Categories
മത്സ്യബന്ധന ബോട്ടുകളില്‍ നിരീക്ഷണം, കേരളമുൾപ്പെടെയുള്ള യാത്രാ കേന്ദ്രങ്ങളിൽ പരിശോധന; ഭരണകൂടം ലക്ഷദ്വീപിൽ ഏർപ്പെടുത്തിയ കൂടുതൽ നിയന്ത്രണം അറിയാം
Trending News
കൊച്ചി: ലക്ഷദ്വീപിലെ പ്രതിഷേധങ്ങള്‍ക്ക് സുരക്ഷയുടെ പേരില്‍ മൂക്ക് കയറിടാന്‍ ഒരുങ്ങി ദ്വീപ് ഭരണകൂടം. ദ്വീപിലെ പ്രാദേശിക മത്സ്യ ബന്ധനബോട്ടുകളെ നിരീക്ഷിക്കാനാണ് പുതിയ ഉത്തരവ്. ഇതനുസരിച്ച് മത്സ്യബന്ധന ബോട്ടുകളില്‍ രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കണം.
Also Read
സുരക്ഷയുടെ പേരില്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കുകയാണ് ചെയ്യുന്നത്. ദ്വീപുകളിലേക്ക് എത്തുന്ന ഉരു, മറ്റ് പാസഞ്ചര്‍ വെസലുകള്‍ എന്നിവയിലും കര്‍ശന പരിശോധന നടത്തണം. കൊച്ചിക്കു പുറമെ ബേപ്പൂര്‍, മംഗലാപുരം എന്നിവടങ്ങളിലും യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണം. ലഗേജുകള്‍ അടക്കം പരിശോധിക്കാന്‍ പ്രത്യേക സംവിധാനം വേണമെന്നും ഉത്തരവിലുണ്ട്. വാര്‍ഫുകള്‍, ഹെലിപ്പാഡ് എന്നിവിടങ്ങളില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ ഒരുക്കാനും ഭരണകൂടം നിര്‍ദ്ദശം നല്കിയിട്ടുണ്ട്.
അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങള്‍. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ എന്നപേരില്‍ ഇറങ്ങിയിട്ടുള്ള മറ്റൊരു ഉത്തരവിലും വിവാദം ആകുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൊതു ഇടങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ ഓല, തേങ്ങയുടെ തൊണ്ട്, ചകിരി എന്നിവ ഉപേക്ഷിക്കരുതെന്നും തേങ്ങ റോഡില്‍ കൂട്ടിയിടാന്‍ പാടില്ലെന്നുമാണ് നിര്‍ദേശം. ഇതുവരെ തുടര്‍ന്ന് വന്ന രീതികള്‍ ഇനി അനുവദിക്കില്ല എന്ന് തന്നെയാണ് പുതിയ ഉത്തരവ് വ്യക്തമാക്കുന്നത്. ഇതിനെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.
അതിനിടെ തിങ്കളാഴ്ച നടക്കുന്ന നിരാഹാരത്തിന് എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ ലഭിച്ചതായി സേവ് ലക്ഷദ്വീപ് ഫോറം വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെയുള്ള പ്രക്ഷോഭം സംബന്ധിച്ച് സേവ് ലക്ഷദീപ് കൈക്കൊണ്ട തീരുമാനങ്ങള്‍ ദ്വീപ് നിവാസികള്‍ക്ക് കൈമാറി. എല്ലാ ദ്വീപുകളിലും രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി പഞ്ചായത്ത് സാമൂഹിക സംസ്കാരിക വിദഗ്ധരെ ഉള്‍പ്പെടുത്തി ഉപദേശകസമിതി എന്നിവ രൂപീകരിച്ചിട്ടുണ്ട്.
ഉപദേശകസമിതിയുടെ നിയന്ത്രണത്തിന് ദ്വീപിന് ഉള്ളിലും പുറത്തുനിന്നുമുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി. കേന്ദ്ര ഉപദേശകസമിതിയും ലക്ഷദ്വീപ് ബാര്‍ അസോസിയേഷൻ്റെ നേതൃത്വത്തില്‍ ദ്വീപിലെയും വന്‍കരയിലെയും മുതിര്‍ന്ന അഭിഭാഷകരെ ഉള്‍പ്പെടുത്തിയുള്ള നിയമ സെല്‍ എന്നിവ രൂപീകരിക്കാനും ശ്രമം നടക്കുകയാണ്. ഫോറത്തിൻ്റെ മേല്‍നോട്ടത്തില്‍ സമൂഹമാധ്യമത്തില്‍ പേജും രൂപീകരിച്ചിട്ടുണ്ട് .
അതിനിടെ ദ്വീപില്‍ മൃഗസംരക്ഷണ വകുപ്പിൻ്റെ മേല്‍നോട്ടത്തില്‍ സ്വകാര്യ പൗള്‍ട്രി ഫാം തുടങ്ങിയിട്ടുണ്ട് എന്നും പറയപ്പെടുന്നു. അഗത്തിദ്വീപിലാണ് ഫാം ആരംഭിച്ചിട്ടുള്ളത്. എന്നാൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരായ പ്രമേയം കേരള നിയമസഭ പാസാക്കിയത് ദ്വീപ് നിവാസികൾക്ക് ആശ്വാസം പകരുന്നുണ്ട്. പ്രഫുല്‍ പട്ടേലിനെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമാണ് പ്രമേയത്തില്‍ കേരളം ആവശ്യപ്പെട്ടിരിക്കുകയാണ്.
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൻ്റെ യും അവിടത്തെ ജനങ്ങളുടെയും സവിശേഷതകള്‍ സംരക്ഷിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ടെന്ന് പ്രമേയത്തില്‍ പറയുന്നു. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിത രീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പറേറ്റ് താല്‍പര്യങ്ങളും അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിനെതിരായി ദ്വീപില്‍ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകള്‍ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികളും ലക്ഷദ്വീപിലുണ്ടായിട്ടുണ്ട്. പൊതുവേ സമാധാനപരമായി ജീവിക്കുകയും അതിഥികളെ സ്‌നേഹിക്കുകയും ചെയ്യുന്ന രീതിയാണ് ലക്ഷദ്വീപ് നിവാസികൾക്കുള്ളത്. പുതിയ അഡ്മിനിസ്ട്രേറ്റരുടെ വരവും കാവിവൽക്കരണവും ദ്വീപ് നിവാസികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
Sorry, there was a YouTube error.