Categories
international news

ഹമാസ് വടക്കൻ ഗാസ വിട്ടു; ഭരണ കേന്ദ്രം ജനം കൊള്ളയടിച്ചു, പ്രധാന നേതാക്കളെ വധിച്ചെന്ന് ഇസ്രയേല്‍

ഹമാസിൻ്റെ മിസൈല്‍ ആക്രമണ സംവിധാനത്തിൻ്റെ തലപ്പത്ത് പ്രവര്‍ത്തിച്ച യാഖൂബ് അസറും കൊല്ലപ്പെട്ടു

ജറുസലേം: വടക്കൻ ഗാസയുടെ നിയന്ത്രണം ഹമാസിന് നഷ്ടമായെന്ന് ഇസ്രയേല്‍. ഹമാസിൻ്റെ ഉന്നത നേതാക്കളില്‍ പലരേയും വധിച്ചതായും ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലണ്ട് അവകാശപ്പെട്ടു. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഹമാസിന് ഗാസയുടെ നിയന്ത്രണം പൂര്‍ണമായി നഷ്ടമായെന്നും മന്ത്രി വ്യക്തമാക്കി.

ഹമാസിൻ്റെ ഗാസയിലെ ഭരണ കേന്ദ്രം ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തു. ഹമാസിൻ്റെ സുപ്രധാന കേന്ദ്രങ്ങള്‍ ജനങ്ങള്‍ കൊള്ളയടിച്ചതായും മന്ത്രി അവകാശപ്പെട്ടു. വടക്കൻ ഗാസയില്‍ നിന്നു ഹമാസ് സംഘാംഗങ്ങളില്‍ പലരും തെക്കോട്ട് പലയാനം ചെയ്യുകയാണ്. ഹമാസിൻ്റെ മുൻ ഇൻ്റെലിജൻസ് തലവൻ മുഹമ്മദ് ഖാസിമിനെ വധിച്ചു, ഹമാസിൻ്റെ മിസൈല്‍ ആക്രമണ സംവിധാനത്തിൻ്റെ തലപ്പത്ത് പ്രവര്‍ത്തിച്ച യാഖൂബ് അസറും കൊല്ലപ്പെട്ടു.

ഇസ്രയേല്‍ ടെലിവിഷൻ ചാനലുകളിലൂടെ പുറത്തു വിട്ട വീഡിയോയിലാണ് മന്ത്രിയുടെ അവകാശ വാദങ്ങള്‍. ഇതിൻ്റെ തെളിവുകളൊന്നും പക്ഷേ, അദ്ദേഹം പുറത്തു വിട്ടിട്ടില്ല.

അതിനിടെ ഗാസയിലെ അല്‍ ഷിഫ ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതായി റിപ്പോര്‍ട്ടുകള്‍. വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചു. മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ അഴുകുന്നു. മൃതദേഹങ്ങള്‍ മറവു ചെയ്യാൻ ഇസ്രയേല്‍ സൈന്യം അനുവദിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടിയന്തര ചികിത്സ വേണ്ട 600ഓളം രോഗികള്‍ മരണ മുഖത്താണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest