Categories
Kerala local news

ഭിന്നശേഷിക്കാരുടെ വീട്ടിലേക്കുള്ള റോഡ് തടഞ്ഞതായി കണ്ണീരോടെ അമ്മ; അടിയന്തിരമായി പുന:സ്ഥാപിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് മന്ത്രിയുടെ നിർദേശം; ആവശ്യമെങ്കിൽ പോലീസ് സഹായവും തേടാം..

കാസർഗോഡ്: കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ‘കരുതലും കൈത്താങ്ങും’ കാസർകോട് താലൂക്ക് തല അദാലത്തിന് എത്തിയ ബന്തടുക്കയിലെ ഗീത പ്രതാപൻ മടങ്ങിയത് നെഞ്ചിലെ നേരിപ്പോടടങ്ങിയ ആശ്വാസത്തോടെ. ഭിന്നശേഷിക്കാരായ രണ്ട് ആൺമക്കളുള്ള ഗീതയുടെ വീട്ടിലേക്കുള്ള റോഡ് കഴിഞ്ഞ അഞ്ചു വർഷമായി തടസ്സപ്പെട്ട നിലയിലാണ്. ഇത് കാരണം 90 ശതമാനം ഭിന്നശേഷിക്കാരനായ മകനെ ചുമന്നുകൊണ്ടു ആശുപത്രിയിൽ കൊണ്ടുപോകേണ്ട അവസ്ഥയാണെന്ന് അദാലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയോട് വിവരിക്കവേ അവർ പൊട്ടിക്കരഞ്ഞു. “26 വർഷം ഞങ്ങൾ ഉപയോഗിച്ച റോഡാണ് ഒറ്റ വ്യക്തിയുടെ എതിർപ്പ് കാരണം മുടങ്ങിയത്. മക്കളെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടതിനാൽ റോഡില്ലാത്ത സ്വന്തം വീട് അടച്ചിട്ട് ബന്തടുക്ക ടൗണിൽ വാടകയ്ക്ക് കഴിയുകയാണ് ഞാൻ,” ഗീത പറഞ്ഞു.

40-കാരനായ മൂത്ത മകനെ ചുമന്നുകൊണ്ടു പോകുന്ന ചിത്രവും അവർ മന്ത്രിയെ കാണിച്ചു. കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉള്ള റോഡാണ് തടയപ്പെട്ടത്. റോഡ് എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദേശവും പാലിക്കപ്പെട്ടില്ല. കമ്മിഷൻ നിർദേശം ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ച മന്ത്രി റോഡ് ഉടൻ പുന:സ്ഥാപിക്കാൻ കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിർദേശം നൽകി. ആവശ്യമെങ്കിൽ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് പോലീസ് സഹായവും തേടണം. 200 മീറ്റർ ദൂരമുള്ള റോഡ് തടസ്സപ്പെട്ടതിനാൽ ഭിന്നശേഷിക്കാരുടെ കുടുംബം അതീവ പ്രയാസത്തിലാണെന്ന് കാറടുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിജി മാത്യുവും മന്ത്രിയെ ധരിപ്പിച്ചു. ഗീതയുടെ 38-വയസുള്ള രണ്ടാമത്തെ മകൻ 50 ശതമാനം ഭിന്നശേഷിക്കാരനാണ്. “എന്റെ അഞ്ചു വർഷമായുള്ള ഓട്ടത്തിനാണ് ഇന്ന് അദാലത്തിൽ പരിഹാരമായത്,” അദാലത്ത് നടന്ന കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിൽ നിന്ന് മടങ്ങവെ ഗീത നെടുവീർപ്പോടെ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *