Categories
local news news

കാസര്‍കോട് വികസന പാക്കേജ്: 216 പദ്ധതികള്‍ പൂര്‍ത്തിയായി; ജില്ലയുടെ പുരോഗതിക്ക് പദ്ധതികള്‍ നിര്‍ദ്ദേശിക്കാന്‍ അവസരം

പദ്ധതികളുടെ സാമൂഹികവും സാങ്കേതികതവും സാമ്പത്തികവുമായ ആവശ്യകത നിര്‍ണ്ണയിച്ച കരട് നിര്‍ദ്ദേശം ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള കാസര്‍കോട് വികസന പാക്കേജിന്‍റെ ജില്ലാതല സമിതി പരിശോധിക്കും.

കാസര്‍കോട്: ജില്ലയുടെ വികസന പാക്കേജില്‍ 2018-19 വരെ ആവിഷ്‌ക്കരിച്ച 297 പദ്ധതികളില്‍ 216 പദ്ധതികള്‍ പൂര്‍ത്തിയായി. 181 പദ്ധതികള്‍ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ ഡോ.പി.പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ 11,123 കോടി രൂപയുടെ പദ്ധതികളാണ് കാസര്‍കോട് വികസന പാക്കേജ് വഴി 2013 മുതല്‍ ജില്ലയില്‍ നടപ്പിലാക്കിയത്.

സംസ്ഥാന ആവിഷ്‌കൃത പദ്ധതികള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍, കാസര്‍കോട് വികസന പാക്കേജിന് അനുവദിക്കുന്ന പ്രത്യേക ഫണ്ട് എന്നിവയുടെ വിവിധ വിഭവ സ്രോതസുകള്‍ ഉപയോഗിച്ചാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

ഇതോടൊപ്പം തന്നെ ജനങ്ങള്‍ക്ക് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടാത്തതും കാലാനുസൃതമായതും ജില്ലയുടെ സമഗ്ര പുരോഗതിക്ക് ഉതകുന്നതുമായ പദ്ധതികള്‍ ഉള്‍പ്പെടുത്തി നിര്‍ദ്ദേശിക്കാന്‍ അവസരം ഒരുങ്ങുന്നുണ്ട്. ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍, ത്രിതല പഞ്ചായത്തുകള്‍, മറ്റ് ഗവണ്‍മെന്റ് ഏജന്‍സികള്‍, പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന പുതിയ പദ്ധതികള്‍ തയ്യാറാക്കി നല്‍കാം. ഇങ്ങനെ ലഭ്യമാക്കുന്ന പദ്ധതി നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാന്‍ ആവശ്യകത നിര്‍ണ്ണയ സമിതികള്‍ രൂപീകരിച്ചു.

പദ്ധതികളുടെ സാമൂഹികവും സാങ്കേതികതവും സാമ്പത്തികവുമായ ആവശ്യകത നിര്‍ണ്ണയിച്ച കരട് നിര്‍ദ്ദേശം ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള കാസര്‍കോട് വികസന പാക്കേജിന്‍റെ ജില്ലാതല സമിതി പരിശോധിക്കും. ജില്ലാതല പരിശോധനകള്‍ക്ക് ശേഷം പുതിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. കരട് നിര്‍ദ്ദേശങ്ങള്‍ വിദഗ്ദ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ വിവിധ മേഖലയില്‍ ശില്‍പശാല സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുതിയ പദ്ധതികള്‍ അവതരിപ്പിക്കാനുളള ഓപ്പണ്‍ ഫോറം സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു അറിയിച്ചു.

ജില്ലയുടെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികള്‍ കണ്ടെത്തുക എന്നതാണ് ലക്ഷ്യം. ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ksdkdp@gmail.com എന്ന് ഇമെയില്‍ വിലാസത്തിലോ സ്‌പെഷ്യല്‍ ഓഫീസര്‍, കാസര്‍കോട് വികസന പാക്കേജ്, കളക്ടറേറ്റ്, വിദ്യാനഗര്‍ പി.ഒ, കാസര്‍കോട് എന്ന വിലാസത്തിലോ പദ്ധതികള്‍ തയ്യാറാക്കി അയക്കാം. പുതിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ മേല്‍ വിലാസം , ഫോണ്‍ നമ്പര്‍ എന്നിവ എഴുതണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *