Categories
national news

‘ഇങ്ങനെ പോയാല്‍ ഭൂരിപക്ഷം ന്യൂനപക്ഷമാവും’; മതം മാറ്റം നടത്തുന്ന സമ്മേളനങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്ന് ഹൈക്കോടതി

ആളുകളെ ന്യൂഡല്‍ഹിയില്‍ എത്തിച്ചു മതം മാറ്റിയിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കോടതി

മതപരിവര്‍ത്തനം നടക്കുന്ന മതസമ്മേളനങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് അഹലാബാദ് ഹൈക്കോടതി. അല്ലാത്തപക്ഷം രാജ്യത്തെ ഭൂരിപക്ഷ സമുദായം ന്യൂനപക്ഷമായി മാറുമെന്ന് കോടതി അഭിപ്രായപ്പെട്ടു.

മതം മാറ്റ കുറ്റത്തിന് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കൈലാസ് എന്നയാളുടെ ജാമ്യഹര്‍ജി തള്ളിക്കൊണ്ടാണ്, ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിൻ്റെ നിരീക്ഷണം. ‘മതപ്രചാരണം എന്നതിന് പ്രചരിപ്പിക്കല്‍ എന്നാണ് അര്‍ഥമെന്നും ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് മാറ്റല്‍ എന്നല്ല.’ -കോടതി പറഞ്ഞു.

തൻ്റെ സഹോദരനെയും ഗ്രാമത്തിലെ മറ്റു പലരെയും ന്യൂഡല്‍ഹിയിലേക്ക് കൂട്ടിക്കൊണ്ടു പോയി ക്രിസ്‌തു മതത്തിലേക്ക് മാറ്റിയെന്ന, യുവതിയുടെ പരാതിയിലാണ് ഹര്‍ജിക്കാരനെതിരെ കേസെടുത്തത്. ഇത് ഗുരുതരമായ ആരോപണമാണെന്ന് കോടതി പറഞ്ഞു. പരാതിക്കാരിയുടെ സഹോദരന്‍ പിന്നീട് തിരിച്ചു വന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

‘ഇത് അനുവദിച്ചാല്‍ ഒരു ദിവസം രാജ്യത്തെ ഭൂരിപക്ഷ സമുദായം ന്യൂനപക്ഷമാവും. ഇത്തരത്തില്‍ മത പരിവര്‍ത്തനം നടക്കുന്ന മതസമ്മേളനങ്ങള്‍ ഉടന്‍ നിര്‍ത്തലാക്കണം,’ -കോടതി പറഞ്ഞു.

കൈലാസ് ആളുകളെ ന്യൂഡല്‍ഹിയില്‍ എത്തിച്ചു മതം മാറ്റിയിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എസ്.സി, എസ്.ടിയില്‍ പെട്ടവരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും ക്രിസ്‌തു മതത്തിലേക്ക് മാറ്റുന്നതായി മുമ്പും ശ്രദ്ധയില്‍ പെട്ടിട്ടുള്ള കാര്യമാണെന്ന് കോടതി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *