Categories
local news

ജില്ലാ വികസന സമിതി യോഗം: പദ്ധതികള്‍ക്ക് ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യുഭൂമിയിലെ വനഭൂമി നല്‍കണം

എം. എല്‍ .എ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് അനുമതി നല്‍കുന്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ഇ.ചന്ദ്രശേഖരന്‍ എം. എല്‍. എ

കാസര്‍കോട്: വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കായി മരങ്ങള്‍ മുറിച്ചു നീക്കേണ്ടിയും വനഭൂമി ഏറ്റെടുക്കേണ്ടിയും വരുന്ന സാഹചര്യത്തില്‍ പകരമായി റവന്യൂ ഭൂമിയില്‍ ഉള്‍പ്പെടുന്ന കാവുള്‍പ്പെടെയുള്ള വനഭൂമി വനംവകുപ്പിന് നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ നിര്‍ദേശിച്ചു. റവന്യുഭൂമിയിലെ വനം വനംവകുപ്പിന് കൈമാറിയാല്‍ സംരക്ഷിക്കപ്പെടും. ബേഡകത്തെ മൃഗസംരക്ഷണ വകുപ്പിന്‍റെ ആടുഫാമിന്‍റെ നിര്‍മ്മാണത്തിനായി പദ്ധതി പ്രദേശത്ത് മരങ്ങള്‍ മുറിച്ചു മാറ്റേണ്ടതുണ്ട്.

എത്രയും വേഗം സ്ഥല പരിശോധന നടത്തി കാലതാമസമില്ലാതെ മുറിക്കേണ്ട മരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കി തുടര്‍നടപടികള്‍ സ്വീകരിക്കണം. ഇവിടുത്തെ അക്കേഷ്യാ മരങ്ങള്‍ മുറിച്ചു മാറ്റി പ്രവര്‍ത്തനം തുടങ്ങാമെന്നും ജില്ലാ ട്രീ കമ്മിറ്റി യോഗം ചേര്‍ന്ന് വിവിധ പദ്ധതികള്‍ക്കായി മരങ്ങള്‍ മുറിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കണമെന്നും യോഗം നിര്‍ദേശിച്ചു.

പാസഞ്ചര്‍ ട്രെയിനുകള്‍ക്കായി കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന ചന്തേര റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ക്ക് കത്ത് അയക്കും.

കാസര്‍കോട് പുലിക്കുന്നിലെ ആര്‍.ഡി.ഒ കോംപ്ലക്സ് നിര്‍മ്മാണത്തില്‍ സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാനും വികസന സമിതി യോഗം നിര്‍ദേശിച്ചു. ഒക്‌ടോബര്‍ ഏഴിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

വിവിധ പദ്ധതികളിലേക്കായി ആസ്തി വികസന ഫണ്ടില്‍ നിന്നുള്‍പ്പെടെ ലഭ്യമാക്കുന്ന തുക കൃത്യമായി വിനിയോഗിച്ച് പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷത വഹിച്ചു.

മുളിയാറിലെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ കരാര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് വേഗത്തില്‍ പ്രവൃത്തി ആരംഭിക്കണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. പുനരധിവാസ ഗ്രാമത്തിനായി നേരത്തെ അനുവദിച്ച തുകയില്‍ ഉള്‍ക്കൊള്ളിച്ച പുതിയ എസ്റ്റിമേറ്റ് പ്രകാരം നിര്‍മാണമേറ്റെടുത്ത യു.എല്‍.സി.സി.എസുമായി കരാര്‍ ഒപ്പുവെക്കാമെന്ന് നിര്‍വഹണോദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമില്ലാത്ത മഞ്ചേശ്വരം താലൂക്കില്‍ ഗവ. പോളിടെക്നിക് അനുവദിക്കേണ്ടതിന്‍റെ ആവശ്യകത എ.കെ.എം.അഷ്റഫ് എം.എല്‍.എ ചൂണ്ടിക്കാട്ടി. കുമ്പള ഐ.എച്ച്.ആര്‍.ഡി കോളേജിന്‍റെ പുതിയ കെട്ടിടത്തിന്‍റെ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും എം.എല്‍.എ പറഞ്ഞു.

മുളിയാര്‍ സി.എച്ച്.സിയില്‍ വിമുക്തി കേന്ദ്രം ആരംഭിക്കുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പും എക്‌സൈസ് വകുപ്പും ഇതിന് ആവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കണം. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള ചെമ്മനാട് ഉള്‍പ്പടെയുള്ളകുടിവെള്ള പദ്ധതികളുടെ സ്ഥലമേറ്റടുക്കല്‍ നടപടികള്‍ക്ക് കാലതാമസമുണ്ടാകരുതെന്ന് എം.എല്‍.എ പറഞ്ഞു.

എം. എല്‍ .എ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് അനുമതി നല്‍കുന്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ഇ.ചന്ദ്രശേഖരന്‍ എം. എല്‍. എ പറഞ്ഞു. അഞ്ചു കോടി രൂപ അനുവദിച്ച കല്ലപ്പള്ളി-കമ്മാടി റോഡ് പ്രവൃത്തി ആരംഭിക്കണമെന്നും എം.എല്‍.എ പറഞ്ഞു. അജാനൂര്‍, മീനാപ്പീസ് റോഡ് ഓവുചാല്‍ മണല്‍ നീക്കം ചെയ്യുന്നതിന് നടപടിയുണ്ടാകണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. കാര്‍ഷിക വിളകളെ ബാധിക്കുന്ന രോഗങ്ങള്‍ കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്നതിനാല്‍ കൃഷി ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണം
നീലേശ്വരം -എടത്തോട് റോഡ് പ്രവൃത്തിയുടെ ഭാഗമായി നീലേശ്വരം നഗരത്തില്‍ കെട്ടിടങ്ങളുടെ മൂല്യനിര്‍ണയം നടത്തുന്നതും ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളും ഉടന്‍ ആരംഭിക്കണമെന്ന് എം.രാജഗോപാലന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

ജലജീവന്‍ മിഷന്‍റെ ഭാഗമായുള്ള ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന കാലതാമസം പരിഹരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. എം.എല്‍.എ ഫണ്ട് വിനിയോഗം ഇഴഞ്ഞ് നിങ്ങുന്നത് നീതികരിക്കാന്‍ കഴിയുന്നതല്ലെന്നും അതിലെ ജാഗ്രതക്കുറവ് പരിഹരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.


ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ച സാഹചര്യത്തില്‍ കളക്ടറേറ്റില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് പുനസ്ഥാപിക്കണമെന്ന സ്റ്റാഫ് കൗണ്‍സില്‍ ആവശ്യത്തെ ജനപ്രതിനിധികള്‍ അനുകൂലിച്ചു.

ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.എസ്.മായ നടപടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ഡി.എം. എ.കെ. രമേന്ദ്രന്‍, ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേരിട്ടും ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *