Categories
Kerala news

കാസർകോട് നഗരസഭയുടെ പരിഷ്കരിച്ച ഡി.ടി.പി സ്കീമിന് സര്‍ക്കാറിൻ്റെ അംഗീകാരം; കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ കൂടുതൽ ഇളവുകൾ ലഭ്യമാകും; ചെയര്‍മാന്‍ അബ്ബാസ് ബീഗം

കാസർകോട്: കാസർകോട് നഗരസഭ സമര്‍പ്പിച്ച വിശദ നഗരാസൂത്രണ പദ്ധതിയുടെ പരിഷ്കരിച്ച റിപ്പോർട്ടും പ്ലാനും (ഡി.ടി.പി സ്കീം) അംഗികരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. കാസർകോട് പുതിയ ബസ് സ്റ്റാന്റ് ഏരിയയുടെയും സെൻട്രൽ ഏരിയയുടെയും സമഗ്രമായ വികസനത്തിന് പരിഷ്കരിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതോടു കൂടി സാധ്യമാകും. ഇരു ഏരിയകളിലെയും റസിഡന്‍ഷ്യല്‍ ഉപയോഗത്തിനായി സോണ്‍ ചെയ്ത പ്രദേശങ്ങളില്‍ വാണിജ്യത്തിനും താമസ ഉപയോഗത്തിനുമുള്ള നിര്‍മ്മാണങ്ങള്‍ നിയന്ത്രണങ്ങളോടെ അനുവദനീയമാക്കിയിട്ടുണ്ട്. സ്വകാര്യ ഭൂമിയില്‍ ഉള്‍പ്പെടുന്നതും പൊതു-അര്‍ദ്ധപൊതു ആവശ്യങ്ങള്‍ക്കായി സോണ്‍ ചെയ്തതുമായ പ്രദേശങ്ങളില്‍ പൊതു പ്രവര്‍ത്തനം നിലയ്ക്കുകയോ പൊതുപ്രവര്‍ത്തനത്തിനായി ഏറ്റെടുക്കുകയോ ചെയ്തിട്ടില്ലെങ്കില്‍, ആയതിനു ചുറ്റുമുള്ള ഭൂവിനിയോഗ മേഖലയില്‍ അനുവദനീയമായ ഉപയോഗങ്ങള്‍ക്കും ഇളവുകള്‍ ലഭിക്കും. കൂടാതെ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ കൂടുതൽ ഇളവുകൾ ഇതോടു കൂടി ലഭ്യമാകുമെന്നും ചെയര്‍മാന്‍ പറഞ്ഞു. 1989, 1991 വർഷങ്ങളിലാണ് ഡി.ടി.പി സ്കീമുകൾ പ്രാബല്യത്തിൽ വന്നത്. ആയതിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചു കൊണ്ടാണ് നിലവിൽ സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നത്. 33 വർഷത്തിന് ശേഷമാണ് കാസർകോട് നഗരസഭയുടെ വിശദ നഗരാസൂത്രണ പദ്ധതി പരിഷ്കരിക്കുന്നത്. 2024 ഫെബ്രുവരി 22 നാണ് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗത്തിൻ്റെ നേതൃത്വത്തില്‍ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഖാലിദ് പച്ചക്കാട്, സഹീർ ആസിഫ്, നഗരസഭാ സെക്രട്ടറി ജസ്റ്റിൻ പി.എ, നഗരസഭാ എഞ്ചിനീയർ ദിലീഷ് എൻ.ഡി തുടങ്ങിയവരുടെ സംഘം വിശദ നഗരാസൂത്രണ പദ്ധതിയുടെ പരിഷ്കരിച്ച റിപ്പോർട്ടും പ്ലാനും ചീഫ് ടൗൺ പ്ലാനർ പ്രമോദ് കുമാർ സി.പിക്ക് തിരുവനന്തപുരത്ത് വെച്ച് കൈമാറിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest