Categories
education Kerala news

‘ചാന്‍സലര്‍ പിള്ളേരു കളിക്കുന്നു’; കേരള ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി, പ്രീതി വ്യക്തിപരമല്ലെന്നും ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍

വ്യക്തിയെ ഇഷ്ടമല്ലാത്തതിൻ്റെ പേരില്‍ പ്രീതി പിന്‍വലിക്കാനാവില്ലെന്നും ജസ്‌റ്റിസ്

കേരള സര്‍വ്വകലാശാല സെനറ്റ് കേസില്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ചാന്‍സലര്‍ പിള്ളേര് കളിക്കുകയാണെന്നും ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവര്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പ്രീതി വ്യക്തിപരമല്ലെന്നും ഗവര്‍ണറെ കോടതി ഓര്‍മ്മിപ്പിച്ചു.

സെനറ്റില്‍ നിന്നും പുറത്താക്കിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് 15 സെനറ്റംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സെനറ്റംഗങ്ങളെ പുറത്താക്കിയ ചാന്‍സലറുടെ നടപടിയോട് യോജിപ്പില്ലെന്ന് കോടതി വ്യക്തമാക്കി. ചാന്‍സലര്‍ പിള്ളേര് കളിക്കുകയാണ്. ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവര്‍ ഇങ്ങനെയല്ല പെരുമാറേണ്ടത് എന്ന് കോടതി പറഞ്ഞു.

ചാന്‍സലര്‍ക്കെതിരെ നീങ്ങുന്ന സെനറ്റംഗങ്ങളോടും യോജിപ്പില്ലന്നും കോടതി വ്യക്തമാക്കി. വി.സിയെ നിയമിക്കുന്ന കാര്യത്തില്‍ ഒരു തീരുമാനവും ആയിട്ടില്ല. വിദ്യാര്‍ത്ഥികളുടെ ഭാവിയെ കുറിച്ചാണ് കോടതിക്ക് ആശങ്കയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ഗവര്‍ണറുടെ ഉത്തരവ് കോടതി റദ്ദാക്കിയാല്‍ വി.സിയെ നിയമിക്കുന്നതിനുള്ള സെര്‍ച്ച്‌ കമ്മറ്റിയിലേക്ക് ഒരാളെ സെനറ്റ് നോമിനേറ്റ് ചെയ്യുമോ എന്ന് കോടതി ചോദിച്ചു. ഗവര്‍ണറുടെ നോട്ടിഫിക്കേഷനിലെ പ്രീതി പരാമര്‍ശത്തെയും കോടതി വിമര്‍ശിച്ചു. പ്രീതി വ്യക്തിപരമല്ലെന്നും വ്യക്തിയെ ഇഷ്ടമല്ലാത്തതിൻ്റെ പേരില്‍ പ്രീതി പിന്‍വലിക്കാനാവില്ലെന്നും ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഗവര്‍ണറെ ഓര്‍മ്മിപ്പിച്ചു. പുറത്താക്കപ്പെട്ട 15 പേരില്‍ നാലുപേര്‍ എക്‌സ് ഓഫീഷ്യോ അംഗങ്ങളാണെന്നും അവരെ ചാന്‍സലര്‍ നിയമിച്ചതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസ് വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest