Categories
Kerala news

ജലക്ഷാമം; കാസർകോട് ബ്ലോക്കിലെ മുഴുവൻ കുഴൽ കിണറുകളുടെയും വിവരം ശേഖരിക്കാൻ കുടുംബശ്രീയെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ

കാസർഗോഡ്: ഗുരുതരഭൂജലക്ഷാമം നേരിടുന്ന കാസർകോട് ബ്ലോക്കിലെ മുഴുവൻ കുഴൽ കിണറുകളുടെയും വിവരം ശേഖരിക്കാൻ കുടുംബശ്രീയെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ. വിവര ശേഖരണം ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കാനാണ് നിർദേശം. കുഴൽ കിണറുകൾ റീചാർജ് ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായാണ് വിവരശേഖരണം. ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേർന്ന ജൽ ശക്തി അഭിയാൻ ജില്ലാതല അവലോകന യോഗത്തിലാണ് ജില്ലാ കളക്ടർ കെ ഇമ്പശേഖർ നിർദേശം നൽകിയത്. മൊഗ്രാൽ പുത്തൂർ, ചെങ്കള പഞ്ചായത്തുകളിലെ കുഴൽ കിണറുകളുടെ വിവരശേഖരണം മാത്രമാണ് അവശേഷിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. പഞ്ചായത്തുകളിലെ വിവരശേഖരണം ഉടൻ പൂർത്തിയാക്കും. ജില്ലയിലെ ജലാശയങ്ങളുടെ വിവരങ്ങൾ ഡിജിറ്റൈൽ സർവ്വേ രേഖകളുമായി ഒത്തു നോക്കുന്നതിന് നടപടി സ്വീകരിക്കാൻ സർവ്വേ ഡെപ്യൂട്ടി ഡയറക്ടർക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ഡിജിറ്റൽ സർവേ പൂർത്തീകരിച്ച വില്ലേജുകളിലെ ജലാശയങ്ങളുടെ വിവരങ്ങൾ റവന്യൂ രേഖകളുമായി ഒത്തു നോക്കുന്നതിന് കളക്ടർ നിർദേശിച്ചു. പുഴകൾ ഉൾപ്പെടെ ജലാശയങ്ങളിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കാനും കളക്ടർ നിർദേശം നൽകി. ജില്ലയിലെ ക്വാറികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും ഉപേക്ഷിക്കപ്പെട്ട ക്വാറികൾ വേലികെട്ടി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനും നിർദ്ദേശം നൽകി. ജലസംരക്ഷണ പ്ലാൻ തയ്യാറാക്കുന്നതിന് നവ കേരള മിഷനാണ് ചുമതല.

ജില്ലയിലെ സുരംഗങ്ങളുടെ വിവരശേഖരണം നടത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ഉപേക്ഷിക്കപ്പെട്ടതും ഉപയോഗിക്കുന്നതും ആയ സുരങ്കങ്ങളുടെ വിവരശേഖരണം നടത്തുന്നതിനാണ് പഞ്ചായത്ത് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്. ഇതുവരെ 44 സുരംഗങ്ങളുടെ വിവരങ്ങൾ ലഭ്യമായതായി ജോയിൻറ് ഡയറക്ടർ അറിയിച്ചു. യോഗത്തിൽ നോഡൽ ഓഫീസർ അരുൺ ദാസ്, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ പി.ടി സഞ്ജീവ്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സ്മിതാ നന്ദിനി സി.പി.സി.ആർ.ഐ, കൃഷി വിജ്ഞാൻ കേന്ദ്ര മേധാവി ഡോ മനോജ് കുമാർ, അസിസ്റ്റൻറ് ജിയോളജിസ്റ്റ് കെ റോഷില, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ വിനോദ് കുമാർ, കെ ഗിരീഷ് ദാരിദ്ര്യലഘൂകരണ വകുപ്പ് പ്രൊജക്റ്റ്ഡയറക്ടർ ഫൈസി, എൻ,ഐ,സി ജില്ലാ ഓഫീസർ ലീന, ഭൂജലവകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ഓ രതീഷ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസർ രത്നേഷ്, ജില്ലാ കലക്ടറുടെ ഇൻറേൺ പി അനാമിക, അശ്വതി തുടങ്ങിയവർ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest