Categories
Kerala news trending

പ്രായോഗിക രാഷ്ട്രീയത്തിൻ്റെ മർമ്മമറിഞ്ഞ നേതാവ്; കോടിയേരി വിടവാങ്ങിയിട്ട് ഒരുവർഷം, ആ വിടവ് നികത്താൻ ആകാതെ പാർട്ടി

കോടിയേരിയുടെ അഭാവം കൂടുതൽ നിഴലിക്കുകയാണ്.

തിരുവനന്തപുരം: സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങിയിട്ട് ഒരു വർഷം. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പ്രായോഗിക രാഷ്ട്രീയത്തിൻ്റെ മർമ്മമറിഞ്ഞ നേതാവിൻ്റെ വിടവ് ഇനിയും നികത്താനായിട്ടില്ല. വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്കും പ്രതിസന്ധിയിലേക്കും പാർട്ടി നീങ്ങുമ്പോൾ കോടിയേരിയുടെ അസാനിധ്യം കൂടുതൽ പ്രകടമാകുകയാണ്.

പ്രത്യയശാസ്ത്ര കാർക്കശ്യം. പ്രായോഗിക രാഷ്ട്രീയ ചാതുരി. രണ്ടും സമാസമം ഉൾച്ചേർന്ന രാഷ്ട്രീയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. നിറചിരിയാൽ പിരിമുറക്കം നിറഞ്ഞ രാഷ്ട്രീയ അന്തരീക്ഷത്തെപ്പോലും ലഘുവാക്കും. എതിരാളികളുടേയും സ്നേഹാദരങ്ങൾ നേടിയെടുക്കും. പാർട്ടി പ്രതിസന്ധിയിലായപ്പോൾ ഒക്കെയും രക്ഷാദൗത്യവുമായി മുന്നിൽ നിന്നു. കുടുംബത്തിന് എതിരേ ആരോപണം ഉയർന്നപ്പോൾ സെക്രട്ടറി സ്ഥാനം പോലും ത്യജിച്ചു. അങ്ങനെയും കോടിയേരി പ്രസ്ഥാനത്തിന് കവചം തീർത്തു.

അടിമുടി പാർട്ടി എന്നതായിരുന്നു എക്കാലവും കോടിയേരി. അനാരോഗ്യം വകവയ്ക്കാതെ കർമ നിരതനായി. ആരോഗ്യം തീർത്തും മോശമാകുംവരെ പാർട്ടിയെ നയിച്ചു. പാർട്ടിയിലും സർക്കാരിലും അധികാര സ്ഥാനങ്ങൾക്ക് പിന്നാലേ കോടിയേരി അലഞ്ഞില്ല.

എല്ലാം അദ്ദേഹത്തെ തേടിയെത്തി. മുഖ്യമന്ത്രി കസേരയിലും കോടിയേരിയെ പ്രതീക്ഷിച്ചവർ ഏറെയാണ്. പാർട്ടിയിലും മുന്നണിയിലും സമവായത്തിൻ്റെ മുഖമായിരുന്നു കോടിയേരിക്ക്.

കോടിയേരി ഉണ്ടായിരുന്നെങ്കിൽ എന്ന് സി.പി.എമ്മുകാർ ആഗ്രഹിച്ച 365 ദിനങ്ങളാണ് കടന്നുപോയത്. പാർട്ടി നിരന്തര പരീക്ഷണങ്ങൾ നേരിടുമ്പോൾ. സർക്കാരിനെതിരേ ആരോപണ പെരുമഴ പെയ്യുമ്പോൾ. മറുപടി പറയാനും പ്രതിരോധിക്കാനും കഴിയാതെ നേതൃത്വം പതറുമ്പോൾ. നാവുപിഴയും ധാർഷ്ട്യവും തുടർക്കഥയാകുമ്പോൾ. കോടിയേരിയുടെ അഭാവം കൂടുതൽ നിഴലിക്കുകയാണ്.

വിപുലമായ പരിപാടികൾ

സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ സമുചിതമായാണ് കോടിയേരി ദിനം ആചരിക്കുന്നത്. വിപുലമായ പരിപാടികളാണ് സി.പി.എം സംഘടിപ്പിക്കുന്നത്. കണ്ണൂർ പയ്യാമ്പലത്തെ കോടിയേരി സ്‌മൃതിമണ്ഡപം സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അനാച്ഛാദനം ചെചെയ്‌തു. രാവിലെ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും പ്രകടനമായി പയ്യാമ്പലത്ത് എത്തി പുഷ്പാര്‍ച്ചന നടത്തി.

സംസ്ഥാനമാകെ പതാക ഉയര്‍ത്തിയും പാര്‍ടി ഓഫീസുകള്‍ അലങ്കരിച്ചും നാട് പ്രിയ സഖാവിന്‍റെ ദീപ്‌തസ്‌മരണകൾ പുതുക്കി. വൈകുന്നേരം തലശ്ശേരിയിൽ വോളണ്ടിയര്‍ മാര്‍ച്ചും ബഹുജന പ്രകടനവും. അനുസ്മരണ സമ്മേളനം, തളിപ്പറമ്പില്‍ നാടുണർത്തുന്ന ബഹുജനറാലിയും വോളണ്ടിയര്‍ പരേഡും.

Courtesy: News18News

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest