Categories
Kerala local news news

ഒരു ദിവസം മുമ്പ് ആദൂർ പോലീസ് സ്റ്റേഷനിൽ എത്തി ഒരാൾ ഭാര്യയെ ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്നതായി വിജയൻ പരാതി നൽകി; പിറ്റേ ദിവസം കള്ളത്തോക്ക് ഉപയോഗിച്ച് കൊലപാതകവും; നാടിനെ നടുക്കിയ കാനത്തൂർ സംഭവം കൂടുതൽ അറിയുമ്പോൾ

കാനത്തൂര്‍/കാസർകോട്: ‌ഭാര്യയോട് വിജയന് തോന്നിയ സംശയമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചത്. ഒരാള്‍ ഫോണില്‍ ഭാര്യയെ വിളിച്ച്‌ ശല്യം ചെയ്യുന്നതായി പോലീസിൽ പരാതി നല്‍കിയതിനു പിന്നാലെയാണ് വിജയന്‍ ക്രൂരകൃത്യം നടത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് വിജയന്‍ ഭാര്യയുമായി ആദൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. ഭാര്യയെ ഒരു ഡ്രൈവര്‍ നിരന്തരം ഫോണില്‍ വിളിക്കുന്നുവെന്നായിരുന്നു പരാതി. ഇവര്‍ മടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞ് ആരോപണ വിധേയനെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും അദ്ദേഹം അത് നിഷേധിച്ചു.

പിറ്റേദിവസം വീണ്ടും സ്റ്റേഷനില്‍ എത്താന്‍ നിര്‍ദേശിച്ചാണ് അയാളെ വിട്ടത്. വിജയനോടും ആ സമയത്ത് പോലീസ് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോലീസിനെ തേടി ആസമയം എത്തിയത് നടുക്കുന്ന വാര്‍ത്തയാണ്. മദ്യപാന ശീലമുള്ള വിജയന് സംശയ രോഗം ഉണ്ടെന്ന് ഭാര്യ ബേബി ശാലിനി പറഞ്ഞതായി പോലീസ് പറഞ്ഞു.

വഴക്ക് പതിവായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് ബേബിയുടെ മുടി വിജയന്‍ മുറിച്ച്‌ കളഞ്ഞിരുന്നു. തലയില്‍ തോര്‍ത്ത്മുണ്ടും ഷാളും കെട്ടിയാണ് അവര്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങിയിരുന്നത്. ഫോണ്‍ ഉപയോഗിക്കാത്ത ബേബി മൂന്ന് ആഴ്ച മുന്‍പാണ് ചെറിയൊരു ഫോണ്‍ വാങ്ങിയത്. ഇതോടെയാണ് ഇരുവരും തമ്മില്‍ വഴക്ക് രൂക്ഷമായതെന്ന് നാട്ടുകാര്‍ പറയുന്നു.

വിജയന്‍ ഭാര്യ ബേബിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് വന്യജീവി വേട്ടയ്ക്ക് ഉപയോഗിക്കുന്ന കള്ളത്തോക്കാണ്. വര്‍ഷങ്ങളായി വിജയൻ്റെ കയ്യില്‍ ഈ തോക്ക് ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. പന്നികളെയും മറ്റും വെടിവയ്ക്കാനാണ് ഇത് ഉപയോഗിച്ചിരുന്നത്. ഒറ്റക്കുഴല്‍ നാടന്‍ തോക്കാണിത്. വിരലടയാള വിദഗ്ദരുടെ പരിശോധനയ്ക്ക് ശേഷം തോക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ലൈസന്‍സ് ഉള്ള തോക്കുകള്‍ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി പോലീസ് സ്റ്റേഷനുകളിലാണ് ഉള്ളത്. ഇത് കൊടുത്ത് തുടങ്ങുന്നതേയുള്ളൂ.

ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇത്തരം കള്ളത്തോക്കുകള്‍ വ്യാപകമാണെന്ന് നേരത്തെ തന്നെ പരാതികളുണ്ട്. മുമ്പും കള്ളത്തോക്ക് ഉപയോഗിച്ച് കൊലപാതകം നടന്നിട്ടുണ്ട് ജില്ലയിൽ. എന്നിട്ടും കള്ളത്തോക്കുകള്‍ കണ്ടെത്താനുള്ള അന്വേഷണങ്ങളോ വ്യാപക പരിശോധനകളോ ഉണ്ടായിട്ടില്ല എന്ന പരാതിയും ഇപ്പോൾ ഉയരുകയാണ്.

കാനത്തൂരിലെ കുടുംബ വഴക്കില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ടപ്പോള്‍ അനാഥമായത് ആറ് വയസുകാരനാണ്. കാനത്തൂര്‍‌ ഗവ.യുപി സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് സി.കെ.അഭിഷേക്. അമ്മയെ അച്ഛന്‍ വെടിവച്ചു കൊന്നു എന്ന വിവരം അടുത്ത വീട്ടുകാരെ ആദ്യം അറിയിച്ചത് അഭിഷേകായിരുന്നു. എങ്കിലും കാര്യത്തിൻ്റെ ഗൗരവം എത്രമാത്രമുണ്ടെന്ന് അഭിഷേകിന് ബോധ്യമായിരുന്നില്ല. കൊലപാതകം നടന്ന വീട്ടില്‍ ആളുകള്‍ തടിച്ചുകൂടിയപ്പോഴും അഭിഷേക് അയല്‍ വീട്ടിലായിരുന്നു. ഇതൊരു സങ്കട കാഴ്ചയായിരുന്നു.

ഈ വര്‍ഷമാണ് കുട്ടിയെ സ്കൂളില്‍ ചേര്‍ത്തതെങ്കിലും കോവിഡ് കാരണം ക്ലാസില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. പഠിക്കാനുള്ള സൗകര്യവും വീട്ടിലെ സാഹചര്യങ്ങളില്‍ ഈ ആറ് വയസുകാരനു ലഭിച്ചില്ല. മരണപ്പെട്ട ബേബി ശാലിനിയുടെ സഹോദരനെത്തി കുട്ടിയെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഇനി ഇവരുടെ സംരക്ഷണത്തിലായിരിക്കും കുട്ടി വളരുക.

‌ഭാര്യയെ വെടിവച്ച്‌ കൊലപ്പെടുത്തിയ ശേഷം സമീപത്തെ കാട്ടിലേക്ക് കയറിപ്പോയ വിജയന്‍ വീണ്ടും വെടിയുതിര്‍ത്തത് പരിഭ്രാന്തിക്കിടയാക്കി. ആദ്യ വെടിയൊച്ച മുഴങ്ങി 15 മിനിറ്റിന് ശേഷമാണ് രണ്ടാമത്തെ വെടിയൊച്ച മുഴങ്ങിയത്. ശബ്ദം കേട്ടെങ്കിലും ആരും ആ ഭാഗത്തേക്ക് പോയില്ല. വിജയന്‍ സ്വയം വെടിയുതിര്‍ത്തതാണോ അല്ല ആരെയെങ്കിലും വെടിവെച്ചതാണോ എന്നറിയാതെ അവിടെയെത്തിയവര്‍ ഭയചികിതരായി.

പോലീസ് എത്തിയ ശേഷം മാത്രമാണ് ആളുകള്‍ തിരച്ചില്‍ തുടങ്ങിയത്. സ്വയം വെടിവച്ച്‌ മരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. നീളം കൂടിയ നാടന്‍ തോക്ക് ഉപയോഗിച്ച്‌ സ്വയം വെടിവയ്ക്കാന്‍ ബുദ്ധിമുട്ടാണ്. അതാകാം തൂങ്ങിമരിക്കാന്‍ കാരണമെന്നും പോലീസ് കരുതുന്നു.
കാസർകോട് ഡി.വൈഎസ്.പി പി.ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ആദൂർ സർക്കിൾ ഇൻസ്‌പെക്ടർ വി.കെ വിശ്വംഭരനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

0Shares

Leave a Reply

Your email address will not be published. Required fields are marked *