Categories
local news

കാസര്‍കോട് ജില്ലയിൽ അഞ്ച് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കി; വോട്ടെണ്ണൽ മെയ് രണ്ടിന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും

വോട്ടെണ്ണലിന് മുന്നോടിയായി ഓൺലൈൻ സജ്ജീകരണങ്ങൾ വിലയിരുത്താനും ഉദ്യോഗസ്ഥർക്ക് പരിശീലനത്തിനുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഡ്രൈ റണ്ണും ഡ്രസ് റിഹേഴ്‌സലും നടത്തും.

കാസര്‍കോട്: മെയ് രണ്ടിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് ജില്ലയിൽ അഞ്ച് കേന്ദ്രങ്ങൾ സജ്ജമാക്കി. മഞ്ചേശ്വരം മണ്ഡലത്തിന്‍റെ വോട്ടെണ്ണൽ കുമ്പള ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. കാസർകോട്-കാസർകോട് ഗവ. കോളജ്, ഉദുമ-പെരിയ ഗവ. പോളിടെക്‌നിക് കോളജ്, കാഞ്ഞങ്ങാട്-നെഹ്‌റു കോളജ്, പടന്നക്കാട്, തൃക്കരിപ്പൂർ-തൃക്കരിപ്പൂർ ഗവ. പോളിടെക്‌നിക് കോളജ് എന്നിവയാണ് മറ്റ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ.

ഒരു കേന്ദ്രത്തിൽ നാല് ഹാളുകൾ വീതം ഉണ്ടാവും. ഒരു ഹാളിൽ ഏഴ് മേശകൾ വോട്ടെണ്ണലിന് ഒരുക്കും. പോസ്റ്റൽ ബാലറ്റിന് പ്രത്യേക കൗണ്ടിംഗ് ഹാൾ ഉണ്ടാവും. മെയ് രണ്ടിന് രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. വരണാധികാരിയുടെ ചുമതലയിലാണ് വോട്ടെണ്ണൽ നടക്കുക. ഓരോ റൗണ്ട് വോട്ടെണ്ണലിന്‍റെ ഫലവും വരണാധികാരി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറിൽ പബ്ലിഷ് ചെയ്താൽ അത് നേരിട്ട് വെബ്‌സൈറ്റിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാവും വിധമാണ് സജ്ജീകരണം. https://results.eci.gov.in/ എന്ന ഇലക്ഷൻ റിസൽട്ട്‌സ് പോർട്ടലിലാണ് ട്രെൻഡുകളും ഫലവും തൽസമയം ലഭ്യമാവുക. വോട്ടർ ഹെൽപ്‌ലൈൻ ആപ്പിലും ഫലം ലഭിക്കും.

വോട്ടെണ്ണലിന് മുന്നോടിയായി ഓൺലൈൻ സജ്ജീകരണങ്ങൾ വിലയിരുത്താനും ഉദ്യോഗസ്ഥർക്ക് പരിശീലനത്തിനുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഡ്രൈ റണ്ണും ഡ്രസ് റിഹേഴ്‌സലും നടത്തും.
വോട്ടെണ്ണൽ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും ഉദ്യോഗസ്ഥർക്ക് ഓൺലൈനായി പരിശീലനം നൽകി. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുത്തു. വോട്ടെണ്ണലിന്‍റെ വിവിധ ഘട്ടങ്ങൾ, ഇലക്‌ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം എന്നിവ സംബന്ധിച്ച് പരിശീലനം നൽകി.

0Shares

Leave a Reply

Your email address will not be published. Required fields are marked *