Categories
Kerala news

കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; പാക് ബന്ധത്തില്‍ കോടികളുടെ ഹവാല ഇടപാടെന്ന്‌ ക്രൈംബ്രാഞ്ച്

29 ജി.എസ്‌.എം ഗേറ്റ് വേ ഉപകരണളും 794 വ്യാജ സിം കാര്‍ഡുകളും പിടിച്ചെടുത്തു.

കൊച്ചി: കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുടെ മറവില്‍ നടന്നത് കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടുകളെന്ന് ക്രൈംബ്രാഞ്ച്. ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. രാജ്യത്തിൻ്റെ സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും ഭീഷണിയായ ഇടപാടുകളാണ് നടന്നത്. ചൈനീസ് കമ്പനികള്‍ നിര്‍മിച്ച സെര്‍വറുകള്‍ ഉപയോഗിച്ചു നടന്ന ഇടപാടുകളുടെ പൂര്‍ണവിവരം കണ്ടെത്താനായിട്ടില്ല. പണമിടപാടുകളെ കുറിച്ച്‌ എന്‍ഫോഴ്‌സ്മെണ്ട് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.

പ്രതികള്‍ ഉപയോഗിച്ച സെര്‍വറില്‍ ഒന്നിൻ്റെ ഐ.പി നമ്പര്‍ ലഭിച്ചതിനാലാണ് ഇത്തരം വിവരങ്ങള്‍ ലഭ്യമായതെന്നും കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റണ്ട് കമ്മീഷണര്‍ ടി.എ ആൻ്റെണി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.നാരായണന്‍ വഴിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

അഞ്ചാംപ്രതി മലപ്പുറം കിഴക്കേത്തല സ്വദേശി നിയാസ് കുറ്റശ്ശേരിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തു നല്‍കിയ റിപ്പോര്‍ട്ടിലാണ് പാകിസ്ഥാനടക്കമുള്ള വിവിധ രാജ്യങ്ങള്‍ കണ്ണികോര്‍ക്കുന്ന ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ക്ലൗഡ് സെര്‍വറും കോള്‍ റൂട്ടുകളും പ്രതികള്‍ക്ക് ലഭ്യമാക്കിയത് നിയാസ് കുറ്റശ്ശേരിയാണ്. വെര്‍ച്വല്‍ സെര്‍വര്‍ കൈകാര്യം ചെയ്തിരുന്നതും നിയാസാണ്.

അന്വേഷണ ഉദ്യോഗസ്ഥര്‍ സെര്‍വര്‍ കണ്ടെത്തി എന്ന് മനസ്സിലായതോടെ നിയാസ് 2021 ഡിസംബര്‍ ആറിന് രാജ്യം വിട്ടു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് കൊളത്തറ സ്വദേശി ജുറൈസ്, മൂരിയാട് സ്വദേശി ഷബീര്‍, പൊറ്റമ്മല്‍ സ്വദേശി കൃഷ്ണപ്രസാദ്, ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍.

കൈമാറിയത് വിദേശ കറന്‍സികളും

യു.എസ് ഡോളറും പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഒമാന്‍, യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ കറന്‍സികളും ഇത്തരത്തില്‍ കൈമാറിയിട്ടുണ്ട്. 10 കോടിയിലധികം രൂപം സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ടവര്‍ക്കായി കൈമാറിയെന്നാണ് വിവരം. കോള്‍ റൂട്ട് വാങ്ങുന്നതിനായി 23.69 ലക്ഷം രൂപ ഷബീറിൻ്റെ അക്കൗണ്ടിലേക്കും കൈമാറിയിട്ടുണ്ട്.

അന്താരാഷ്ട്ര കോളുകളെ ലോക്കല്‍ കോളുകളായി മാറ്റാന്‍ ഉപയോഗിച്ച 29 ജി.എസ്‌.എം ഗേറ്റ് വേ ഉപകരണളും 794 വ്യാജ സിം കാര്‍ഡുകളും പിടിച്ചെടുത്തു. ഒഡീഷ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ മേല്‍വിലാസങ്ങളിലാണ് സിം എടുത്തിരിക്കുന്നത്.

മലപ്പുറം, എറണാകുളം, തൃശൂര്‍, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുംബൈ, ഡല്‍ഹി, ബെംഗളൂരു, പൂനെ തുടങ്ങിയ സ്ഥലങ്ങളിലും ഇവ സജീവമാണ്. കേന്ദ്ര രഹസ്യാന്വേഷണ എജന്‍സികളുടെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ 2021 ജൂലൈ രണ്ടിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest