Categories
Kerala news

കാസര്‍കോട് സമ്പൂര്‍ണ ജന്‍സുരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതി കൈവരിച്ച ജില്ലയായി പ്രഖ്യാപിച്ചു; പ്രഖ്യാപനം നടത്തിയത് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസർകോട്: പി.എം ജന്‍സുരക്ഷാ പദ്ധതികള്‍ (പി.എം.ജെ.ജെ.ബി, പി.എം എസ്.ബി.വൈ) എന്നീ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കി സമ്പൂര്‍ണ ജന്‍സുരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതി കൈവരിച്ച ജില്ലയായി കാസര്‍കോടിനെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പ്രഖ്യാപിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലൈഫ്, അപകട ഇന്‍ഷുറന്‍സ് നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന പി.എം ജന്‍സുരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ കാസര്‍കോട് ജില്ല സമ്പൂര്‍ണ്ണത കൈവരിച്ചതിൻ്റെ പ്രഖ്യാപനമാണ് എം.പി നടത്തിയത്. ജില്ലാ ഭരണ സംവിധാനവും തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരും സെക്രട്ടറിമാരും കുടുംബശ്രീ സംവിധാനവും ബാങ്കുകളും ഒക്കെ ഒന്നിച്ച് നിന്നുകൊണ്ട് നടത്തിയ കൂട്ടായ ശ്രമത്തിൻ്റെ ഭാഗമായാണ് നമുക്ക് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് എം.പി പറഞ്ഞു. സമൂഹത്തില്‍ ഏറ്റവും താഴെ തട്ടില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് വലിയ ആശ്രയമാണ് 2021 സ്വാതന്ത്ര്യ ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ജന്‍ സുരക്ഷാ സ്‌കീം. ആ പദ്ധതികള്‍ കാസര്‍കോട് ജില്ലയില്‍ മുഴുവന്‍ വീടുകളിലേക്കും എത്തിയതിൻ്റെ പ്രഖ്യാപനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് കേരള ബാങ്ക് ഹാളില്‍ നടന്ന പ്രഖ്യാപന പരിപാടിയില്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. പാവപ്പെട്ട ജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന പദ്ധതി വലിയ ക്യാംപെയ്‌നിൻ്റെ ഭാഗമായി നമുക്ക് നേടിയെടുക്കാന്‍ കഴിഞ്ഞതെന്ന് കളക്ടര്‍ പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെയും അദ്ദേഹം അഭിനന്ദിച്ചു.

ആര്‍.ബി.ഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.ബി ശ്രീകുമാര്‍, എസ്എല്‍.ബി.സി കണ്‍വീനര്‍ കെ.എസ് പ്രദീപ്, ലീഡ് ബാങ്ക് ജനറല്‍ മാനേജര്‍ ഭാസ്‌കര്‍ ചക്രവര്‍ത്തി, ലീഡ് ബാങ്ക് മാനേജര്‍ എസ്. തിപേഷ്, കാനറ ബാങ്ക് ജനറല്‍ മാനേജര്‍ അനില്‍കുമാര്‍ നായര്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാര്‍ നഗരസഭ ചെയര്‍മാന്‍മാര്‍ കുടുംബശ്രീ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. കാനറാ ബാങ്ക് എ.ജി.എം അന്‍ശുമാന്‍ ദേ സ്വാഗതവും കാനറാ ബാങ്ക് കാസര്‍കോട് റീജിയണല്‍ ഓഫീസ് ഡി.എം എന്‍.വി ബിമല്‍ നന്ദിയും പറഞ്ഞു. നേട്ടം കൈവരിക്കുന്നതിനായി പ്രവര്‍ത്തിച്ച കുടുംബശ്രീ ജില്ലാ മിഷന്‍, വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയ്ക്കുള്ള മോമെന്റോ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി വിതരണം ചെയ്തു. എല്ലാ വീടുകളിലും ജന്‍സുരക്ഷ സ്‌കീം എത്തിക്കുന്നതിന് ലീഡു ബാങ്കുമായി ജില്ലാഭരണ സംവിധാനം, തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ സഹകരിച്ചിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പയിൻ്റെ നേട്ടമാണിത്. സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കിക്കൊണ്ട്, കുടുംബത്തില്‍ ഒരു അംഗത്തെയെങ്കിലും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെ ടുത്തുന്നതിന് ലീഡ് ബാങ്ക് നേതൃത്വം നല്‍കി. ആര്‍.ബി.ഐ, എസ്.എല്‍.ബി.സി കേരള, നബാര്‍ഡ് എന്നിവ ക്യാമ്പയിന്‍ ലക്ഷ്യത്തിലെത്തിക്കുന്നതിന് പ്രവര്‍ത്തിച്ചു.

വയനാട്, പാലക്കാട് ജില്ലകള്‍ ഇതിനകം ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവുകള്‍ സംഘടിപ്പിക്കുകയും ഇന്‍ഷുറന്‍സിനായി രജിസ്ട്രേഷന്‍ സുഗമമാക്കുകയും ചെയ്തിരുന്നു. എസ്എല്‍ബിസി കേരളയുടെയും ആര്‍ബിഐയുടെയും മാര്‍ഗനിര്‍ദേശ പ്രകാരം എല്ലാ ബാങ്ക് ശാഖകളും, എഫ്എല്‍സികളും സിഎഫ്എല്‍ ലീഡ് ബാങ്കും വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും എന്റോള്‍മെന്റ് ഡ്രൈവ് നടത്തി. ജില്ലയില്‍ ആകെ 1074192 വോട്ടര്‍മാരാണ് ജില്ലയില്‍ ആകെയുള്ളത്. ഇതില്‍ ജൂലൈ മാസം വരെ പി എം ജെജെ ബി വൈയില്‍ 107527 പി എം എസ് ബി വൈ 460574 ആകെ 568101 അംഗങ്ങളായി. സംസ്ഥാന തലത്തില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ജില്ലയാണ് കാസര്‍കോട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *