാസം നേരിടുന്നത് ചെറിയ കുട്ടികളാണ്. പരാതികളുമായി വരുന്നവരോടൊപ്പം കുട്ടികളും വരുന്നുണ്ട്. കുട്ടികൾക്ക് കൗൺസിലിംഗ് നൽകേണ്ടതും കമ്മീഷൻ പരിഗണിക്കും. കാസർകോട് ജില്ലയിലെ തീരദേശ മേഖലയിലെയും എൻഡോസൾഫാൻ മേഖലയിലെയും സ്ത്രീകളുടെ പ്രശ്നങ്ങൾ നേരിട്ട് പബ്ലിക് ഹിയറിങ് നടത്തി ഇതിനകം പരിശോധിച്ചിട്ടുണ്ട്. അങ്ങനെ ഒട്ടനവധി പരാതികൾ ലഭിച്ചു. കമ്മീഷൻ പ്രത്യേക പഠനം നടത്തി വരുന്നു. ഈ പഠന റിപ്പോര്‍ട്ട് ലഭിച്ചാൽ ഉടൻ ഈ മേഖലയിൽ കൂടുതൽ നടപടികൾ സ്വീകരിക്കും. കാസർകോട് ജില്ലയിൽ നിന്നും വനിതാ കമ്മീഷൻ ലഭിക്കുന്ന പരാതികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്ന് കമ്മീഷൻ അംഗം പറഞ്ഞു.

കൃത്യമായ ബോധവൽക്കരണ പരിപാടികളും പബ്ലിക് ഹിയറിംഗ് ഉൾപ്പെടെയുള്ള നടപടികളുമാണ് പരാതികളുടെ എണ്ണം വർധിക്കാൻ കാരണമെന്നും കമ്മീഷൻ അംഗം പറഞ്ഞു. പരാതികൾ ഇല്ലാത്തതുകൊണ്ടല്ല ബോധവൽക്കരണത്തിലൂടെയാണ് പരാതികൾ കൂടിയതെന്ന് കമ്മീഷൻ അംഗം വിലയിരുത്തി. സിറ്റിങ്ങിൽ വനിതാ സെൽ എ എസ് ഐ ടി ഷൈലജ, സിപിഒ ജയശ്രീ, കൗൺസിലർ രമ്യ മോൾ, അഡ്വ പി സിന്ധു തുടങ്ങിയവർ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *