Categories
Kerala news

കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ 60 രൂപയ്ക്ക് പെട്രോള്‍ നല്‍കും : കുമ്മനം രാജശേഖരന്‍

അസം ഗവണ്‍മെന്റ് അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന സംസ്ഥാന വിഹിതം വെട്ടിക്കുറച്ചല്ലോ? അങ്ങനെ അവര്‍ വിലക്കയറ്റത്തെ പ്രതിരോധിച്ചു.

കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ 60 രൂപയ്ക്ക് പെട്രോളും ഡീസലും നല്‍കുമെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.പെട്രോളിലും ഡീസലിലും കേന്ദ്രത്തിന്‍റെ നികുതി വളരെ തുച്ഛമാണ്. 19 ശതമാനം മാത്രമാണെന്നും കുമ്മനം ആരോപിച്ചു. അതില്‍ കൂടുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തിരിച്ചുകൊടുക്കുന്നുണ്ടെന്ന് കുമ്മനം പറഞ്ഞു.

ജി.എസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞു കഴിഞ്ഞു. സംസ്ഥാനങ്ങള്‍ തയ്യാറായാല്‍ നടപ്പിലാക്കും. പക്ഷെ, കേരള സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സി.പി.ഐ.എമ്മും കോണ്‍ഗ്രസും അഭിപ്രായം പറയാന്‍ മടിക്കുകയാണെന്നും കുമ്മനം ആരോപിച്ചു. ബി.ജെ.പിയ്ക്ക് കേരള ഭരണം ലഭിച്ചാല്‍ പെട്രോളും ഡീസലും ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരും. ആഗോളതലത്തിലുള്ള വ്യതിയാനങ്ങള്‍ക്ക് അനുസൃതമായാണ് വില വ്യത്യാസം വരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

കേരളത്തില്‍ ജിഎസ്ടി നടപ്പിലാക്കാന്‍ എന്താണ് ബുദ്ധിമുട്ട്? ബി.ജെ.പി വളരെ വ്യക്തമായി പറയുന്നു. അധികാരം കിട്ടിയാല്‍ തീര്‍ച്ചയായും ജിഎസ്ടി നടപ്പിലാക്കിക്കൊണ്ട്, ഏതാണ്ട് 60 രൂപയാണ് കണക്കുകൂട്ടിയപ്പോള്‍ മനസിലായത്. ആഗോള തലത്തില്‍ വില കുറഞ്ഞ സമയത്ത് കുറച്ചിട്ടുണ്ട്. അതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്, എന്തുകൊണ്ടാണ് ജിഎസ്ടി നടപ്പിലാക്കാത്തത്? നികുതിയിനത്തില്‍ കിട്ടുന്ന വരുമാനം വെട്ടിക്കുറയ്ക്കാമെന്ന് എന്തുകൊണ്ട് കേരള സര്‍ക്കാര്‍ തന്റേടത്തോടെ പറയുന്നില്ല?

അസം ഗവണ്‍മെന്റ് അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന സംസ്ഥാന വിഹിതം വെട്ടിക്കുറച്ചല്ലോ? അങ്ങനെ അവര്‍ വിലക്കയറ്റത്തെ പ്രതിരോധിച്ചു. അത് എന്തുകൊണ്ട് കേരള സര്‍ക്കാരിന് ചെയ്തുകൂടാ. വിലക്കയറ്റത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തുന്നത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍, ജനങ്ങളോട് പ്രതിബദ്ധത വ്യക്തമാക്കുന്ന നിലപാടാണെങ്കില്‍ ജിഎസ്ടിയിലേക്ക് പെട്രോളിനെ ഉള്‍പ്പെടുത്താമെന്ന് പറയുകയാണ് വേണ്ടതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *