Categories
Kerala news

കളമശ്ശേരി സ്ഫോടനം; സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിന് 54 കേസുകൾ, കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തത് മലപ്പുറം ജില്ലയിൽ

പ്രതി ഡൊമിനിക് മാര്‍ട്ടിനെ മൂന്ന് സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു

തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്തൊട്ടാകെ 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു.

ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തത് മലപ്പുറം ജില്ലയിലാണ്. 26 എണ്ണം. എറണാകുളം സിറ്റിയില്‍ 10 ഉം എറണാകുളം റൂറലിലും തിരുവനന്തപുരം സിറ്റിയിലും അഞ്ച് വീതം കേസുകളുമാണ് ഉള്ളത്. തൃശൂര്‍ സിറ്റിയിലും കോട്ടയത്തും രണ്ടുവീതവും പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് റൂറല്‍ ജില്ലകളില്‍ ഒന്നു വീതവും കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

മതവിദ്വേഷം വളര്‍ത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ നല്‍കുകയും പങ്കുവയ്ക്കുകയും ചെയ്‌ത നിരവധി വ്യാജ പ്രൊഫൈലുകളും പോലീസ് കണ്ടെത്തി. വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് അവര്‍ ഉപയോഗിച്ച ഐ.പി വിലാസം കണ്ടെത്തി നല്‍കാന്‍ ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ്, വാട്‍സ് ആപ് തുടങ്ങിയ സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസം നടന്ന തിരിച്ചറിയല്‍ പരേഡില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിനെ മൂന്ന് സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു. കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്.

19 പേരാണ് സ്ഫോടനത്തെ തുടർന്ന് പരിക്കേറ്റ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഐ.സി.യുവിൽ കഴിയുന്ന പതിമൂന്ന് പേരിൽ സാരമായി പൊള്ളലേറ്റ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മൂന്ന് പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.

ഒക്ടോബർ 29ന് രാവിലെ 9.30 ഓടെയാണ് ക​ള​മ​ശ്ശേ​രി സം​റ ക​ൺ​വെ​ൻ​ഷ​ൻ ​സെ​ന്‍റ​റി​ൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ സ്ഫോടനമുണ്ടായത്. പെ​രു​മ്പാ​വൂ​ർ ഇ​രി​ങ്ങോ​ൾ വ​ട്ടോ​ളി​പ്പ​ടി പു​ളി​യ​ൻ​വീ​ട്ടി​ൽ ലി​യോ​ണ പൗ​ലോ​സ് (55) സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചിരുന്നു. ഇ​ടു​ക്കി കാ​ളി​യാ​ർ മു​പ്പ​ത്താ​റ് ക​വ​ല​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന കു​മാ​രി​ (53), മ​ല​യാ​റ്റൂ​ർ ക​ട​വ​ൻ​കു​ഴി വീ​ട്ടി​ൽ പ്ര​ദീ​പ​ന്‍റെ മ​ക​ൾ ലി​ബി​ന (12) എന്നിവരാണ് പിന്നീട് മരിച്ചത്.

സ്ഫോടനം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് മാർട്ടിൻ പൊലീസിൽ കീഴടങ്ങി. യഹോവ സാക്ഷികളുടെ ആശയങ്ങളോടുള്ള എതിർപ്പാണ് സ്ഫോടനം നടത്താൻ കാരണമെന്നാണ് ഇയാൾ വെളിപ്പെടുത്തിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest