Categories
local news

മുളിയാര്‍ എന്റോസള്‍ഫാന്‍ പുനരധിവാസ കേന്ദ്രം നിര്‍മ്മാണ പ്രവൃത്തി ഉടന്‍; നീലേശ്വരത്ത് മിനിസിവില്‍ സ്റ്റേഷന്‍; ജില്ലാ വികസന സമിതി യോഗതീരുമാനങ്ങൾ ഇങ്ങിനെ

പരപ്പ ടൗണില്‍ പട്ടാപ്പകല്‍ കാട്ടുപന്നി ഇറങ്ങിയത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും നിലവില്‍ 41 പന്നികളെ ജില്ലയില്‍ വെടിവെച്ചിട്ടുണ്ടെന്നും ഡി.എഫ്.ഒ

കാസർകോട്: മുളിയാര്‍ എന്റോസള്‍ഫാന്‍ പുനരധിവാസ കേന്ദ്രം നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കുന്നു. മുളിയാര്‍ എന്റോസള്‍ഫാന്‍ പുനരധിവാസ കേന്ദ്രം നിര്‍മ്മാണ പ്രവൃത്തി സംബന്ധിച്ച് ജില്ലാ വികസന സമിതി യോഗത്തില്‍ അഡ്വ.സി.എച്ച്.കുഞ്ഞമ്പു.എം.എല്‍.എ നടപടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ നല്‍കിയ മറുപടിയിലാണ് നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും എന്ന് അിയിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി കരാറിലേര്‍പ്പെടുന്നതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഒരാഴ്ചയ്ക്കകം കരാറില്‍ ഒപ്പ് വെക്കാന്‍ സാധിക്കുമെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.

നീലേശ്വരത്ത് മിനിസിവില്‍ സ്റ്റേഷന്‍ ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുന്നതിനിടെ മിനി സിവില്‍ സ്റ്റേഷന്‍ നീലേശ്വരത്തിന് നഷ്ടപ്പെടാന്‍ പോകുന്നതരത്തില്‍ സാമൂഹ്യമാധ്യമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വിഷയം നഗരസഭ ചെയര്‍ പേഴ്‌സണ്‍ ജില്ലാ വികസന സമിതിയുടെ ശ്രദ്ധയിലേക്ക് എത്തിക്കുകയും ഇത് സംബന്ധിച്ച് ജില്ലാ കളക്ടറും എം.എല്‍.എയും നിര്‍വ്വഹണ ഉദ്യോഗസ്ഥരും നഗരസഭ അധികൃതരും ഉള്‍പ്പെടുന്ന യോഗം യോഗം നീലോശ്വരം നഗരസഭയില്‍ ചേരാന്‍ വികസന സമിതി യോഗത്തില്‍ തീരുമാനമായി.

കേന്ദ്ര സര്‍വ്വകലാശാലയ്ക്കകത്തേക്കുള്ള നൂറ് മീറ്റര്‍ റോഡ് നിര്‍മ്മാണം സംബന്ധിച്ച വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചു.തെക്കില്‍ ആലട്ടിയിലെ കുറ്റിക്കോല്‍, എരിഞ്ഞിപ്പുഴ ഭാഗത്ത് രാമങ്കയം പദ്ധതി പ്രകാരം പൈപ്പ് ലൈന്‍ സ്ഥാപിക്കാത്തതും വെള്ളം ലഭിക്കാതെ തന്നെ ബില്ല് വരുന്നതും സംബന്ധിച്ച് അഡ്വ.സി.എച്ച്.കുഞ്ഞമ്പു.എം.എല്‍.എ യോഗത്തില്‍ സൂചിപ്പിച്ചതിനെ തുടര്‍ന്ന് വിഷയം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി കെട്ടിടത്തിൻ്റെ വൈദ്യുതീകരണ ജോലികള്‍ അന്തിമ ഘട്ടത്തിലാണെന്നും ഇത് സംബന്ധിച്ച് ഇ. ചന്ദ്രശേഖരന്‍ എ.എല്‍.എ നടപടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡി.എം.ഒ ആരോഗ്യം റിപ്പോര്‍ട്ട് നല്‍കി. ജനറേറ്റര്‍ കണക്ഷന്‍, ഫയര്‍ ഫിറ്റിങ് വര്‍ക്കുകള്‍ ഈ മാസം തന്നെ ആരംഭിക്കുമെന്നും ആശ്യമുള്ള ഉപകരണങ്ങളുടെയും ഫര്‍ണിച്ചറുകളുടെയും പട്ടിക സഹിതം പ്രൊപ്പോസല്‍ ആരോഗ്യ ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഇതെല്ലാം പൂര്‍ത്തിയായിീ അനുവദിച്ച തസ്തികകള്‍ എന്നിവ ലഭ്യമാവുകയും ചെയ്താല്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നും ഡി.എം.ഒ അറിയിച്ചു. കരിന്തളത്തെ യോഗ ആന്റ് നാച്ചുറോപ്പതി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ മാര്‍ച്ച് നാലിന് വൈകീട്ട് 4.30ന് കളക്ടറേറ്റില്‍ യോഗം ചേരാന്‍ യോഗത്തില്‍ തീരുമാനമായി.

കോടോത്ത് വില്ലേില്‍ ഗവ: ഐ.ടി.ഐ നിര്‍മ്മാണത്തിനായി മാര്‍ക്ക് ചെയ്ത ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചുമതല സര്‍വ്വേ ഡി.ഡിയുടെ ഉത്തരവ് പ്രകാരം സര്‍വ്വേ ടീമിൻ്റെ സഹാത്തോടെ പൂര്‍ത്തിയാക്കുമെന്ന് വെള്ളരിക്കുണ്ട് തഹസിൽദാർ യോഗത്തില്‍ അറിയിച്ചു. പരപ്പ ടൗണില്‍ പട്ടാപ്പകല്‍ കാട്ടുപന്നി ഇറങ്ങിയത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും നിലവില്‍ 41 പന്നികളെ ജില്ലയില്‍ വെടിവെച്ചിട്ടുണ്ടെന്നും ഡി.എഫ്.ഒ യോഗത്തില്‍ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷമായി കാസര്‍കോട് ഡിവിഷനില്‍മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട് 80 കേസുകളിലായി 195.03 കി.ഗ്രാം കഞ്ചാവ്, 124.55 ഗ്രാം എം.ഡി.എം.എ, 20.62 ഗ്രാം നൈട്രോസെപ്പാം, 16.13ഗ്രാം മസ്‌കാലിന്‍ ടാബ്ലറ്റ്, 4 കഞ്ചാവ് ചെടികള്‍, ഈ കേസുകളിലായി 18 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. ജി്ല്ലയില്‍ ഉപയോഗിക്കുന്നതും കച്ചവടം ചെയ്യുന്നതുമായ ലഹരിമരുന്നുകള്‍ തടയുന്നത് സംബന്ധിച്ച് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നടപടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യോഗത്തില്‍ കണക്കുകള്‍ ചര്‍ച്ചയായത്.

നാഷണല്‍ ഹൈവേ വീതികൂട്ടുന്നതോടനുബന്ധിച്ച് മുറിച്ചു മാറ്റുന്ന മരങ്ങള്‍ക്ക് പകരം വിവിധ ഗ്രാമ പഞ്ചായത്ത് പരിധികളില്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആരഭിക്കുന്ന 37000 നഴ്സിറികളില്‍ നിന്നും ലഭിക്കുന്ന തൈകള്‍ ജൂണ്‍മാസത്തോടെ നട്ട് പിടിപ്പിക്കാന്‍ സാധിക്കുമെന്നും മുറിച്ചുമാറ്റിയ മരങ്ങള്‍ക്ക് പകരം അവ വളര്‍ന്ന് തണല്‍ വിരിക്കുമെന്നും അറിയിച്ചു.

വെള്ളാപ്പ് റേഷന്‍ കട വിഷയത്തെ തുടര്‍ന്ന് ഇടയിലക്കാട് ഒരു റേഷന്‍ കട അനുവദിക്കുന്നത് പരിഗണിച്ചിരുന്നു. വളരെ പെട്ടെന്ന് തന്നെ പ്രശ്നം പരിഹരിക്കാമെന്ന്ജില്ലാ സപ്ലൈ ഓഫീസര്‍ യോഗത്തില്‍ പറഞ്ഞു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കുള്ള റോഡുകള്‍ നിര്‍മ്മിക്കുന്നതിന് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിര്‍ദ്ദേശിച്ച റോഡുകളുടെ പ്രവൃത്തി ഡി.പി.ആര്‍ ആവശ്യമില്ലെന്നും റിപ്പോര്‍ട്ട് നേരത്തെ സമര്‍പ്പിച്ചതാണെന്നും അടുത്ത ഘട്ടത്തിലേക്ക് കടക്കാമെന്നും എം.എല്‍.എ നടപടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹാര്‍ബര്‍ എഞ്ചിനീയറിങ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ റിപ്പോപര്‍ട്ട് നല്‍കി.

കാസര്‍കോട് ജില്ലയിലെ ട്രെയിന്‍ സൗകര്യം ഉപയോഗപ്പെടുത്തുന്ന സര്‍ക്കാര്‍ ജീവനക്കാരുടെയും പൊതു ജനങ്ങളുടെയും യാത്രാ പ്രശ്നം സംബന്ധിച്ച് എം.രാജഗോപാലന്‍ എ.എല്‍.എ പ്രമേയം അവതരിപ്പിച്ചു. നിലവില്‍ ലോക്കല്‍ ട്രെയിന്‍ നിര്‍ത്തലാക്കുകയും മെമു സര്‍വ്വീസ് ആരംഭിക്കുകയും ചെയ്തുവെങ്കിലും മെമുവിലെ സ്ഥല പരിമിതിയും മറ്റ് ട്രെയിനകളില്‍ സീസണ്‍ ടിക്കേറ്റ് അനുവദിക്കാത്തതും വലിയ പ്രയാസമുണ്ടാക്കുന്നുവെന്നും കൂടുതല്‍ ട്രെയിനുകളില്‍ സീസണ്‍ ടിക്കേറ്റ് സൗകര്യം അനുവദിക്കണമെന്നും എം.എല്‍.എ പറഞ്ഞു.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷയായി. എം.എല്‍.എമാരായ അഡ്വ.സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍, എ.ഡി.എം. എ.കെ രമേന്ദ്രന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ മായ.എ.എസ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നേരിട്ടും ഓണ്‍ലൈനായുമായാണ് ഉദ്യോഗസ്ഥരും എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുത്തത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *