Trending News
ന്യൂഡല്‍ഹി: സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വാക്‌സിനുമായി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച ക്വാഡ്രിലന്‍ഡ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് (ക്യുഎച്ച്‌പിവി) വാക്‌സിന്‍ ഏതാനും മാസങ്ങള്‍ക്കകം വിപണിയില്‍ ലഭ്യമാകും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ബയോടെക്‌നോളജി വകുപ്പും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്.
Also Read
സാധാരണക്കാര്‍ക്ക് കൂടി പ്രാപ്യമാകുന്ന തരത്തില്‍ 200- 400 രൂപ നിരക്കിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് സി.ഇ.ഒ അദാര്‍ പൂനെവാല പറഞ്ഞു. വാക്‌സിൻ്റെ ശാസ്ത്രീയ ഗവേഷണങ്ങള്‍ പൂര്‍ത്തിയായി.
സാധാരണ ജനങ്ങള്‍ക്ക് വാക്‌സിൻ്റെ ഗുണഫലം ലഭിക്കുക ഉറപ്പാക്കുകയാണ് സര്‍ക്കാരിൻ്റെ ലക്ഷ്യമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
കോവിഡ് മഹാമാരി ഉയര്‍ത്തിയ ആശങ്കയാണ് രോഗപ്രതിരോധ വാക്‌സിന്‍ എന്ന ആശയത്തിന് ബലമേകിയത്. ഇതിൻ്റെ ഫലമാണ് സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധ വാക്‌സിന്‍ നിര്‍മ്മിക്കുന്നതിലേക്ക് എത്തിച്ചത്. കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് ഇതിന് ചുക്കാന്‍ പിടിച്ചെന്നും ജിതേന്ദ്ര സിങ് വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ 200 ദശലക്ഷം ഡോസ് വാക്‌സിനാണ് നിര്‍മ്മിക്കുകയെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി അദാര്‍ പൂനാവാലെ പറഞ്ഞു. ഇന്ത്യയിലാകും വിതരണം ചെയ്യുക. രാജ്യത്തിൻ്റെ ആവശ്യം നിറവേറ്റിയശേഷം മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത് പരിഗണിക്കുമെന്നും പൂനാവാലെ പറഞ്ഞു.
സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഇന്ത്യയില്‍ സ്ത്രീകളില്‍ രണ്ടാമതായി ഏറ്റവുമധികം കാണപ്പെടുന്ന അര്‍ബുദമാണ് ഗര്‍ഭാശയഗള അര്‍ബുദം.
കുത്തിവെപ്പ് പെൺകുട്ടികള്‍ക്ക്
90 ശതമാനം ഫലപ്രാപ്‌തി അവകാശപ്പെടുന്ന വാക്സിന്‍ ഒമ്പതുമുതല്‍ പതിന്നാലുവരെ വയസ്സുള്ള പെണ്‍കുട്ടികളിലാണ് കുത്തിവെക്കുക. ആദ്യഡോസ് ഒമ്പതാംവയസ്സിലും അടുത്ത ഡോസ് 6-12 മാസത്തിനിടയിലുമാണ് കുത്തിവെക്കേണ്ടത്. പതിനഞ്ചുവയസ്സിന് മുകളിലുള്ളവരാണെങ്കില്‍ മൂന്ന് ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. ക്യൂഎച്ച്‌പിവിയില്‍ വൈറസിൻ്റെ ഡി.എന്‍.എയോ ജീവനുള്ള ഘടകങ്ങളോ ഇല്ലാത്തതിനാല്‍ പാര്‍ശ്വഫലങ്ങൾ ഉണ്ടാകില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വൃത്തങ്ങള്‍ പറഞ്ഞു.
Sorry, there was a YouTube error.