Categories
Kerala national news

സ്വര്‍ണക്കടത്ത് കേസ്; വിചാരണ ബംഗളുരുവിലേക്ക് മാറ്റണമെന്ന ഇ.ഡി ഹര്‍ജിയെ കേരള സര്‍ക്കാര്‍ എതിര്‍ക്കും

കേസ് മാറ്റണമെങ്കില്‍ എതിര്‍കക്ഷികളുടെ വാദവും പരിഗണിക്കണം

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാട് കേസിൻ്റെ വിചാരണ ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ ആശങ്കയോടെ കേരള സര്‍ക്കാര്‍. വിചാരണ ബംഗളുരുവിലേക്ക് മാറ്റണമെന്ന ഇ.ഡി ഹര്‍ജിയെ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ക്കും. ഇ.ഡി കേസില്‍ സര്‍ക്കാര്‍ കക്ഷിയല്ലെങ്കിലും ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയുമെന്ന നിയമ ഉപദേശത്തിൻ്റെ അടിസ്ഥാനത്തിൽ ആണിത്.

കേരളത്തിന് പുറത്തേക്ക് വിചാരണ മാറ്റണമെന്ന് ഇ.ഡിക്ക് ആവശ്യപ്പെടാമെങ്കിലും ചെെന്നെയോ ഹൈദരാബാദോ പരിഗണിക്കാതെ, ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയിലേക്കു തന്നെ മാറ്റണമെന്ന ആവശ്യത്തില്‍ ദുരൂഹതയുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

സാമ്പത്തിക കുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതിയില്‍ നിന്നു വിചാരണ മാറ്റുന്നത് സംസ്ഥാന ഏജന്‍സികളുടെ അന്വേഷണത്തിന് തടസമാകുമെന്ന് സര്‍ക്കാര്‍ വാദിക്കും. പ്രതികള്‍ക്ക് കേസ് സംബന്ധമായി ബംഗളുരുവിലേക്ക് താമസം മാറ്റേണ്ടിവരുന്നതും കേരളത്തിലെ അന്വേഷണത്തിന് തടസമാണ്.

പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, എം. ശിവശങ്കര്‍ എന്നിവരാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍. ഇവരില്‍ ശിവശങ്കര്‍ ഉന്നത സര്‍ക്കാർ ഉദ്യോഗസ്ഥനാണ്. കേസ് കേരളത്തില്‍ വിചാരണ ചെയ്താല്‍ സാക്ഷികളെ സ്വാധീനിച്ച്‌ അട്ടിമറിക്കുമെന്ന ആശങ്കയാണ് ഇ.ഡി ഉന്നയിക്കുന്നത്. എന്നാല്‍, ബംഗളുരുവിലേക്കു തന്നെ വിചാരണ മാറ്റണമെന്ന ആവശ്യം അംഗീകരിക്കാൻ ആവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ബി.ജെ.പി സര്‍ക്കാരാണ് കര്‍ണാടക ഭരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഏജന്‍സി കേസിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുമെന്ന ആശങ്കയുമുണ്ട്.

കക്ഷികള്‍ക്കെല്ലാം നോട്ടീസയച്ച്‌ വാദം കേട്ട ശേഷമാകും ഇ.ഡിയുടെ അപേക്ഷ സുപ്രീം കോടതി തീര്‍പ്പാക്കുക. പ്രതികളായ സ്വപ്‌നയും സരിത്തും വിചാരണക്കോടതി മാറ്റുന്നതിനെ എതിര്‍ക്കാനിടയില്ല. എന്നാല്‍, ശിവശങ്കറും സന്ദീപും എതിര്‍പ്പറിയിക്കാനാണ്‌ സാധ്യത.

ഹര്‍ജിയില്‍ വാദം തുടങ്ങിയ ശേഷം, കോടതിയുടെ നിലപാട് വിലയിരുത്തിയാകും സര്‍ക്കാര്‍ നീക്കം. കേസ് മാറ്റണമെങ്കില്‍ എതിര്‍കക്ഷികളുടെ വാദവും പരിഗണിക്കണം. വിചാരണക്കോടതി മാറ്റം സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരേ വിജിലന്‍സും ക്രൈംബ്രാഞ്ചും പോലീസും വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്. പ്രതികള്‍ ബംഗളുരുവിലേക്ക് മാറുന്നത് കേരളത്തിലെ കോടതി നടപടികളെ ബാധിക്കുമെന്നും സര്‍ക്കാര്‍ വാദിക്കും.

0Shares

1 reply on “സ്വര്‍ണക്കടത്ത് കേസ്; വിചാരണ ബംഗളുരുവിലേക്ക് മാറ്റണമെന്ന ഇ.ഡി ഹര്‍ജിയെ കേരള സര്‍ക്കാര്‍ എതിര്‍ക്കും”

മടിയിൽ കനമുണ്ട് 😃😃😃😃😃

Leave a Reply

Your email address will not be published. Required fields are marked *