Categories
business Kerala national news

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ വീട്ടില്‍ ഇ.ഡി റെയ്‌ഡ്‌, വലിയ സുരക്ഷാ സന്നാഹത്തിൽ ഒരേസമയം അഞ്ചിടത്തും പരിശോധന

നേരത്തെ ഇ.ഡി ബാങ്കിലെത്തി രേഖകള്‍ പരിശോധിച്ചിരുന്നു

കേസിലെ പ്രതികളുടെ വീടുകളിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്‌ഡ്‌. കേസിലെ മുഖ്യപ്രതി ബിജോയ് ഉള്‍പ്പടെ അഞ്ച് പ്രതികളുടെ വീട്ടിലാണ് ഒരേ സമയം പരിശോധന നടത്തുന്നത്. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഒരേസമയം അഞ്ചിടത്തും പരിശോധന നടത്തിയത്. രാവിലെ എട്ടുമണിക്ക് പരിശോധന ആരംഭിച്ചു. സി.ആര്‍.പി.എഫ് സുരക്ഷയോട് കൂടിയാണ് റെയ്‌ഡ്‌.

വ്യത്യസ്ത ഇടങ്ങളില്‍ നടക്കുന്ന റെയ്‌ഡിൽ 75ഓളം ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്. ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ എം.കെ ബിജു കരീം, മുന്‍ സീനിയര്‍ അക്കൗണ്ടണ്ട് ജില്‍സ്, ബാങ്ക് അംഗം കിരണ്‍, ബാങ്കിൻ്റെ മുന്‍ റബ്‌കോ കമ്മീഷന്‍ ഏജണ്ട് ബിജോയ് തുടങ്ങിയ പ്രതികളുടെ വീടുകളിലാണ് റെയ്‌ഡ്‌ നടത്തുന്നത്. കേസിലെ പ്രതികളില്‍ മിക്കവരും നിലവലില്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.

കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 104 കോടി രൂപയുടെ ക്രമക്കേടാണ് നടന്നതെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ട് ഒരു വര്‍ഷമായെങ്കിലും കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.

തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ നേരത്തെ ഇ.ഡി ബാങ്കിലെത്തി രേഖകള്‍ പരിശോധിച്ചിരുന്നു. അതിന് ശേഷം കാര്യമായ ഇടപെടല്‍ ഉണ്ടായിരുന്നില്ല. ലക്ഷങ്ങള്‍ നിക്ഷേപം നടത്തിയവര്‍ക്ക് പണം ലഭിക്കാത്തത് സമീപകാലത്ത് വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് ഇ ഡിയുടെ മിന്നല്‍ റെയ്‌ഡ്‌ ഉണ്ടായിരിക്കുന്നത്. ബാങ്കിലെത്തിയും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമെന്നാണ് വിവരം. ക്രൈം ബ്രാഞ്ചില്‍ നിന്ന് വിശദാംശങ്ങള്‍ ആരായുമെന്നാണ് ഇ.ഡി വൃത്തങ്ങള്‍ പറയുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *