Categories
Kerala news

അഭയ കേസില്‍ സിബിഐക്കെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്നും ജോമോന്‍

പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ഒന്നര വര്‍ഷമായിട്ടും സി.ബി.ഐ. കൗണ്ടര്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തില്ല.

കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സി.ബി.ഐ. സഹായം ചെയ്‌തോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ലെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. പ്രതികളുടെ അപ്പീലിനെതിരേ സി.ബി.ഐ. കൗണ്ടര്‍ പോലും ഫയല്‍ ചെയ്തില്ലെന്നും കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സി.ബി.ഐ. പരാജയപ്പെട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സി.ബി.ഐ.യുടെ ഈ വീഴ്ചക്കെതിരേ സി.ബി.ഐ. ഡയറക്ടര്‍ക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കുമെന്നും ജാമ്യം നല്‍കിയതിനെതിരേ സി.ബി.ഐ. സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യണമെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ഒന്നര വര്‍ഷമായിട്ടും സി.ബി.ഐ. കൗണ്ടര്‍ പെറ്റീഷന്‍ പോലും ഫയല്‍ ചെയ്തില്ല. അപ്പീലില്‍ സി.ബി.ഐ.ക്ക് വേണ്ടി വാദിക്കാന്‍ തെലങ്കാനയില്‍ നിന്നുള്ള വക്കീലിനെയാണ് പ്രോസിക്യൂട്ടറായി കൊണ്ടുവന്നത്.

കേസിനെക്കുറിച്ച്‌ ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത പ്രോസിക്യൂട്ടര്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. സി.ബി.ഐ. പ്രോസിക്യൂട്ടര്‍ കോടതിയില്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. അഭയ കേസില്‍ ദീര്‍ഘകാലമായി നിയമയുദ്ധം നടത്തുന്നയാളാണ് ജോമോന്‍.

നേരത്തെ സി.ബി.ഐ. കോടതിയില്‍ പ്രോസിക്യൂഷന് വേണ്ടി വാദിച്ച അഭിഭാഷകന്‍ ഹൈക്കോടതിയിലേക്ക് തിരിഞ്ഞുപോലും നോക്കിയില്ല. പ്രതികളെ സഹായിക്കാന്‍ സി.ബി.ഐ പോലുള്ള ഏജന്‍സി പഴയ സ്വഭാവം എടുക്കരുതെന്നും ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *