Categories
local news news trending

തിരഞ്ഞെടുപ്പ് കോഴക്കേസിൽ കുരുക്ക് മുറുകുന്നു; കെ.സുരേന്ദ്രന്‍ അടക്കം മുഴുവന്‍ പ്രതികൾക്കും തിരിച്ചടി, 25ന് നിര്‍ബന്ധമായും ഹാജരാകണമെന്ന് കോടതി

നേരത്തെ മൂന്ന് തവണയും കേസ് പരിഗണിച്ചപ്പോള്‍ സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ അടക്കം മുഴുവന്‍ പ്രതികളും നിര്‍ബന്ധമായും ഒക്‌ടോബര്‍ 25ന് ഹാജരാകണമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദ്ദേശം നല്‍കി. ചൊവാഴ്‌ച രാവിലെ 11 മണിയോടെ കേസ് പരിഗണിച്ചപ്പോഴാണ് കോടതി ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്.

നേരത്തെ മൂന്ന് തവണയും കേസ് പരിഗണിച്ചപ്പോള്‍ സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. പകരം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ജില്ലാ കോടതിയില്‍ വിടുതല്‍ ഹരജി നല്‍കുകയായിരുന്നു.

വിടുതല്‍ ഹരജി നല്‍കിയ സാഹചര്യത്തില്‍ പ്രതികള്‍ ഹാജരാകേണ്ടതില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ നിലപാടെടുത്തത്. പിന്നീട് ഈ കേസില്‍ വാദം നടന്നപ്പോള്‍ നിയമപ്രകാരം പ്രതികള്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും ഇതിന് ശേഷം മാത്രമേ വിടുതല്‍ ഹരജിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതോടെയാണ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് വീണ്ടും പരിഗണിച്ചത്.

ചൊവാഴ്‌ചത്തെ വാദത്തിലും പ്രോസിക്യൂഷന്‍ പ്രതികള്‍ ഹാജരാകണമെന്ന ആവശ്യം നിയമപ്രകാരമുള്ള ചട്ടങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് ഉന്നയിച്ചു. ഇതേതുടര്‍ന്നാണ് പ്രതികള്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സി.ഷുക്കൂര്‍ ഹാജരായി. പ്രതിഭാഗം അഭിഭാഷകരും കോടതിയില്‍ എത്തിയിരുന്നു.

മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയെ സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും വാഗ്ദാനം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്.

യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ സുനില്‍ നായക്, ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡണ്ട് കെ.ബാലകൃഷ്‌ണ ഷെട്ടി, കെ.സുരേഷ് നായക്, മണികണ്ഠറൈ, ലോകേഷ് നോണ്ട എന്നിവരും കേസില്‍ പ്രതികളാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest