Categories
education Kerala news

കലിംഗ സർവകലാ ശാലയുടെ ബിരുദം നേടിയവരിലേക്ക് അന്വേഷണം; വിദേശ ജോലിക്കും ചിലർക്ക് വ്യാജസര്‍ട്ടിഫിക്കറ്റ്

ചിലര്‍ക്ക് സഹകരണ ബാങ്കുകള്‍ അടക്കമുള്ളവയില്‍ ജോലിയുമുണ്ട്.

കായംകുളം: എസ്.എഫ്.ഐ മുൻ നേതാവ് നിഖിൽ തോമസിൻ്റെ പേരിൽ കലിംഗ സർവകലാ ശാലയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് കേസ് പുറത്ത് വന്നതോടെ മേഖലയിലെ ‘കലിംഗ’ ബിരുദധാരികളിലേക്ക് അന്വേഷണം നീളുമെന്ന് സൂചന. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിൻ്റെ അറസ്റ്റിന് പിന്നാലെ പ്രദേശത്തെ മറ്റുചില നേതാക്കളെ കുറിച്ചും ആക്ഷേപം ഉയരുകയാണ്. നിഖില്‍ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച കാലത്ത് തന്നെയാണ് ഇവര്‍ പലരും ഛത്തീസ്‌ഗഡിലെ കലിംഗ സര്‍വകലാ ശാലയില്‍നിന്ന് ബിരുദധാരികളായത്.

സി.പി.എം സൈബര്‍ ഗ്രൂപ്പുകളില്‍ കലിംഗ സര്‍വകലാ ശാലയില്‍ നിന്ന് ബിരുദമെടുത്തവരെ കുറിച്ചുള്ള സൂചനകള്‍ എതിര്‍ചേരി പുറത്തുവിടുന്നതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇത് തമ്മിൽ ബന്ധം ഉണ്ടെന്ന് സംശയം ഉണ്ടെങ്കിലും പരാതികള്‍ ഇല്ലാത്തതിനാല്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടില്ല. ഇതിന് പിന്നിൽ ആരാണ് എന്നതിനെ കുറിച്ചും ഇപ്പോൾ സൂചനകൾ ഇല്ല. മേഖലയിലെ നേതാക്കളിൽ പലരും തങ്ങളുടെ പ്രൊഫൈലുകള്‍ എഡിറ്റ് ചെയ്‌തു കഴിഞ്ഞു. പിടിയിലായ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് തൻ്റെ കലിംഗ ബിരുദം സ്വന്തമാക്കിയ കാലത്ത് തന്നെയാണ് ഇവരില്‍ പലരും എല്‍.എല്‍.ബിയും ഡിഗ്രിയും ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയത്.

ചിലര്‍ക്ക് സഹകരണ ബാങ്കുകള്‍ അടക്കമുള്ളവയില്‍ ജോലിയുമുണ്ട്. പ്രദേശത്ത് പലരും നിഖിലിനെ പോലെ പണം നല്‍കി കലിംഗയില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. നിഖിലിന് വ്യാജഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയ മുന്‍ എസ്എഫ്ഐ നേതാവ് മാലിയിൽ അധ്യാപകനായ അബിന്‍.സി രാജ് മുഖേനയാണോ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചത് എന്ന സംശയം ഉയരുന്നുണ്ട്.

വിദേശത്ത് ജോലിക്ക് പോയ ചിലര്‍ കലിംഗയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയവരാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘത്തില്‍ നിന്ന് കായംകുളത്തും പരിസരത്തുമുള്ള നിരവധിപേര്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചിട്ടുണ്ടെന്ന് സി.പി.എമ്മിന്‍റെ പ്രാദേശിക സൈബര്‍ ഗ്രൂപ്പുകളില്‍ ചര്‍ച്ച സജീവമാകുകയാണ്. വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി ചതിച്ചുവെന്ന് നിഖില്‍ തോമസ് പറയുന്ന അബിന്‍.സി രാജിനെ ചോദ്യം ചെയ്യുമ്പോള്‍ ഇതിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *