Categories
channelrb special local news news

കാസർകോട് നഗരസഭയിൽ ലക്ഷങ്ങൾ കോഴ വാങ്ങി തിരിമറി; എം.ജി റോഡിലുള്ള പുതിയ കെട്ടിടത്തിന്‍റെ ഒക്ക്യൂപൻസിയും നമ്പരും റദ്ദാക്കി

ഇരുപതിനായിരം സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ പണിപൂർത്തിയായി വരുന്ന കെട്ടിടത്തിനാണ് ഉദ്യോഗസ്ഥർ ഒക്ക്യൂപൻസിയും നമ്പരും നൽകിയിരുന്നത്.

സ്പെഷ്യൽ റിപ്പോർട്ട്

കാസർകോട്: തദ്ദേശ തെരഞ്ഞടുപ്പ് അടുത്ത് നിൽക്കെ കാസർകോട് നഗരസഭയിൽ വീണ്ടും അഴിമതി ആരോപണം. ഇത്തവണ ആരോപണം ഉയർന്നത് നഗരസഭ എൻജിനിയറിങ്, റവന്യു വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർക്കെതിരെയാണ്. പല പരാതികളുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഇടക്കിടെ നഗരസഭയിൽ കയറുന്നത് ഭരണം കയ്യാളുന്ന മുസ്‌ലിം ലീഗിന് ഇതിനകം തന്നെ തലവേദനയായിട്ടുണ്ട്. അതിനിടെയാണ് പുതിയ ആരോപണം.

കഴിഞ്ഞ വെള്ളിയാഴ്ച്ച വിജിലൻസ് ഉദ്യോഗസ്ഥർ നഗരസഭയിൽ പരിശോധനക്ക് എത്തിയിരുന്നു. നഗരസഭയിലെ ചില ജീവനക്കാർ അവധിയായതിനാൽ ഫയലുകൾ പരിശോധിക്കാതെയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. എന്നാൽ സെക്രട്ടറി നടത്തിയ ഫയൽ പരിശോധനയിൽ തിരിമറി കണ്ടെത്തുകയും ചെയ്തു.
ചില ഫയലുകൾ സെക്രട്ടറിയെ പോലും കാണിക്കാതെ തിരിമറി നടത്തിയതായാണ് വിവരം. ലീവിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പാസ്സ്‌വേഡ്‌ വാങ്ങി തിരിമറി നടത്തിയതായും പറയപ്പെടുന്നു.

പുതിയ കെട്ടിടങ്ങൾക്ക് ചട്ടവിരുദ്ധമായി അനുമതി നൽകിയതിലുടെ ലക്ഷങ്ങളുടെ കോഴയാണ് ഇതുവഴി നടന്നത്. ചില ഉദ്യോഗസ്ഥർ നടത്തിയ അഴിമതി തിരിച്ചറിഞ്ഞ സെക്രട്ടറി എൻജിനിയറിങ്, റവന്യു വിഭാഗത്തിലെ ചില ഫയലുകൾ തികളാഴ്ച്ച പരിശോധിച്ചു. ഇതിൽ സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടു. എം.ജി റോഡിലുള്ള പുതിയ കെട്ടിടത്തിന് നൽകിയ ഒക്ക്യൂപൻസിയും നമ്പരും ഇതോടെ സെക്രട്ടറി അടിയന്തിരമായി റദ്ദുചെയ്തു.

ഇരുപതിനായിരം സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ പണിപൂർത്തിയായി വരുന്ന കെട്ടിടത്തിനാണ് ഉദ്യോഗസ്ഥർ ഒക്ക്യൂപൻസിയും നമ്പരും നൽകിയിരുന്നത്. ഫയലുകളിൽ തിരിമറി കണ്ടെത്തിയതിനാൽ ജനുവരി മുതലുള്ള കൂടുതൽ ഫയലുകൾ പരിശോധിക്കുമെന്ന് സെക്രട്ടറി പറഞ്ഞു. ചില ഉദ്യോഗസ്ഥരുടെ തിരിമറി നഗരസഭയിലെ മറ്റു ജീവനക്കാർക്കും നാണക്കേടുണ്ടാക്കിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടി കൈക്കൊള്ളുമെന്നും വരും ദിവസങ്ങളിൽ നഗരസഭയിലെ മറ്റു വിഭാഗത്തിലെയും ഫയലുകൾ പരിശോധിക്കുമെന്നും നഗരസഭ സെക്രട്ടറി മുഹമ്മദ് ഷാഫി ചാനൽ ആർ.ബിയോട് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *