Categories
local news

സായി ഗ്രാമത്തിലെ 22 പേരടക്കം 58 പേര്‍ക്ക് കൂടി പട്ടയം നല്‍കി; കൈവശഭൂമിക്ക് പട്ടയം: അര്‍ഹരായ മുഴുവന്‍ പേരുടെയും കാര്യത്തില്‍ ഉടന്‍ തീരുമാനം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

കേരളത്തില്‍ 1,65,000 പേര്‍ക്ക് ഈ സര്‍ക്കാര്‍ പട്ടയം കൊടുത്തു. 13,200ഓളം പേര്‍ക്ക് പട്ടയം നല്‍കുന്ന ചടങ്ങ് ഫെബ്രുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കാസര്‍കോട്: കൈവശഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി റവന്യു വകുപ്പിന്‍റെ മിത്രം പോര്‍ട്ടലില്‍ അപേക്ഷ നല്‍കിയ അര്‍ഹരായ മുഴുവന്‍ പേരുടെയും കാര്യത്തില്‍ ഫെബ്രുവരി 20നകം തീരുമാനമുണ്ടാകുമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഹോസ്ദുര്‍ഗ് മിനി സിവില്‍ സ്‌റ്റേഷനില്‍ നടന്ന ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളുെട പട്ടയവിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മിത്രം പോര്‍ട്ടലിലൂടെ ഭൂരഹിതര്‍ക്ക് മാത്രമല്ല, 2000 ജനുവരി ഒന്നിന് മുമ്പ് ഭൂമി കൈവശം വെക്കുന്നവര്‍ക്കും പരാതി നല്‍കാമെന്ന് തീരുമാനിച്ചിട്ടുണ്ട്. പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നയാളിന് 15 സെന്റിലധികം ഭൂമി നല്‍കേണ്ടതില്ലെന്ന 2011ലെ സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്ത്, കൈവശമുള്ള ഭൂമി ഒരേക്കറില്‍ താഴെയെങ്കില്‍ പതിച്ചുനല്‍കാന്‍ നടപടി സ്വീകരിക്കാന്‍ ഉത്തരവിറക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അത് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമ്പോള്‍ കുറേ പേര്‍ക്ക് കൂടി കാസര്‍കോട് ജില്ലയില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കാന്‍ കഴിയും. സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ഈ ഭേദഗതി. അനര്‍ഹരായ ആളുകള്‍ക്ക് ഭൂമി കൊടുക്കാനുള്ള അവസരമായി ഇത് ഉപയോഗിക്കരുതെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ 1,65,000 പേര്‍ക്ക് ഈ സര്‍ക്കാര്‍ പട്ടയം കൊടുത്തു. 13,200ഓളം പേര്‍ക്ക് പട്ടയം നല്‍കുന്ന ചടങ്ങ് ഫെബ്രുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വര്‍ഷങ്ങളായി കാത്തുനില്‍ക്കുന്നവരാണ് ഇതിലൂടെ ഭൂമിയുടെ ഉടമകളാവുന്നത്. അവര്‍ക്ക് എന്നേ ഇത് കിട്ടാന്‍ അവകാശമുള്ളതാണ്. ഇത് ഔദാര്യമായി സര്‍ക്കാര്‍ കണക്കാക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഹോസ്ദുര്‍ഗ് താലൂക്കിലെ 41 പേര്‍ക്കും വെള്ളരിക്കുണ്ട് താലൂക്കിലെ 17 പേര്‍ക്കുമാണ് പട്ടയം നല്‍കിയത്. പുല്ലൂര്‍ വില്ലേജില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ താമസിക്കുന്ന സായി ഗ്രാമത്തില്‍ വര്‍ഷങ്ങളായി താമസിക്കുന്ന 22 പേര്‍ക്ക് പ്രത്യേകമായും പട്ടയം നല്‍കി. ഇവര്‍ക്ക് നേരത്തെ സര്‍ക്കാര്‍ ഭൂമി നല്‍കി സായി ട്രസ്റ്റ് വീട് നിര്‍മ്മിച്ചുനല്‍കിയിരുന്നു. പക്ഷേ, സര്‍ക്കാര്‍ നല്‍കിയ പട്ടയഭൂമിയിലല്ല, വീട് വെച്ചത്. അതിനാല്‍ അവര്‍ക്ക് പട്ടയത്തിന്‍റെ ഗുണഫലം ലഭിച്ചില്ല. വീട്ടുനമ്പറോ റേഷന്‍ കാര്‍ഡോ കിട്ടാതെയായി. അതിനാല്‍ ആ പട്ടയങ്ങളെല്ലാം റദ്ദാക്കി നിലവില്‍ അവരുടെ വീട് സ്ഥിതി ചെയ്യുന്ന ഭൂമിക്ക് പട്ടയം നല്‍കുകയാണ് ചെയ്തത്. സായിഗ്രാമത്തിലെ നിര്‍മ്മല, ഹരിനാരായണന് വേണ്ടി മകള്‍ സരസ്വതി എന്നിവര്‍ മന്ത്രിയില്‍നിന്ന് പട്ടയം ഏറ്റുവാങ്ങി.

ഹോസ്ദുര്‍ഗ് താലൂക്കിലെ ഉദയകുമാരി, ജയലക്ഷ്മി സദാനന്ദന്‍, പ്രേമ കുമാരന്‍, രാധാകൃഷ്ണന്‍ നായര്‍ ചിത്താരി, വെള്ളരിക്കുണ്ട് താലൂക്കിലെ റസിയ കെ. ബേളൂര്‍, ടി. മഞ്ജുള, കിനാനൂര്‍ വില്ലേജിലെ പ്രസീത, ഇ.വി. നാരായണന്‍ എന്നിവരും പട്ടയം മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. ശേഷിച്ചവര്‍ക്ക് തഹസില്‍ദാര്‍മാര്‍ പട്ടയം വിതരണം ചെയ്യും.

ചടങ്ങില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനായി. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ.വി. സുജാത, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സന്‍ ടി.വി. ശാന്ത എന്നിവര്‍ ആശംസ നേര്‍ന്നു. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു സ്വാഗതവും കാഞ്ഞങ്ങാട് സബ്കളക്ടര്‍ ഡി.ആര്‍. മേഘശ്രീ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest