Categories
local news

രാജ്യത്തിനകത്തേക്കുള്ള കടന്നാക്രമണങ്ങൾ പ്രതിഷേധാർഹം; യുദ്ധത്തിൻ്റെ കാരണക്കാർ സാമ്രാജ്യത്വ ശക്തികൾ: എം.ഷാജർ

ഇന്ത്യ-ചൈന യുദ്ധമുണ്ടായാൽ വലിയ നാശമുണ്ടാകും. ഇന്ത്യയുടെ പ്രകോപനങ്ങൾക്കെതിരെ ശബ്ദിച്ചാൽ ദേശദ്രോഹികൾ എന്ന് മുദ്രകുത്തുന്നത് ശരിയല്ല.

മുന്നാട്/ കാസർകോട്: ഏതൊരു രാജ്യത്തിനകത്തേക്കും കടന്നാക്രമണം നടത്തുന്നത് പ്രതിഷേധാർഹമാണെന്നും റഷ്യ – ഉക്രൈൻ യുദ്ധത്തിൻ്റെ കാരണക്കാർ സാമ്രാജ്യത്വ ശക്തികളാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെകട്ടറിയേറ്റംഗം എം.ഷാജർ. ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് സമ്മേളനം മുന്നാട് ആതിര നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് ആദ്യമായി അധിനിവേശ കടന്നാക്രമണം നടത്തിയത് അമേരിക്ക സെർബിയയിലേക്കായിരുന്നു. നാറ്റോ സഖ്യത്തിലേക്ക് ഉക്രൈൻ പോകാനൊരുങ്ങുന്നതിൻ്റെ ജാഗ്രതയാണ് റഷ്യയെ യുദ്ധത്തിലേക്ക് നയിച്ചത്. അത് ലോകം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് പോകുമെന്ന പശ്ചാത്തലത്തിലാണ്. ചരിത്രവും രാഷ്ട്രീയ വിദ്യാഭ്യാസവും പഠിക്കാതെ സംഘടനാ പ്രവർത്തനം സാധ്യമല്ല.

ഇന്ത്യ-ചൈന യുദ്ധമുണ്ടായാൽ വലിയ നാശമുണ്ടാകും. ഇന്ത്യയുടെ പ്രകോപനങ്ങൾക്കെതിരെ ശബ്ദിച്ചാൽ ദേശദ്രോഹികൾ എന്ന് മുദ്രകുത്തുന്നത് ശരിയല്ല. യുദ്ധങ്ങൾക്ക് അമേരിക്ക കാരണമൊരുക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ചൈന വളരുകയാണ്. ചൈനയുടെ വളർച്ചയിൽ അസൂയ മൂത്താണ് ഇന്ത്യയെ ചൈനയ്ക്കെതിരെ തിരിക്കുന്നത്. ലോക സാമ്രാജ്യത്വത്തിൻ്റെ അധിനിവേശത്തിൻ്റെ പ്രത്യേകതകൾ നാം അറിയണമെന്നും ഷാജർ പറഞ്ഞു.

തീവ്രവാദികളോടും വർഗ്ഗീയ വാദികളോട്ടും ഡി.വൈ.എഫ്.ഐക്ക് ഒറ്റ നിലപാടാണ്. അത് ആത്യന്തികമാണ്. ജനാധിപത്യ മൂല്യങ്ങളിലും മതനിരപേക്ഷതയിലും അടിയുറച്ച് വിശ്വസിക്കുന്ന പ്രസ്ഥാനമാണിതെന്നും അദേഹം നയം വ്യക്തമാക്കി. സമ്മേളനത്തിൽ ദിവീഷ് അധ്യക്ഷനായി. ശിവൻ ചൂരിക്കോട് രക്തസാക്ഷി പ്രമേയവും സജിത്ത് ബേഡകം അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജയപുരം ദാമോദരൻ സ്വാഗതം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *