Categories
national news obitury

ബസ് നദീ തടത്തിലേക്ക് മറിഞ്ഞ് എട്ട് ഐ.ടി.ബി.പി ജവാൻമാർക്ക് വീരമൃത്യു; രണ്ടുപേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു

അപകടം ചന്ദൻവാരിക്കും പഹൽഗാമിനും ഇടയിലുള്ള അഗാധമായ മലയിടുക്കിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ബസ് നദീതടത്തിലേക്ക് മറിഞ്ഞ് എട്ട് ഐ.ടി.ബി.പി ജവാൻമാർക്ക് വീരമൃത്യു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 37 ഐ.ടി.ബി.പി ജവാൻമാരും രണ്ട് ജമ്മു കശ്മീർ പോലീസുകാരും സഞ്ചരിച്ച ബസ് ചന്ദൻവാരിക്കും പഹൽഗാമിനും ഇടയിലുള്ള അഗാധമായ മലയിടുക്കിൽ വെച്ചാണ് അപകടത്തിൽ പെട്ടതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

രണ്ട് ഐ.ടി.ബി.പി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തു വെച്ചും മറ്റുള്ളവർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ഇടെയുമാണ് മരിച്ചത്. അപകടത്തിൽ 25 ഐ.ടി.ബി.പി ഉദ്യോഗസ്ഥർക്കും രണ്ട് പോലീസുകാർക്കും പരിക്കേറ്റു. ഇതിൽ പത്തുപേരുടെ പരിക്ക് ഗുരുതരമാണ്.

രണ്ടുപേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ ശ്രീനഗറിലെ ആർമി ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുന്നതിനിടെ നാല് പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടതായി കശ്മീർ സോൺ പോലീസ് പിന്നീട് ട്വീറ്റ് ചെയ്തു.

“അനന്ത്നാഗ് ജില്ലയിലെ ചന്ദൻവാരി പഹൽഗാമിന് സമീപം ഒരു റോഡ് അപകടത്തിൽ, ആറ് ഐ.ടി.ബി.പി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു, അവരെ ചികിത്സയ്ക്കായി ശ്രീനഗറിലെ ആർമി ആശുപത്രിയിലേക്ക് #എയർലിഫ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ പിന്നീട് നൽകും,” കശ്മീർ സോൺ പോലീസ് ട്വീറ്റിൽ പറഞ്ഞു.

ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി, “ചന്ദൻവാരിക്ക് സമീപമുള്ള ബസ് അപകടത്തിൽ ഞങ്ങളുടെ ധീരരായ ഐ.ടി.ബി.പി ഉദ്യോഗസ്ഥരെ നഷ്ടപ്പെട്ടതിൽ അഗാധമായ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എൻ്റെ അനുശോചനവും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനും പ്രാർത്ഥിക്കുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്”- ലെഫ്റ്റനന്‍റ് ഗവർണർ ട്വീറ്റ് ചെയ്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *