Categories
Kerala local news news

റോഡ് അറ്റകുറ്റപ്പണിക്ക് വ്യാജ ടാർ ബിൽ ഹാജരാക്കിയ കേസ്; കരാറുകാരന് നാല് വർഷം കഠിനതടവും പിഴയും

പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം കൂടി തടവ് അനുഭവിക്കണം

കാസർകോട്: ജില്ലാ പഞ്ചായത്ത് റോഡ് അറ്റകുറ്റപ്പണിക്ക് വ്യാജ ടാർ ബിൽ ഹാജരാക്കി ക്രമക്കേട് കാണിച്ചെന്ന കേസിൽ ഒന്നാം പ്രതിയായ കരാറുകാരന് വിവിധ വകുപ്പുകളിലായി നാല് വർഷം കഠിനതടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചെങ്കള ചാമ്പലം റോഡ് റിയാബ് മൻസിലിലെ സി.മുഹമ്മദ് റഫീഖിനെയാണ് (43) കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം കൂടി തടവ് അനുഭവിക്കണം. ഇതേ കേസിൽ രണ്ടാംപ്രതി എറണാകുളം മൂവാറ്റുപുഴ എൻ.ജി.ഒ ക്വാർട്ടേഴ്‌സിന് സമീപത്തെ പൊട്ടായി കണ്ടത്തിൽ പി.ബി കബീർ ഖാന് (59) കഴിഞ്ഞ ഒക്ടോബർ 31ന് എട്ട് വർഷം കഠിനതടവും 20000 രൂപ പിഴയും വിധിച്ചിരുന്നു. കോടതി മുഹമ്മദ് റഫീഖിനെയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും, അന്ന് ഹാജരാകാത്തതിനാൽ പ്രത്യേക കേസായി മാറ്റി വെച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.

മുഹമ്മദ് റഫീഖിനെ സഹായിച്ചെന്നതായിരുന്നു കബീർ ഖാനെതിരെയുള്ള കുറ്റം. തുടർന്ന് ഒന്നാംപ്രതി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദ്ദേശ പ്രകാരം ഡിസംബറിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങുകയും ജാമ്യം അനുവദിക്കുകയും ചെയ്തു.

കഴിഞ്ഞ 19ന് വീണ്ടും കേസ് പരിഗണിച്ച കോടതി ശിക്ഷ വിധിച്ചു. ശിക്ഷ അഞ്ചു വർഷത്തിൽ കുറവായതിനാൽ ഇതേ കോടതി തന്നെ ജാമ്യം അനുവദിച്ചു. ഇതേ കുറ്റത്തിന് എട്ട് വർഷം ശിക്ഷ ലഭിച്ച രണ്ടാംപ്രതിക്ക് ഇതോടെ ശിക്ഷ ഇളവിന് സാധ്യതയേറി. 11 വർഷം മുമ്പ് റജിസ്റ്റർ ചെയ്ത കേസിലാണ് വിധി പുറപ്പെടുവിച്ചത്. 2003 സെപ്റ്റംബറിനും 2018 ഡിസംബർ മാസത്തിനും ഇടയിൽ ചെങ്കള- ചേരൂർ റോഡ് അറ്റകുറ്റപ്പണിക്ക് ടാർ ഉപയോഗിച്ചതിൽ കൃത്രിമം കാട്ടി എന്നതാണ് കേസ്. ജില്ലാ പഞ്ചായത്ത് 9.40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് റോഡ‍ിന് തയാറാക്കിയിരുന്നത്. ഇതിനേക്കാൾ കുറഞ്ഞ തുകയ്ക്കാണ് റഫീഖ് കരാർ ഏറ്റെടുത്തത്.

തദ്ദേശ സ്ഥാപനങ്ങളുടെ റോ‍ഡ് പണിക്ക് ആവശ്യമായ ടാർ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും വാങ്ങണമെന്നാണ് ചട്ടം. പക്ഷേ ഇതിന് വിരുദ്ധമായി മറ്റെവിടെ നിന്നോ ടാർ വാങ്ങി ഉപയോഗിക്കുകയും കൊച്ചി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ ബിൽ വ്യാജമായി നിർമിച്ച് ജില്ലാ പഞ്ചായത്ത് ഓഫിസിൽ ഹാജരാക്കുകയും ചെയ്തെന്നാണ് കേസ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *