Categories
news

എല്ലാ വെല്ലുവിളികളെയും നേരിട്ട് തന്നെ സര്‍ക്കാര്‍ മുന്നോട്ട് പോകും; പ്രതിപക്ഷം തീക്കളി നിർത്തിയില്ലെങ്കില്‍ ജനം പാഠം പഠിപ്പിക്കും; കോടിയേരി ബാലകൃഷ്ണൻ

സ്വപ്‍ന ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ കളിപ്പാവയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. സ്വപ്ന പറയുന്നത് വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ്.

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസിൻ്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി രാജിവെക്കുകയാണ് അവരുടെ ആവശ്യമെന്നും കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു.

ഇന്ത്യയില്‍ എപ്പോയെങ്കിലും ഒരു മുഖ്യമന്ത്രി വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ അക്രമിക്കപ്പെട്ടിട്ടുണ്ടോയെന്നും വിമാനത്തില്‍ പോലും യാത്ര ചെയ്യാന്‍ സമ്മതിക്കില്ല എന്ന് വന്നാല്‍ മുഖ്യമന്ത്രിയ്ക്ക് സുരക്ഷ നല്‍കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. എൽ.ഡി.എഫ് ബഹുജന സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരളത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച സര്‍ക്കാര്‍ എന്തിന് രാജിവെക്കണം. കേരളത്തില്‍ യു.ഡി.എഫിന് നടപ്പാക്കാന്‍ സാധിക്കാത്തത് എല്‍.ഡി.എഫ് നടപ്പാക്കുകയാണ്. അതുകൊണ്ടാണ് അവര്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവര്‍ത്തിച്ച് പറയുന്നത്. എണ്ണിയാലൊടുങ്ങാത്ത വികസനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതെല്ലാം അട്ടിമറിക്കാനുള്ള ശ്രമം ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കും,’ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സംസ്ഥാനത്തെ സമാധാനം തകർക്കുകയാണ് പ്രതിപക്ഷത്തിൻ്റെ ലക്ഷ്യമെന്നും തീക്കളി നിർത്തിയില്ലെങ്കില്‍ ജനം പാഠം പഠിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. സ്വപ്‍ന ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ കളിപ്പാവയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. സ്വപ്ന പറയുന്നത് വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ്. നേരത്തെ പറയുന്ന കാര്യം തന്നെ അവർ ആവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്തപ്പഴത്തിൽ സ്വർണം കടത്തി എന്നും ഖുർആനിൽ സ്വർണം കടത്തി എന്നും ആദ്യം പറഞ്ഞു. ഇപ്പോൾ ബിരിയാണി ചെമ്പിൽ സ്വർണം കടത്തി എന്ന് പറയുന്നു ഇതിൽ എന്ത് വസ്തുതയാണുള്ളതെന്നും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കുന്ന രീതിയിൽ ഉള്ള ദുഷ്പ്രചാരണമാണ് ഇപ്പോൾ കോൺഗ്രസും ബി.ജെ.പിയും ആസൂത്രണം ചെയ്ത് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *