Categories
business local news

നികുതി വെട്ടിപ്പ്: ചരക്ക് സേവന നികുതി വകുപ്പ് പരിശോധന കര്‍ശനമാക്കും; ജി.എസ്.ടി ഇന്റലിജന്‍സ് സജീവം

ചരക്ക് കടത്ത് പരിശോധിക്കുവാനുള്ള ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ അധികാരം ജി.എസ്.ടി. നിയമത്തില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

സ്വര്‍ണം അടക്കമുള്ള ഉത്പന്നങ്ങളുടെ നികുതി വെട്ടിപ്പ് തടയാന്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി ചരക്ക് സേവന നികുതി വകുപ്പ്. നികുതി വെട്ടിപ്പ് പരിശോധിക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ലെന്ന തരത്തിലുള്ള പത്രവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. സാധന സേവനങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ അതിലെ നികുതി വെട്ടിപ്പ് തടയാന്‍ രൂപീകരിച്ച അന്വേഷണ വിഭാഗമാണ് സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ്.

സ്പഷ്ടമായ നിയമവും, ചട്ടവും അനുസരിച്ചാണ് ജി.എസ്.ടി ഇന്റലിജന്‍സിൻ്റെ പ്രവര്‍ത്തനം. ചരക്ക് കടത്ത് പരിശോധിക്കുവാനുള്ള ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ അധികാരം ജി.എസ്.ടി. നിയമത്തില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഇതിലേക്കായി അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തി ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നികുതി വെട്ടിച്ചുള്ള ചരക്ക് കടത്ത് ജി.എസ്.ടി വകുപ്പ് 129, 130 പ്രകാരം പരിശോധിക്കുവാനും നിയമപരമായ നടപടിയെടുക്കാനും ജി.എസ്.ടി. വകുപ്പിന് അധികാരമുണ്ട്.

സ്വര്‍ണം, അടയ്ക്ക, പ്ലൈവുഡ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി നികുതിവെട്ടിച്ച് കടത്തുന്നുവെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ജി.എസ്.ടി. ഇന്റലിജന്‍സ് വിഭാഗം പരിശോധന കര്‍ശനമാക്കിയിരുന്നു. വാഹനങ്ങളിലും അല്ലാതെയും നികുതി വെട്ടിച്ചുള്ള സ്വര്‍ണക്കടത്ത് അടുത്തകാലത്ത് വ്യാപകമാണ്.

നികുതി വെട്ടിപ്പ് നടത്താന്‍ ഇടയുണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളെയോ വ്യക്തികളെയോ നിരീക്ഷിക്കുന്നത് ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ നിയമപരമായ ഔദ്യോഗിക ചുമതലയാണ്. വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങി പരിശോധന തടസ്സപ്പെടുത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇവര്‍ കര്‍ശനമായ ക്രിമിനല്‍ നടപടികളടക്കം നേരിടേണ്ടി വരുമെന്നും വകുപ്പ് അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *