Categories
international news

ഹമാസിൻ്റെ ഈ രഹസ്യ ആയുധത്തെ ഇസ്രയേല്‍ ഭയക്കുന്നു; സഹായിക്കാൻ എത്തുന്ന അമേരിക്കക്ക് മറ്റൊരു ലക്ഷ്യം കൂടി

ടണലുകള്‍ നിലവില്‍ യു.എസ് കമാൻ‌‌ഡോകളുടെ നിരീക്ഷണത്തിൽ ആണെന്നാണ് റിപ്പോര്‍ട്ട്

ടെല്‍ അവീവ്: ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിനെ സഹായിക്കാനുള്ള യു.എസ് സൈന്യത്തിൻ്റെ നീക്കങ്ങള്‍ ഇറാനെ കൂടി ലക്ഷ്യമിട്ടുള്ളത്. ഹമാസിൻ്റെ ഗാസയിലെ ടണലുകള്‍ നിരീക്ഷിക്കുന്ന യു.എസ്, ഇറാനെതിരെ കൂടിയാണ് പോര്‍മുഖം തുറക്കുന്നതെന്നാണ് വിദഗ്‌ധരുടെ നിഗമനം.

രഹസ്യ ടണലുകളാണ് ഹമാസിൻ്റെ ഏറ്റവും വലിയ ശക്തി. വൻ ആയുധ ശേഖരമുള്ള ഈ ടണലുകളില്‍ ഹമാസ് അംഗങ്ങള്‍ ഒളിവില്‍ കഴിയുന്നുണ്ട്. ഈ ടണലുകളെ പറ്റി വ്യക്തമായ ധാരണയില്ലാതെ കരയാക്രമണത്തിന് ഇറങ്ങിയാല്‍ ഹമാസിനെ തുരത്താനാകില്ല. ടണലുകളിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനുമുള്ള വഴികള്‍ ഹമാസിന് മാത്രമേ അറിയൂ.

ഏകദേശം 5,000ത്തിലേറെ കവാടങ്ങള്‍ ഈ ടണലുകളിൽ ഉണ്ടെന്നാണ് കണക്ക്. ഇസ്രയേലിനെതിരെ ഭൂമിക്കടിയില്‍ 30 മീറ്റര്‍ താഴ്‌ചയില്‍ 500 കിലോമീറ്ററോളം ദൂരത്തില്‍ കെട്ടുപിണഞ്ഞത് പോലെ വ്യാപിച്ചിട്ടുള്ള ടണലുകളുടെ സങ്കീര്‍ണമായ ശൃംഖല തീര്‍ത്താണ് ഹമാസിൻ്റെ പ്രതിരോധം. ഇതോടെയാണ് നേരിട്ടുള്ള കര യുദ്ധത്തിന് ഇസ്രയേല്‍ മടിക്കുന്നതെന്നാണ് കരുതുന്നത്.

File Photo: Only Imagine

ടണലുകള്‍ നിലവില്‍ യു.എസ് കമാൻ‌‌ഡോകളുടെ നിരീക്ഷണത്തിൽ ആണെന്നാണ് റിപ്പോര്‍ട്ട്. യു.എസ്.എസ് ഡ്വൈറ്റ്.ഡി ഐസനോവര്‍, യു.എസ്.എസ് ഫോര്‍ഡ് എന്നീ അന്തര്‍വാഹിനികളെയും യുദ്ധക്കപ്പലുകളെയും ഗാസയ്ക്ക് സമീപം മെഡിറ്ററേനിയൻ കടലില്‍ യു.എസ് വിന്യസിച്ചിട്ടുണ്ട്. ഇവ അത്യാധുനിക റഡാര്‍ സംവിധാനങ്ങളോട് കൂടിയതാണ്.

റഡാറുകളുടെ സഹായത്തോടെ ടണലുകള്‍ നിരീക്ഷിച്ച്‌ ഹമാസിൻ്റെ നീക്കങ്ങളെ പറ്റി ഇസ്രയേലിന് യു.എസ് വിവരങ്ങള്‍ കൈമാറുന്നെന്നാണ് യുദ്ധവിദഗ്‌ധരുടെ നിഗമനം. ഈ നീക്കത്തിലൂടെ ദ്വിമുഖ യുദ്ധതന്ത്രമാണ് യു.എസ് പരീക്ഷിക്കുന്നത്. തങ്ങളുടെ മുഖ്യ എതിരാളിയായ ഇറാനെതിരെയുള്ള പടപ്പുറപ്പാടാണിത്. ഇറാൻ്റെ ആണവ പദ്ധതികളില്‍ ടണലുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ആണവ ഉപകരണങ്ങളുടെ നീക്കത്തിനും മറ്റുമായി നിരവധി ടണലുകള്‍ ഇറാൻ സജ്ജീകരിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യത്തെ ആദ്യ ഭൂഗര്‍ഭ വ്യോമത്താവളത്തിൻ്റെ ചിത്രങ്ങള്‍ ഇറാൻ പുറത്തുവിട്ടിരുന്നു. മലനിരകള്‍ക്കുള്ളില്‍ നൂറുകണക്കിന് മീറ്ററുകള്‍ ആഴത്തിലുള്ള ഇവിടെ ദീര്‍ഘദൂര ക്രൂസ് മിസൈലുകളും ഡ്രോണുകളും യുദ്ധ വിമാനങ്ങളുമടക്കം സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍, ഇത് സ്ഥിതി ചെയ്യുന്ന സ്ഥലം എവിടെയെന്ന് വ്യക്തമല്ല. ഇസ്രയേല്‍, യു.എസ് അടക്കമുള്ള ശത്രുരാജ്യങ്ങളില്‍ നിന്ന് ആക്രമണമുണ്ടായാല്‍ ഇവിടെ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.

ഹമാസ് ടണല്‍ നിരീക്ഷിക്കുന്നതിലൂടെ ഭാവിയില്‍ ഇറാൻ്റെ ടണലുകളും നിരീക്ഷിക്കാനും പ്രതിരോധിക്കാനും കഴിയുമെന്ന് യു.എസ് കരുതുന്നു. ഇറാനിലെ നീക്കങ്ങള്‍ക്ക് മുമ്പ് ഗാസയില്‍ അതിൻ്റെ പരീക്ഷണമാണ് ഇസ്രയേലും യു.എസും നടത്തുന്നത്. 2,000 സൈനികരോട് സജ്ജരായിരിക്കാൻ പെൻ്റെഗണ്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇവരെ ഗാസയ്ക്ക് സമീപത്തേക്ക് വിന്യസിച്ചേക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest