Categories
ഗുരുവായൂര്‍ സത്യാഗ്രഹ നവതി ആഘോഷത്തിന് തുടക്കം; ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായമാണ് ഗുവായൂര്‍ സത്യാഗ്രഹമെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്
എന്നാല്‍ ഇന്നും മനുഷ്യനെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടാകുന്നുവെന്നത് വേദനാജനകമായ സത്യമാണ്.
Trending News
കാസർകോട്: ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായമെന്ന നിലയില്‍ വായിച്ച് അടച്ചു വെയ്യക്കേണ്ട ഒന്നല്ല ഗുരുവായൂര്‍ സത്യാഗ്രം. ഇന്നും വഴികാട്ടിയായി മുന്നോട്ട് പോകാന്‍ നമ്മെ സഹായിക്കുന്ന വലിയൊരേടാണതെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് . ഗുരുവായൂര്‍ സത്യാഗ്രഹ സമര നവതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Also Read
ഗുരുവായൂര്‍ സത്യാഗ്രഹത്തിന് മാത്രമല്ല, ജാതി ജന്മി വ്യവസ്ഥകള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ മുന്നില്‍ നിന്ന് പോരാടിയ വ്യക്തിത്വമാണ് കെ. മാധവന്‍. കര്‍ഷക പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് ചുക്കാന്‍പിടിച്ച മനുഷ്യനാണ് അദ്ദേഹം. ആ വലിയ മനുഷ്യൻ്റെ ഓര്‍മ്മകള്‍ തുടിക്കുന്ന ഈ സ്മാരകം ആധുനിക കേരളത്തിൻ്റെ ഒരു ഉജ്ജ്വല പ്രതീകമാണെന്നും സ്പീക്കര്‍ പറഞ്ഞു.
കേരളത്തിലെ ജാതിവ്യവസ്ഥയെ തകര്‍ത്തെറിയുന്നതില്‍ ഗുരുവായൂര്‍ സത്യാഗ്രഹം ഉയര്‍ത്തിയ അലകള്‍ ഇന്നും അലയടിക്കുന്നുണ്ട്. ഇന്നും ദൈനംദിന ജീവിതത്തില്‍ വലിയൊരു സ്വാധീനമായി ജാതിയുണ്ട്. എന്നാല്‍ ജാതി വ്യവസ്ഥയുടെ പേരില്‍ അടിച്ചമര്‍ത്തലുകള്‍ കേരളത്തിലില്ല. നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍ ജാതി വ്യവസ്ഥ യുടെ പേരില്‍ ഇന്നും അടിച്ചമര്‍ത്തലുകള്‍ നടക്കുന്നുണ്ടെന്നത് പച്ചയായ സത്യമാണ്. ജാതിയുടെ പേരില്‍ വിവിധ ചേരികളിലായിരുന്ന ജനങ്ങളെ ഒന്നിപ്പിക്കാനായിരുന്നു ഗുരുവായൂര്‍ സത്യാഗ്രഹം.
എന്നാല്‍ ഇന്നും മനുഷ്യനെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടാകുന്നുവെന്നത് വേദനാജനകമായ സത്യമാണ്. എന്നാല്‍ എല്ലാ തരത്തിലുള്ള ഭിന്നിപ്പുകളെയും അതിജീവിച്ച് ഒരു വര്‍ഷം നീണ്ടു നിന്ന സമരത്തിനൊടുവില്‍ കര്‍ഷകര്‍ തങ്ങളുടെ സമരത്തില്‍ വിജയിച്ചതും നമ്മള്‍ കണ്ടു. ജാതിയുടെയും മതത്തിൻ്റെയും വേലിക്കെട്ടുകള്‍ തകര്‍ത്ത് മനുഷ്യരെ ഒന്നിപ്പിക്കാന്‍ കഴിയുമെന്ന പാഠം നമുക്ക് നല്‍കാന്‍ കര്‍ഷക സമരത്തിനായിയെന്നത് ഏറെ അഭിമാനകരമായ വസ്തുതയാണെന്നും സ്പീക്കര്‍ പറഞ്ഞു. ഗുരുവായൂര്‍ സത്യാഗ്രഹത്തിൻ്റെ 90ാം വാര്‍ഷികം, മുസ്ലീം ഐക്യ സംഘത്തിൻ്റെ 100ാം വാര്‍ഷികം, പുന്നപ്ര വയലാര്‍ സമരത്തിൻ്റെ 75ാം വാര്‍ഷികം, മലബാര്‍ കലാപത്തിൻ്റെ 100ാം വാര്‍ഷികം തുടങ്ങി ആധുനിക കേരള ചരിത്രത്തിലെ ഒട്ടേറെ മഹാ സംഭവങ്ങളുടെ നാഴികക്കല്ലാണ് 2021 വര്‍ഷം.
ഈഴവര്‍ തൊട്ട് താഴേയ്ക്കുള്ളവരെയെല്ലാം അടിമകളെ പോലെ കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു, മനുഷ്യരെ അടിമകളെ പോലെ വിറ്റിരുന്ന ഒരു കാലം. ജാതിയായിരുന്നു അന്നെല്ലാം സമൂഹത്തിലെ ദുരാചാരങ്ങളുടെ അടിസ്ഥാനമായി നിലനിന്നിരുന്നത്. എന്നാല്‍ എല്ലാ ഭിന്നിപ്പുകളെയും അതിജീവിച്ച് മനുഷ്യര്‍ ഒന്നായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നുള്ള പാഠമാണ് ഗുരുവായൂര്‍ സത്യാഗ്രഹം നല്‍കുന്നത്. ആ പാഠം മറക്കാതിരിക്കാന്‍ നമുക്കാവണമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
ചെമ്മട്ടംവയലിലെ ഗുവായൂര്‍ സത്യാഗ്രഹ സ്മാരക പരിസത്ത് നടന്ന ചടങ്ങില്‍ ഫൗണ്ടേന്‍ ചെയര്‍മാന്‍കൂടിയായ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷനായി. എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു, എന്‍.എ നെല്ലിക്കുന്ന്, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, നഗരസഭാ വികസന സമിതി സ്ഥിരംസമിതി അധ്യക്ഷ സി.ജാനകിക്കുട്ടി, നഗരസഭാ കൗണ്‍സിലര്‍ കെ.വി.സുശീല തുടങ്ങിയവര്‍ സംസാരിച്ചു. സപ്ലിമെന്റ് പ്രകാശനം കെ.മാധവന്‍ ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് നിര്‍വ്വഹിച്ചു. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഡോ സി.കെ ബാലന്‍ സ്വാഗതവും ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് അംഗം ബി.സുകുമാരന്‍ നന്ദിയും പറഞ്ഞു.
Sorry, there was a YouTube error.