Categories
entertainment international news

കാൻ ഫെസ്റ്റിൽ ചര്‍ച്ചയായി കനി കുസൃതിയുടെ കൈയിലെ ബാഗ്; തണ്ണിമത്തനും ഫലസ്‌തീനും തമ്മിലെന്ത് കാര്യം, ചരിത്രം അറിയാം

ലോകം ഉറ്റുനോക്കുന്ന കാനിലെ സ്വപ്‌ന വേദിയില്‍ മലയാളിയുടെ നിലപാട് പറയാന്‍ കനി

കാന്‍ ചലച്ചിത്രോത്സവത്തില്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത് കനി കുസൃതിയുടെ ബാഗിനെ കുറിച്ചാണ്. കൊച്ചു കേരളത്തില്‍ നിന്നും ലോകത്തിൻ്റെ മുന്നില്‍ നിലപാട് വ്യക്തമാക്കിയാണ് ‘തണ്ണിമത്തന്‍’ ബാഗുമായി കനി കുസൃതി എത്തിയത്. കനി കൈയില്‍ പിടിച്ച ബാഗാണ് ലോകത്തിൻ്റെ ശ്രദ്ധ കവര്‍ന്നത്. ഫലസ്‌തീന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തൻ്റെ ഡിസൈനാണ് ഈ ബാഗിന് നല്‍കിയിരിക്കുന്നത്.

കനി ഈ ബാഗും പിടിച്ച് നില്‍ക്കുന്ന ചിത്രം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇസ്രയേല്‍ യുദ്ധത്തില്‍ ഫലസ്‌തീനോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനുള്ള പ്രതീകമായാണ് തണ്ണിമത്തനെ ലോകം നോക്കിക്കാണുന്നത്.

ലോകം ഉറ്റുനോക്കുന്ന കാനിലെ സ്വപ്‌ന വേദിയില്‍ മലയാളിയുടെ നിലപാട് പറയാന്‍ കനി കാണിച്ച ധൈര്യത്തിന് സോഷ്യല്‍ മീഡിയലോകം ഒന്നടങ്കമാണ് കൈയടിച്ചത്. തണ്ണീര്‍മത്തന്‍ എങ്ങനെയാണ് ഫലസ്‌തീൻ ഐക്യദാര്‍ഡ്യത്തിൻ്റെ അടയാളമാകുന്നത് എന്നാണ് ചിലരുടെ സംശയം.

ഫലസ്‌തീൻ ദേശീയ പതാകയിലെ നിറങ്ങളോടും ഡിസൈനോടും ചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ടാണ് തണ്ണിമത്തന്‍ ഫലസ്‌തീൻ ഐക്യദാര്‍ഢ്യത്തിൻ്റെ അടയാളമായി ലോകമെങ്ങും നിറയുന്നത്. തണ്ണിമത്തന്‍ ഫലസ്‌തീൻ പ്രതിരോധത്തിൻ്റെ അടയാളമായി സ്വീകരിക്കാന്‍ തുടങ്ങിയത് എപ്പോഴാണ് എന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇല്ലെങ്കിലും അതിൻ്റെ പിന്നില്‍ പറയുന്ന ചരിത്രം ഇപ്രകാരമാണ്.

അറബ്- ഇസ്രയേല്‍ യുദ്ധത്തിന് ശേഷം 1967 മുതല്‍ ഇസ്രയേലിൻ്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഫലസ്‌തീൻ പതാകയ്ക്ക് നിരോധനമേര്‍പ്പെടുത്തി. പതാകയോ അതിലെ നിറങ്ങള്‍ക്ക് സമാനമായോ വസ്തുക്കളോ പ്രദര്‍ശിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഉത്തരവ്. 25 വര്‍ഷം നിലനിന്ന ആ ഉത്തരവ് 1993ലാണ് പിന്‍വലിച്ചത്.

പോയവര്‍ഷം വീണ്ടും പൊതുവിടങ്ങളില്‍ ഫലസ്‌തീൻ പതാകകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തികൊണ്ട് ഇസ്രയേല്‍ ഭരണകൂടം ഉത്തരവ് പ്രഖ്യാപിച്ചു. 1980 കളില്‍ തൻ്റെ ആര്‍ട്ട് ഗാലറിയില്‍ സെന്‍സര്‍ഷിപ്പിന് എത്തിയ ഇസ്രയേല്‍ പട്ടാളക്കാരാണ് തണ്ണിമത്തന്‍ പ്രതിരോധ അടയാളമായി മാറ്റിയതെന്നാണ് ഫലസ്‌തീൻ ചിത്രകാരനായ സ്ലിമന്‍ മന്‍സൂര്‍ പറയുന്നത്.

ഒരിക്കല്‍ സ്ലിമൻ്റെ ആര്‍ട്ട് ഗാലറി പരിശോധിക്കാന്‍ ഇസ്രയേല്‍ പട്ടാളക്കാര്‍ എത്തി. ഫലസ്‌തീനികളുടെ പ്രതിരോധവുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ ഗാലറിയില്‍ നിന്ന് പട്ടാളക്കാര്‍ പിടിച്ചെടുത്തു. ശേഷം ഭംഗിയുള്ള പൂക്കളുടെയും പ്രകൃതി ദൃശ്യങ്ങളുടെയും ചിത്രം മാത്രം താങ്കള്‍ വരച്ചാല്‍ മതിയെന്നും അത്തരം ചിത്രങ്ങള്‍ നല്ല വില നല്‍കി ഞങ്ങള്‍ വാങ്ങിക്കാം എന്നും പട്ടാളക്കാര്‍ ഉപദേശിക്കുന്നു. അനുമതി നേടാതെ ഇനി ഒരിക്കലും സ്ലിമാന് ചിത്രപ്രദര്‍ശനം നടത്താനാകില്ലെന്നും പട്ടാളക്കാര്‍ പറഞ്ഞു.

ഫലസ്‌തീൻ പതാകയില്‍ ഉപയോഗിച്ചിരിക്കുന്ന ചുവപ്പ്, പച്ച, കറുപ്പ്, വെള്ള എന്നീ നിറങ്ങള്‍ പെയിന്റിങ്ങിനായി ഒരിക്കലും ഉപയോഗിക്കരുതെന്ന് ആജ്ഞാപിച്ചു. അന്ന് സ്ലിമാനൊപ്പം അവിടെ ഉണ്ടായിരുന്ന ഇസാം ബദര്‍ എന്ന ചിത്രകാരന്‍ പട്ടാളക്കാരോട് ഇങ്ങനെ ചോദിച്ചു ‘ ചുവപ്പ്, പച്ച, കറുപ്പ്, വെള്ള എന്നീ നിറങ്ങള്‍ ഉപയോഗിച്ച് ഞാന്‍ പൂക്കളെ വരച്ചാല്‍ നിങ്ങളെന്ത് ചെയ്യും..?”

‘ആ നിറങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ എന്ത് വരച്ചാലും ഞങ്ങളത് കണ്ടുകെട്ടും. അത് തണ്ണീര്‍മത്തൻ്റെ ചിത്രമായാല്‍ പോലും..’ പട്ടാള സംഘത്തലവൻ്റെ മറുപടി ഇപ്രകാരമായിരുന്നു.

ഈ സംഭവം പുറംലോകത്ത് എത്തിയതോടെ സ്ലിമാന് പിന്തുണയുമായി നിരവധി ചിത്രകാരന്മാര്‍ രംഗത്തെത്തി. നിരോധിത നിറങ്ങള്‍ ഉപയോഗിച്ച് മാത്രം അവര്‍ ചിത്രങ്ങള്‍ വരച്ചു. തണ്ണിമത്തന്‍ ചിത്രങ്ങള്‍ ലോകമെങ്ങും നിറഞ്ഞു. ഈ സംഭവത്തിന് ഒരുവര്‍ഷത്തിന് ശേഷം പട്ടാളക്കാര്‍ സ്ലിമാനെ അറസ്റ്റ് ചെയ്‌തു. ഭക്ഷണവും വെള്ളവും പോലും നല്‍കാതെ അദ്ദേഹത്തെ ചോദ്യം ചെയ്‌തു.

ഇതിന് ശേഷമാണ് സ്ലിമാന്‍ തണ്ണിമത്തൻ്റെ ചിത്രങ്ങളും മറ്റ് രാഷ്ട്രീയ ചിത്രങ്ങളും വരയ്ക്കാന്‍ ആരംഭിച്ചത്. സ്ലിമാൻ്റെ കഥ അറിഞ്ഞ ലോകത്തെ പ്രമുഖ ചിത്രകാരമാര്‍ ഫലസ്‌തീൻ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്‍ ചിത്രങ്ങള്‍ വരച്ചു. അതൊരു തരംഗവും പ്രതിരോധവും അടയാളവുമായി മാറി. അങ്ങനെയാണ് തണ്ണിമത്തന്‍ ഫലസ്‌തീനുമായി ബന്ധപ്പെട്ട് കിടക്കുന്നതിൻ്റെ ചരിത്രം.

0Shares

Leave a Reply

Your email address will not be published. Required fields are marked *