Categories
local news news

ലഹരിക്കെതിരെ കൂട്ടയോട്ടവുമായി ഹൊസ്‌ദുർഗ് പോലീസ്; ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി

കൂട്ടയോട്ടം ഡി.വൈ.എസ്.പി പി.ബാലകൃഷ്‌ണൻ നായർ ഫ്ലാഗ് ഓഫ് ചെയ്‌തു

കാഞ്ഞങ്ങാട് / കാസർകോട്: ജില്ലാ പോലീസിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹൊസ്‌ദുർഗ് പോലീസിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. ലോക ലഹരി വിരുദ്ധ ദിനത്തിൽ അലാമിപള്ളി പുതിയ ബസ്റ്റാണ്ട് പരിസരത്ത് നിന്നും മുതൽ കോട്ടച്ചേരി വരെയുള്ള കൂട്ടയോട്ടം ഡി.വൈ.എസ്.പി പി.ബാലകൃഷ്‌ണൻ നായർ ഫ്ലാഗ് ഓഫ് ചെയ്‌തു.

കൂട്ടയോട്ടത്തിൽ പോലീസ് സേനാംഗങ്ങൾ, ഹൊസ്‌ദുർഗ് ഗവൺമെണ്ട് ഹയർ സെക്കണ്ടറി സ്‌കൂൾ, ദുർഗ ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിലെ എസ്.പി.സി യൂണിറ്റുകൾ, ഇക്ബാൽ ഹയർ സെക്കണ്ടറി സ്‌കൂൾ, ദുർഗ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ സംബന്ധിച്ചു.

കാഞ്ഞങ്ങാട് നന്മമരം പ്രവർത്തകർ, കൊളവയൽ ലഹരി മുക്ത ജാഗ്രതാ സമിതി അംഗങ്ങൾ, മാധ്യമ പ്രവർത്തകർ, സിവിൽ ഡിഫെൻസ് അംഗങ്ങൾ, ഇക്ബാൽ നഗർ അജ് മാസ് ക്ലബ്ബ് പ്രവർത്തകർ,സന്നദ്ധ സംഘടനകൾ, യുവജന ക്ലബ്ബുകൾ എന്നിവർ പങ്കാളി കളായി.

ഹൊസ്‌ദുർഗ് പോലീസ് ഇൻസ്‌പെക്ടർ കെ.പി ഷൈൻ, സബ്ബ് ഇൻസ്‌പെക്ടർ കെ.പി സതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എം.പ്രകാശൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ.രഞ്ജിത്ത് കുമാർ, ടി.വി പ്രമോദ് എന്നിവർ നേതൃത്വം നൽകി. കൂട്ടയോട്ടത്തിൻ്റെ സമാപനത്തിൽ സ്റ്റുഡണ്ട് പോലീസ് കേഡറ്റ് കുമാരി റിഷ്‌മി കോട്ടച്ചേരി സർക്കിളിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *