Categories
news

സാമ്പത്തിക തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതം’; സി.പി.എം മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നു: കുമ്മനം

മിസോറാം ഗവർണറായിരിക്കെ കുമ്മനം ശബരിമലയിൽ ദേവ പ്രശ്നസമയത്ത് എത്തിയപ്പോൾ ഇത് സംബന്ധിച്ച് ചർച്ച നടത്തിയെന്നും പരാതിയിൽ പറയുന്നു.

സാമ്പത്തിക തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്ന് കുമ്മനം ആരോപിച്ചു. പ്രതിയാക്കാന്‍ തക്ക തെളിവുകളൊന്നും പരാതിയില്‍ ഇല്ലെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സി.പി.എം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ ഉദ്യേഗസ്ഥനും ഇതില്‍ പങ്കാളിയാകുകയാണ്. കമ്പനിയുടെ പണം ഇടപാടിനെ കുറിച്ച് അറില്ലെന്ന് കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു. പ്രതിയാക്കാനുള്ള എന്ത് തെറ്റാണ് ചെയ്തത് എന്ന് അറിയില്ല. പരാതിക്കാരൻ ഹരികൃഷ്ണനെ കുറെ നാളായി പരിചയമുണ്ട്. എന്നാല്‍, പണമിടപാടുകളെ കുറിച്ച് അറിയില്ല. ഇടപാടുകളെ സംബന്ധിച്ച് ചർച്ച നടന്നില്ലെന്നും കുമ്മനം പറഞ്ഞു. കമ്പനി തുടങ്ങുന്ന കാര്യം പരാതിക്കാരൻ പറഞ്ഞിട്ടുണ്ട്. സംരഭത്തെ പ്രോത്സാഹിപ്പിച്ചിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ പണം ഇടപാട് അറിയില്ല. പരാതി സംബന്ധിച്ച് പൊലീസും ഒന്നും അറിയിച്ചിട്ടില്ല.

രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പൊലീസും രാഷ്ട്രീയ ഇടപെടലുകൾ നടത്തുകയാണെന്നും നേതാക്കളെ കരിവാരി തേക്കാനുള്ള സി.പി.എമ്മിന്‍റെ ശ്രമത്തെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറന്മുള പുത്തേഴത്ത് ഇല്ലത്ത് സി. ആർ ഹരികൃഷണന്‍റെ പരാതിയിലാണ് ആറന്മുള പൊലീസ് കുമ്മനം രാജശേഖരനെതിരെ കേസെടുത്തത്.

പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമ്മിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്ന് വാഗദാനം ചെയ്ത് മുപ്പത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. കുമ്മനം രാജശേഖരന്‍റെ മുൻ പി.എ പ്രവീൺ വി. പിള്ളയാണ് കേസിൽ ഒന്നാം പ്രതി. കുമ്മനം രാജശേഖരൻ കേസിൽ നാലാം പ്രതിയാണ്. ബി.ജെ.പി എൻ.ആർ.ഐ സെൽ കൺവീനർ എൻ. ഹരികുമാർ അടക്കം ഒൻപത് പേരെ പ്രതി ചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഒന്നാം പ്രതിയായ പ്രവീണാണ് പരാതിക്കാരനെ സംരഭത്തിലേക്ക് പണം നിക്ഷേപിക്കാൻ നിർബന്ധിച്ചത്. കുമ്മനത്തിന്‍റെ പി.എ എന്ന് പരിചയപ്പെടുത്തിയാണ് പ്രവീൺ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത്. ഇത് പ്രകാരമാണ് ഹരികൃഷ്ണൻ പണം നിക്ഷേപിച്ചത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സമയത്താണ് ഇത് സംബന്ധിച്ച് ആദ്യ കൂടിക്കാഴ്ച നടന്നത്. ജോത്സ്യൻ കൂടിയായ പരാതിക്കാരൻ ശബരിമല ദേവപ്രശ്നത്തിൽ പങ്കെടുത്തിരുന്നു. മിസോറാം ഗവർണറായിരിക്കെ കുമ്മനം ശബരിമലയിൽ ദേവ പ്രശ്നസമയത്ത് എത്തിയപ്പോൾ ഇത് സംബന്ധിച്ച് ചർച്ച നടത്തിയെന്നും പരാതിയിൽ പറയുന്നു. കമ്പനിയുടെ പേരിൽ കൊല്ലങ്കോട് കാനറ ബാങ്ക് ശാഖയിൽ തുടങ്ങിയ അക്കൗണ്ടിൽ 30 ലക്ഷത്തിലധികം രൂപ പരാതിക്കാരൻ നിക്ഷേപിച്ചു.

എന്നാൽ ഷെയർ സർട്ടിഫിക്കറ്റ് ചോദിച്ചപ്പോൾ സാങ്കേതിക തടസങ്ങൾ പറഞ്ഞ് സർട്ടിഫിക്കേറ്റ് നൽകിയില്ലെന്നുമാണ് പരാതി. സംരഭം തുടങ്ങാതായപ്പോൾ ഹരികൃഷണൻ പണം തിരികെ ആവശ്യപ്പെട്ടു. തുടർന്ന് നാല് ലക്ഷത്തിൽപ്പരം രൂപ തിരികെ നൽകി. ബാക്കി പണം കിട്ടാതെ വന്നപ്പോഴാണ് ഹരികൃഷ്ണൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതും ആറന്മുള സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതും.

0Shares

Leave a Reply

Your email address will not be published. Required fields are marked *