Categories
business Kerala local news news

കാസർകോട് കലക്ടറും സംഘവും പുലർച്ച 4 മണിയോടെ വീട് വളയുന്നു; നിരവധി ചാക്കുകളിലായി സൂക്ഷിച്ച കോടികൾ വിലവരുന്ന ചന്ദനം പിടികൂടുന്നു; പിന്നീട് സംഭവിച്ചത്

കാസർകോട്: ജില്ല കലക്ടറുടെയും പോലീസ് ചീഫിൻ്റെയും വസതികള്‍ക്ക് സമീപത്തുനിന്നും വൻ ചന്ദന ശേഖരം പിടികൂടി. കാറുകളിൽ കൊണ്ടുവന്ന് ലോറിയിലേക്ക് കയറ്റുന്നത് ശ്രദ്ധയിൽപെട്ട കലക്ടറുടെ ഗണ്‍മാന്‍ ദിലീഷ് കുമാര്‍, ഡ്രൈവർ ശ്രീജിത്ത് പൊതുവാള്‍ എന്നിവരും കലക്ടറും ചേർന്നാണ് വീട് വളഞ്ഞ് ചന്ദനം പിടികൂടിയത്. സംഭവ സ്ഥലത്ത് നിന്നും മൂന്നംഗ സംഘം രക്ഷപെട്ടു. ഗോഡൗണിലും കാറുകളുമായി സൂക്ഷിച്ച നിലയിലായിരുന്നു ചന്ദനമുട്ടികള്‍. ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെ ശബ്ദം കേട്ടാണ് കലക്ടറുടെ സുരക്ഷാ ജീവനക്കാരൻ പരിസരം നിരീക്ഷിച്ചത്. ഉടൻ തന്നെ കലക്ടറെ വിവരമറിയിച്ച് സംശയം തോന്നിയ വീട് വളയുകയായിരുന്നു. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തുകയും ചെയ്തു.

34 ചാക്കുകളിലായി 855 കിലോ ചന്ദനമുട്ടികളാണ് ഉണ്ടായിരുന്നത്. ഇവയ്ക്ക് രണ്ട് കോടിയോളം രൂപ വിലമതിക്കുമെന്നാണ് വിലയിരുത്തൽ. ചന്ദനം കടത്താന്‍ ഉപയോഗിച്ച ലോറിയും രണ്ട് കാറുകളും പിടികൂടിയിട്ടുണ്ട്. വിദ്യാനഗര്‍ നായന്മാര്‍മൂലയിലെ അബ്ദുല്‍ ഖാദറിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ചന്ദനം കണ്ടെടുത്ത വീടും ഗോഡൗണും. അബ്ദുല്‍ ഖാദര്‍ സംഭവം അറിഞ്ഞതോടെ ഒളിവില്‍ പോയതായാണ് വിവരം. ആരെയും പിടികുടാനായിട്ടില്ല.

വർഷങ്ങൾക്ക് മുമ്പ് കാസര്‍കോട്ടും പരിസരങ്ങളിലുമായി ചന്ദന ഫാക്ടറികള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും കോടതി വിധിക്ക് ശേഷം ഫാക്ടറികൾ പ്രവർത്തിക്കുന്നില്ല. അതിനാൽ തന്നെ സര്‍ക്കാര്‍ വനത്തില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ നിന്നും സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിന്നും ചന്ദന മരങ്ങള്‍ രഹസ്യമായി മുറിച്ചു കൊണ്ടുവന്ന് സൂക്ഷിക്കുകയും പിന്നീട് ഇവ മറ്റു സംസ്ഥാനങ്ങളിലേക്ക് കടത്തുകയുമാണ് സംഘം ചെയ്യുന്നത് എന്നാണ് സംശയിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *