Categories
channelrb special local news news

അഭിമാന നേട്ടം; ഐ.എസ്.ഒ അംഗീകാരം, ജി.ഐ.എസ് മാപ്പിംഗ് പദ്ധതിയും പൂർത്തിയാക്കി കാസർകോട് നഗരസഭ, പ്രഖ്യാപനം നവംബർ 28ന്

ഗുണമേന്മയ്ക്ക് നൽകുന്ന അന്താരാഷ്ട്ര അംഗീകാരമാണ് ഐ.എസ്.ഒ സർട്ടിഫിക്കറ്റ്

കാസർകോട്: 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ISO 9001-2015 സർട്ടിഫിക്കേഷൻ പ്രൊജക്റ്റ് വിജയകരമായി പൂർത്തീകരിച്ച് ഐ.എസ്.ഒ (International Organization for Standardization) അംഗീകാരം നേടി കാസർകോട് നഗരസഭ. കൂടാതെ നഗരസഭയുടെ ഭൗമവിവരങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്ന ജി.ഐ.എസ് (ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം) മാപ്പിംഗ് പദ്ധതിയും പൂർത്തിയാക്കി.

പൊതുസേവനങ്ങൾ നൽകുന്നതിലെ ഗുണമേന്മയ്ക്ക് നൽകുന്ന അന്താരാഷ്ട്ര അംഗീകാരമാണ് ഐ.എസ്.ഒ സർട്ടിഫിക്കറ്റ്. റെക്കോർഡ് സംവിധാനം കൃത്യമാക്കുക, ഫ്രണ്ട് ഓഫീസിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, ഓഫീസ് മാനേജ്‌മെന്റ് സംവിധാനം കൃത്യമാക്കുക, സേവന ഗുണമേന്മ ഉറപ്പുവരുത്തുക, ജീവനക്കാരുടെ കാര്യശേഷി വർധിപ്പിക്കുക എന്നീ കാര്യങ്ങൾ വിലയിരുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് അംഗീകാരം.

നൂതന സാങ്കേതിക വിദ്യകളുടെ സഹായത്താൽ നഗരസഭാ പരിധിയിലെ മുഴുവൻ മനുഷ്യ- പ്രകൃതി വിഭവ വിവരങ്ങളും ശേഖരിച്ചു ആവശ്യാനുസരണം വിരൽതുമ്പിൽ ലഭ്യമാകും വിധം വെബ്പോർട്ടലിൽ ഉൾപ്പെടുത്തുന്നതിലൂടെ പൊതുജനങ്ങൾക്ക് ഏറ്റവും വേഗതയാർന്നതും മെച്ചപ്പെട്ടതുമായ രീതിയിലുള്ള സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ജി.ഐ.എസ് മാപ്പിംഗ് പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്.

വീടുകൾ, കെട്ടിടങ്ങൾ, റോഡ്, നടപ്പാത, ലാന്റ് മാർക്ക്, പാലം, തെരുവ് വിളക്കുകൾ, പൊതു ടാപ്പുകൾ, ഡ്രെയിനേജ്, കനാൽ, കൾവെർട്ട്, റോഡ് ജംഗ്ഷൻ, ഡിവൈഡർ, റോഡ് സിഗ്നൽ, പാർക്കിംഗ് ഏരിയ, സൂക്ഷ്മതല ഭൂവിനിയോഗ മാപ്പുകൾ എന്നിവയുടെ ഫോട്ടോ ഉൾപ്പടെയുള്ള വിവരങ്ങൾ വെബ് പോർട്ടലിൽ ഒരുക്കുകയാണ് ചെയ്യുന്നത്. തരിശ് നിലങ്ങൾ, വയലുകൾ, തണ്ണീർതടങ്ങൾ, കുടിവെള്ള സ്രോതസ്സുകൾ എന്നിവയുടെ പൂർണ്ണ വിവരങ്ങളും ഇതിലുണ്ടാകും. ഇതോടെ കാസർകോട് നഗരസഭ ഭരണ നേട്ടങ്ങളിൽ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുകയാണ്.

ഐ.എസ്.ഒ അംഗീകാരം, ജി.ഐ.എസ് മാപ്പിംഗ് പൂർത്തീകരണം എന്നിവയുടെ പ്രഖ്യാപനം നവംബർ 28ന് വൈകുന്നേരം മൂന്ന് മണിക്ക് നഗരസഭാ കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest