Categories
Kerala news trending

ആലത്തൂരിൻ്റെ നെറുകയിൽ സിന്ദുര ചുവപ്പണിയിച്ചു; രമ്യ പാട്ടു പാടിയപ്പോൾ രാധാകൃഷ്‌ണൻ തൊടുത്തു വിട്ടത് എക്കാലത്തെയും ജനസേവനം

1996ലാണ് ആദ്യമായി ചേലക്കരയില്‍ നിന്ന് നിയമ സഭയിലെത്തിയത്

ആലത്തൂര്‍: ആലത്തൂരില്‍ സിറ്റിംഗ് എം.പി രമ്യാ ഹരിദാസിനെതിരെ പരാജയപ്പെടുത്തി ഒന്നാമതെത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍. കഴിഞ്ഞ തവണ രമ്യാ ഹരിദാസ് ‘പാട്ടും പാടി’ ജയിച്ച മണ്ഡലമാണ് ഇത്തവണ കെ രാധാകൃഷ്ണനൊപ്പം ചേര്‍ന്നത്. 20143 വോട്ടുകള്‍ ഭൂരിപക്ഷം നേടിയാണ് കെ.രാധാകൃഷ്ണൻ്റെ വിജയം.

2019ല്‍ 5,33,815 വോട്ട് നേടിയാണ് കോണ്‍ഗ്രസ് നേതാവ് രമ്യ ഹരിദാസ് വിജയിച്ച് കയറിയത്. സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പി.കെ.ബിജു അന്ന് നേടിയത് 3,74,847 വോട്ടുകളാണ്. 1,58,968 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച രമ്യ ഹരിദാസിൻ്റെ കൈയ്യില്‍ നിന്നാണ് ആലത്തൂര്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരിക്കുന്നത്.

2014ല്‍ സി.പി.ഐ.എമ്മിനൊപ്പം നിന്ന മണ്ഡലം 2019ല്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. 2014ല്‍ 4,11,808 വോട്ടുകള്‍ നേടിയാണ് പി കെ ബിജു ജയിച്ചത്. പി.കെ ബിജുവിനെ അട്ടിമറിച്ച് രമ്യ ഹരിദാസ് നേടിയ വിജയം വീണ്ടും അട്ടിമറിയിലൂടെ സി.പി.ഐഎമ്മിന് തിരികെ കിട്ടുകയാണ്.

നിലവില്‍ മന്ത്രിയും സി.പി.ഐ.എം കേന്ദ്രക്കമ്മിറ്റിയംഗവുമായ രാധാകൃഷ്‌ണൻ വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെ ആണ് പൊതുരംഗത്തെത്തിയത്. നാല് തവണ നിയസഭ അംഗമായി. അതും ഒരേ മണ്ഡലമായ ചേലക്കരയില്‍. ഡി.വൈ.എഫ്‌ ഐ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. 2008ല്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗമായി. 2018ല്‍ കേന്ദ്രക്കമ്മിറ്റിയംഗവും. 1991ല്‍ വള്ളത്തോള്‍ നഗര്‍ ഡിവിഷനില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാണ് പാര്‍ലമെൻ്റെറി ജീവിതത്തിന് തുടക്കമിട്ടത്.

1996ലാണ് ആദ്യമായി ചേലക്കരയില്‍ നിന്ന് നിയമ സഭയിലെത്തിയത്. തുടര്‍ന്ന് 2001, 2006, 2011, 2021ലും വിജയിച്ചു. 1996ല്‍ ആദ്യമായി നിയമസഭയിലെത്തിയ രാധാകൃഷ്ണന്‍ നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി -വര്‍ഗ ക്ഷേമമന്ത്രിയായി. 2001ല്‍ പ്രതിപക്ഷത്തിൻ്റെ ചീഫ് വിപ്പായി. 2006 ല്‍ നിയമസഭാ സ്‌പീക്കറുമായി.

സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായും എല്‍.ഡി.എഫ് ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചിരുന്നു. ദളിത് ശോഷന്‍ മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡണ്ട്, ഫാം വര്‍ക്കേഴ്‌സ്.യൂണിയന്‍ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡണ്ട്, കേരള സംസ്ഥാന കളിമണ്‍ പാത്ര നിര്‍മാണ തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.

ചേലക്കര തോന്നൂര്‍ക്കര വടക്കേവളപ്പില്‍ എം.സി കൊച്ചുണ്ണിയുടെയും ചിന്നയുടെയും മകനായി 1964 മെയ് 24ന് പുള്ളിക്കാനത്ത് ജനനം. കൊച്ചുണ്ണി പുള്ളിക്കാനത്ത് തോട്ടം തൊഴിലാളിയായിരുന്നു. തോന്നൂര്‍ക്കരയില്‍ അമ്മ ചിന്നയോടൊപ്പമാണ് നിലവില്‍ താമസം. അവിവാഹിതനാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *