Categories
Kerala news

ഓഹരി വ്യാപാരത്തിലെ നഷ്ടം നികത്താന്‍ പി.എന്‍.ബിയില്‍ നിന്ന് പണം തട്ടി; കൂട്ടുപ്രതികൾ ഇല്ലെന്ന്, പ്രതി റിജില്‍ റിമാണ്ടിൽ

രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷൻ്റെത് അടക്കം 17 അക്കൗണ്ടുകളില്‍ 21.29 കോടിയുടെ ക്രമക്കേട് നടത്തി. 12.68 കോടി രൂപ തട്ടിയ കേസില്‍ പണം തിരിമറി നടത്തിയത് ഓഹരി വ്യാപാരത്തിലുണ്ടായ നഷ്ടം നികത്താനെന്ന് പ്രതി മുന്‍ മാനേജര്‍ റിജില്‍.

ഐ.സി.ഐ.സി.ഐയില്‍ നിന്ന് ഏഴുലക്ഷം രൂപ വായ്‌പയെടുത്താണ് ഓഹരി വ്യാപാരം തുടങ്ങിയത്. നഷ്ടം നികത്താന്‍ 30 ലക്ഷം രൂപ ഹോംലോണെടുത്ത് നിക്ഷേപിച്ചു. ലോണെടുത്ത പണവും നഷ്ടപ്പെട്ടതോടെ കടം വാങ്ങിയെന്ന് റിജില്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. കടം പരിധി വിട്ടപ്പോള്‍ കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ നിന്ന് പണം തിരിമറി നടത്തി. അക്കൗണ്ടില്‍ അവശേഷിക്കുന്നത് നാലുലക്ഷം രൂപയാണെന്നും റിജില്‍ മൊഴി നല്‍കി.

തട്ടിപ്പ് ഒറ്റക്ക് നടത്തിയതാണെന്നും മറ്റാരും കൂട്ടിനുണ്ടായിരുന്നില്ലെന്നും റിജില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കേസിലെ പ്രതിയായ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്റോഡ് ശാഖ മുന്‍ സീനിയര്‍ മാനേജര്‍ നായര്‍കുഴി സ്വദേശി ഏരിമല പറപ്പാറമ്മല്‍ വീട്ടില്‍ എം.പി. റിജിലിനെ (32) ജില്ല ക്രൈംബ്രാഞ്ച് ബുധനാഴ്‌ച വൈകീട്ടാണ് അറസ്റ്റ് ചെയ്തത്.

വീടിനുസമീപം കുട്ട്യേരിമ്മലെ ബന്ധുവീട്ടില്‍ നിന്നാണ് പ്രതി പിടിയിലായത്. കോര്‍പറേഷൻ്റെ അക്കൗണ്ടുകളില്‍ നിന്ന് നഷ്ടമായ മുഴുവന്‍ തുകയും ബുധനാഴ്‌ച പി.എന്‍.ബി തിരിച്ചു നല്‍കിയതായി സെക്രട്ടറി കെ.യു ബിനി അറിയിച്ചിരുന്നു. 10,07,47,231രൂപയാണ് ലഭിച്ചത്. ബാങ്ക് ഉന്നതതല യോഗം ചേര്‍ന്ന ശേഷമാണ് കോര്‍പറേഷൻ്റെ പണം അക്കൗണ്ടില്‍ തിരിച്ചിട്ടത്.

രണ്ടാമതും പ്രിന്‍സിപ്പല്‍സ് ജില്ല സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ വ്യാഴാഴ്‌ച പരിഗണിക്കാനിരിക്കെയാണ് റിജില്‍ പിടിയിലായത്. നേരത്തേ നല്‍കിയ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. കോര്‍പറേഷൻ്റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതിന് പിന്നാലെ നവംബര്‍ 29ന് ബാങ്കിൻ്റെ നിലവിലെ സീനിയര്‍ മാനേജര്‍ സി.ആര്‍ വിഷ്ണു നല്‍കിയ പരാതിയില്‍ ടൗണ്‍ പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ തട്ടിപ്പിൻ്റെ വ്യാപ്തി വലുതാണെന്ന് കണ്ടെത്തിയതോടെ കേസിൻ്റെ തുടരന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

പ്രതി രാജ്യം വിടാതിരിക്കാന്‍ അന്വേഷണ സംഘം ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. അസി. കമീഷണര്‍ ടി.എ ആൻ്റെണിയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ സി.ഷൈജു, പവിത്രന്‍, എ.എസ്.ഐ ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്‌തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *