Categories
പോരാട്ട വഴികളിലെ സമരനായകര്‍ക്ക് ആദരം; സ്വാതന്ത്ര്യ സമര സേനാനികളായ കെ. വി നാരായണനെയും കെ.എം.കെ നമ്പ്യാരെയും ആദരിച്ചു
രാജ്യത്തിൻ്റെ ഒരു തരിമണ്ണുപോലും വിദേശികള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനമായിരുന്നു ഗോവന്‍ വിമോചന സമരം.
Trending News
കാസർകോട്: ഗോവ വിമോചന കാലഘട്ടത്തിലെയും പിന്നിട്ട സമരവീഥികളിലെയും ഉജ്ജ്വലമായ ഏടുകള്‍ കെ. വി നാരായണനും കെ.എം.കെ നമ്പ്യാരും ഓര്‍ത്തെടുക്കുന്നത് ഇന്നലെ കഴിഞ്ഞതുപോലെയാണ്. പതിറ്റാണ്ടുകള്‍ക്ക് സാക്ഷ്യം വഹിച്ച ഇരുവരിലും അന്നത്തെ ആവേശവും പോരാട്ട വീര്യവും വറ്റിയിട്ടില്ല. രാജ്യം സ്വതന്ത്രമായതിൻ്റെ 75 വര്‍ഷം പിന്നിട്ടതിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ചാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിച്ചത്.
സ്മരണകളില്‍ വീണ്ടും സമരാവേശം നിറച്ച് കെ.വി.നാരായണന്‍; സബ്കളക്ടര്‍ ഡി ആര്‍ മേഘശ്രീ ആദരിച്ചു
പുഴ കടന്ന് ഗോവയിലെത്തിയ ഞങ്ങളെ പോര്‍ച്ചുഗീസ് പോലീസ് വെടി വച്ച് ഭയപ്പെടുത്തി. അടിച്ചു പരുക്കേല്‍പ്പിച്ചു. കനത്ത മഴയും ഉണ്ടായിരുന്നു. ഞങ്ങള്‍ ഒരു കത്തീഡ്രല്ലിന് മുന്‍പില്‍ ഒരുമിച്ച് കൂടി. കുടിക്കാന്‍ വെള്ളം പോലും തന്നില്ല. ചോദിച്ചപ്പോള്‍ അടിയായിരുന്നു. കഠിനമായ മര്‍ദനമാണ് ഏല്‍ക്കേണ്ടി വന്നത്. പറങ്കികളെ തുരത്താന്‍ ഗോവയിലെത്തിയ മലയാളികളില്‍ മുന്‍പനായ കെ.വി.നാരായണൻ്റെ സ്മരണകളില്‍ വീണ്ടും സമരാവേശം നിറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും നെഹ്‌റു ആര്‍ട്‌സ് ആന്റ്് സയന്‍സ് കോളേജ് എന്‍എസ്എസ് യൂണിറ്റിൻ്റെ സഹകരണത്തോടെ നടത്തിയ സ്വാതന്ത്ര്യ പോരാളികളെ ആദരിക്കല്‍ ചടങ്ങിലാണ് ജ്വലിക്കുന്ന സ്വാതന്ത്ര്യസമര ഓര്‍മകള്‍ അദ്ദേഹം വീണ്ടും പങ്കുവച്ചത്. രാജ്യത്തിൻ്റെ ഒരു തരിമണ്ണുപോലും വിദേശികള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനമായിരുന്നു ഗോവന്‍ വിമോചന സമരം. ക്രൂര പീഡനത്തിൻ്റെ കഥയടക്കം അദ്ദേഹം സദസ്സുമായി പങ്കുവച്ചു.
സബ്കലക്ടര്‍ ഡി.ആര്‍.മേഘശ്രീ ചടങ്ങ് ഉദ്ഘാടനം ചെയ്ത് കെ. വി നാരായണനെ ആദരിച്ചു. നിഷ്ഠൂരമായ മര്‍ദ്ദനങ്ങളെ അതിജീവിച്ചാണ് കെ. വി നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗോവ വിമോചന സമരം നയിച്ചത്. സ്വാതന്ത്ര സമരം നയിച്ച നേതാക്കളുടേയും വിമോചനത്തിനായി വീര ത്യാഗം ചെയ്തവരുടെയും ഉജ്വല സ്മരണകള്‍ വരും തലമുറകള്‍ക്ക് കരുത്തുപകരാനാകുമെന്നും സബ്കലക്ടര്‍ ഡി.ആര്‍.മേഘശ്രീ പറഞ്ഞു. ചരിത്രകാരന്‍ പ്രൊഫസര്‍ കെ.പി.ജയരാജന്‍ സ്വാതന്ത്ര്യ സമരസേനാനി കെ.വി.നാരായണനെ പരിചയപ്പെടുത്തി.
കെ.വി.നാരായണനെ പരിചയപ്പെടുത്തുക വഴി ഒരു കാലഘട്ടത്തെയാണ് പരിചയപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ.വി.മുരളി അധ്യക്ഷത വഹിച്ചു. എന്‍.എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ വി.വിജയകുമാര്‍ , എന്‍.ഡി.ബിജു, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനന്തു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന്‍ സ്വാഗതവും എന്‍.എസ്എസ് വളണ്ടിയര്‍ സെക്രട്ടറി നക്ഷത്ര നന്ദിയും പറഞ്ഞു.
രാജ്യത്തിന് വേണ്ടി പോരാടാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്ന് കെ.എം.കെ നമ്പ്യാര്‍
ഓര്‍മകള്‍ ഇടമുറിയുന്നുണ്ടെങ്കിലും പഴയ സമരപോരാട്ട നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കെ.എം. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ക്ക് എളുപ്പമാണ്. ഇന്ത്യന്‍ സൈന്യത്തില്‍ ക്യാപ്റ്റനായി വിരമിച്ച കെ.എം.കെ നമ്പ്യാര്‍ ഗോവ വിമോചന സമരത്തിൻ്റെ ഭാഗമായി കാസര്‍കോട് നിന്ന് ഗോവയിലേക്ക് പുറപ്പെട്ടവരില്‍ ഒരാളായിരുന്നു. ഗോവന്‍ അതിര്‍ത്തിയില്‍ കൊടിയ മര്‍ദ്ദനങ്ങള്‍ക്കിരയായ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി എല്ലാവരും നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ജില്ലാ ഇന്‍ഫന്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് കളക്ടടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ക്യാപ്റ്റന്‍ കെ.എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാരെ ജില്ലാ കളക്ടര്‍ ആദരിച്ചു. നിരവധി പോരാളികള്‍ രാജ്യത്തിന് വേണ്ടി പോരാടി നേടിയതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും അതിൻ്റെ മഹത്വം എല്ലാവരും തിരിച്ചറിയണമെന്നും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു.
എ.ഡി.എം എകെ രമേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. റിട്ടയേര്‍ഡ് എ.ഇ.ഒ കെ. വി രാഘവന്‍ മാസ്റ്റര്‍ കെ.എം.കെ നമ്പ്യാരെ പരിചയപ്പെടുത്തി. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ പി. അഖില്‍, കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ജി. സുരേഷ് ബാബു, എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ. കെ നിധീഷ് നന്ദിയും പറഞ്ഞു.
Sorry, there was a YouTube error.