Categories
news

വിദേശത്ത് വണ്ടിയോടിക്കാന്‍ കേരളത്തിലെ ഡ്രൈവിംഗ് ടെസ്റ്റ് പാസായാല്‍ മതി; പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത

മലപ്പുറം: ഷാര്‍ജയിലെ ഡ്രൈവിംഗ് സ്‌കൂളിന്റെ മാതൃകയില്‍ അന്താരാഷ്‌ട്ര ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ കേരളത്തിലേക്ക് എത്തിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മലപ്പുറത്തെ വേങ്ങരയിലാണ് ഈ പുതിയ സ്ഥാപനം സ്ഥാപിക്കാന്‍ കേരള സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇനി വിദേശത്ത് വാഹനം ഓടിക്കുന്നതിനായി ഈ സ്ഥാപനത്തില്‍ നിന്നും ലൈസന്‍സ് എടുത്താല്‍ മതിയാകും. ഇന്‍കെലിൻ്റെ വ്യവസായ പാര്‍ക്കിന് അടുത്തുള്ള 25 ഏക്കര്‍ സ്ഥലത്താണ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ ഉയരുക.

സ്ഥാപനത്തില്‍ ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനുമായുള്ള എല്ലാവിധ സൗകര്യങ്ങളും ഉണ്ടാകുമെന്നാണ് വിവരം. ഇവിടെ ടെസ്റ്റ് പാസായിക്കൊണ്ട് അന്താരാഷ്‌ട്ര ഡ്രൈവിംഗ് ലൈസന്‍സ് കൈക്കലാക്കാന്‍ സാധിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യാനും ഇതുമൂലം കഴിയുന്നതാണ്. ഷാര്‍ജാ സര്‍ക്കാരിന് മുന്നില്‍ കേരളം ഉന്നയിച്ച പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്നായിരുന്നു ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍. മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിംഗ് ആന്‍ഡ് റിസേര്‍ച്ചിനായിരിക്കും ട്രെയിനിംഗ് സെൻ്ററിൻ്റെ നടത്തിപ്പ് ചുമതല.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇതിനായി, ഷാര്‍ജയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി മേല്‍നോട്ടം വഹിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ അധികം താമസിയാതെ തന്നെ സര്‍ക്കാര്‍ ഒപ്പിടും. ഇന്ത്യയില്‍ ആദ്യമായി വരുന്ന ഈ സംരംഭത്തിനായുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest