Categories
യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവം; കർശന നടപടി സ്വീകരിക്കണം; നാടിനെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്ന ശക്തികളെ അടിച്ചമർത്തണം; മുസ്ലിം ലീഗ്
Trending News





കാസർകോട്: നാടിനെ കലാപ ഭൂമിയാക്കി മാറ്റാനുള്ള ഛിദ്ര ശക്തികളുടെ നീക്കങ്ങളെ പോലീസ് ശക്തിയുക്തം അടിച്ചമർത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികൾ ജില്ലാ പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു. സമാധാനന്തരീക്ഷം നിലനിൽക്കുന്ന കാസർകോടും സമീപ പ്രദേശങ്ങളിലും അനാവശ്യമായ ആക്രമണങ്ങൾ നടത്തി നാടിൻ്റെ സമാധാനന്തരീക്ഷം തകർക്കാൻ ചില സാമൂഹ്യ ദ്രോഹികൾ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇരുട്ടിൻ്റെ മറവിൽ പതിയിരുന്ന് സംഘം ചേർന്ന് ആക്രമിക്കുന്ന സ്ഥിതി വർദ്ധിച്ചു വരികയാണ്. രാത്രി കാലങ്ങളിൽ അലഞ്ഞു തിരിയുന്ന സാമൂഹ്യ ദ്രോഹികളെ പിടികൂടാനും ശിക്ഷിക്കാനും നടപടി വേണം. കഴിഞ്ഞ ദിവസം മധൂർ മീപ്പുഗിരിയിൽ പുതുതായി തുടങ്ങുന്ന കടയിൽ പെയിന്റടിക്കുന്നതിനിടെ എരിയാലിലെ ബാസിത് എന്ന യുവാവിനെ മാരകമായി കുത്തി മുറിവേൽപ്പിച്ചത് ഒട്ടനവധി ക്രിമിനൽ കേസുകളിലെയും കൊലക്കേസുകളിലെയും പ്രതിയും സംഘ് പരിവാർ സംഘടന പ്രവർത്തകനുമെന്നത് പ്രശ്നത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കാസർകോടും പരിസര പ്രദേശങ്ങളിലും കാലാകാലങ്ങളായി നടന്ന കൊലക്കേസ് അടക്കമുള്ള ക്രിമിനൽ കേസുകളിലെ പ്രതികളെ പോലീസ് അന്വേഷണത്തിലെ പിഴവുകൾ മൂലം വിട്ടയച്ചത് കൊണ്ടാണ് അത്തരം കേസുകളിലെ പ്രതികൾ തന്നെ വീണ്ടും ആക്രമണങ്ങൾ അഴിച്ചുവിടുന്നത്. അകാരണമായി ബാസിത്തിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാനും നാടിൻ്റെ സമാധാനന്തരീക്ഷം നിലനിർത്താനും പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ അബ്ദുല്‍ റഹിമാൻ, വൈസ് പ്രസിഡണ്ട് അഡ്വ. എന്‍.എ ഖാലിദ്, സെക്രട്ടറിമാരായ ടി.സി.എ റഹ്മാൻ, അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി എന്നിവർ അഡീഷണൽ എസ്.പി. പി ബാലകൃഷ്ണൻ നായരെ നേരിൽ കണ്ട് ആവശ്യപ്പെട്ടു.
Also Read
യുവാവിനെതിരെയുള്ള അക്രമം ജനങ്ങൾ ആശങ്കയോടെയും ഭയത്തോടെയും ആണ് കാണുന്നതെന്നും അക്രമികൾക്കെതിരെ കർശനവും മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. കാസർകോട്ടും പരിസരത്തും കുറച്ച് കാലമായിട്ട് നാനാ വിഭാഗം ജനങ്ങളും വളരെ സൗഹാർദ്ദപരമായും സമാധാനത്തോടെയും ആണ് മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. ഇത് ഉൾക്കൊള്ളാൻ കഴിയാത്തവരാണ് അക്രമത്തിന് പിന്നിൽ. കഴിഞ്ഞ കാലങ്ങളിൽ നടന്ന അക്രമ കേസുകളിൽ കൃത്യമായ അന്വേഷണം നടക്കാത്തതും കർശനമായ ശിക്ഷ ഉറപ്പാക്കാൻ കഴിയാത്തതുമാണ് കഴിഞ്ഞകാല കേസുകളിലെ പ്രതികൾ വീണ്ടും ഇത്തരം അക്രമം നടത്താൻ ധൈര്യം കാണിക്കുന്നത്. പലപ്പോഴും മദ്യത്തിൻ്റയും മയക്കുമരുന്നിൻ്റയും ഉപയോഗത്തിൻ്റ ആനുകൂല്യം വെച്ച് പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കാറുണ്ട്. ചൂരിയിലും പരിസരപ്രദേശങ്ങളിലും അക്രമങ്ങൾ ആവർത്തിക്കപ്പെടുന്നത് പരിസര പ്രദേശങ്ങളിലെ ജനങ്ങളെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്ന ഈ സംഭവങ്ങളിൽ പോലീസ് ഊർജ്ജിതമായ അന്വേഷണം നടത്തി പ്രതികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കാത്ത പക്ഷം ബഹുജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകേണ്ടി വരുമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ് അസീസ് കളത്തൂർ ജനറൽ സെക്രട്ടറി സഹീർ ആസിഫ് മുന്നറിയിപ്പ് നൽകി.

Sorry, there was a YouTube error.