Trending News


കൊച്ചി: നവംബറില്‍ ഖത്തറില്‍ ലോകകപ്പ് ഫുട്ബോളിന് ലോകമെങ്ങുമുള്ള ആരാധകര്‍ കാത്തിരിക്കുന്നതിനിടെ ഇന്ത്യന്‍ ആരാധകര്‍ക്ക് മുതല്‍ കാല്‍പ്പന്തുകളിയുടെ മാമാങ്കം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിൻ്റെ ഒമ്പതാം പതിപ്പിന് വെള്ളിയാഴ്‌ച കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പന്തുരുളുന്നതോടെയാണ് ഇന്ത്യന്‍ ആരാധകര്‍ ഫുട്ബോളിൻ്റെ മാസ്മരികതയിലേക്ക് ഇറങ്ങുന്നത്. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് എതിരാളികള്‍ കൊല്‍ക്കത്ത ഈസ്റ്റ് ബംഗാള്‍. രാത്രി 7.30നാണ് കിക്കോഫ്.
Also Read
രണ്ട് സീസണുകള്‍ക്ക് ശേഷമാണ് ഇത്തവണ ഹോം ആന്‍ഡ് എവേ മത്സരങ്ങള്‍. കഴിഞ്ഞ രണ്ട് സീസണിലും കൊവിഡ് കാരണം ഗോവയില്‍ അടച്ചിട്ട സ്റ്റേഡിയത്തിൽ ആയിരുന്നു കളി. കഴിഞ്ഞ സീസണില്‍ ഫൈനലിന് മാത്രമാണ് കാണികള്‍ക്ക് പ്രവേശനം നല്‍കിയത്. മൂന്നുതവണ ഫൈനല്‍ കളിച്ചിട്ടും കിരീടം സ്വന്തമാക്കാന്‍ കഴിയാത്തതിൻ്റെ കോട്ടം തീര്‍ക്കാനുറച്ചാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

കഴിഞ്ഞ തവണ അപ്രതീക്ഷിത പ്രകടനത്തിലൂടെ ടീമിനെ ഫൈനല്‍ വരെയെത്തിച്ച പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ചാണ് ഇത്തവണയും കോച്ച്. കഴിഞ്ഞ തവണ ഫൈനലിൽ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച സ്പാനിഷ് താരം ആല്‍വാരോ വാസ്‌ക്വസും അര്‍ജന്റീന താരം പെരേര ഡയസും ടീം വിട്ടെങ്കിലും മികച്ച ചില വിദേശതാരങ്ങളെ സ്വന്തമാക്കിയാണ് വുകുമനോവിച്ച് ടീം പുതിയ സീസണിലേക്ക് കണ്ണുവച്ചിരിക്കുന്നത്.
ലീഗിൻ്റെ ചരിത്രത്തില്‍ മൂന്നുതവണ ഫൈനല്‍ കളിച്ചിട്ടും കിരീടം സ്വന്തമാക്കാന്‍ കഴിയാത്ത ഏക ടീമാണ് ബ്ലാസ്റ്റേഴ്‌സ്. 2014, 2016, 2021-22 സീസണുകളിലായിരുന്നു ഫൈനലില്‍ കളിച്ചത്. രണ്ടുതവണ എ.ടി.കെയോടും കഴിഞ്ഞ സീസണില്‍ ഹൈദരാബാദ് എഫ്.സിയോടും തോറ്റു. ലീഗില്‍ എ.ടി.കെ മൂന്നുതവണയും ചെന്നൈയിന്‍ എഫ്.സി രണ്ടുതവണയും മുംബൈ സിറ്റി, ബെംഗളൂരു എഫ്.സി, ഹൈദരാബാദ് എഫ്.സി ടീമുകള്‍ ഓരോ തവണയും ചാമ്പ്യന്മാരായി.

Sorry, there was a YouTube error.